ജില്ലയിൽ സി.പി.ഐയിൽ കൊഴിഞ്ഞുപോക്ക്; ഒരു വർഷത്തിനിടെ പാർട്ടി വിട്ടത് ആയിരത്തോളം അംഗങ്ങൾ
text_fieldsതൃശൂർ: സി.പി.ഐയുടെ ശക്തികേന്ദ്രമായ തൃശൂർ ജില്ലയിൽ അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ 836 അംഗങ്ങൾ കൊഴിഞ്ഞുപോയി. 2023ൽ പാർട്ടിയുടെ കണക്കു പ്രകാരം തൃശൂരിൽ 18,663 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. അത് ഈ വർഷം 17,827 ആയി കുറഞ്ഞു. തൃശൂരിൽ മാത്രമല്ല, എല്ലാ ജില്ലകളിലും അണികൾ കുറഞ്ഞിട്ടുണ്ട് എന്നായിരുന്നു ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജിന്റെ മറുപടി. മറ്റു ജില്ലകളെ അപേക്ഷിച്ച് സി.പി.ഐയുടെ ശക്തികേന്ദ്രമാണ് തൃശൂർ ജില്ല. സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമൻ റവന്യൂമന്ത്രി കെ. രാജൻ, അഞ്ച് എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, തൃശൂർ കോർപറേഷനിൽ നിർണായക സ്ഥാനം എന്നീ അധികാരങ്ങളിൽ പാർട്ടി സജീവമായി തുടരുമ്പോഴും അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് പാർട്ടി നേതൃത്വത്തിന് ക്ഷീണമായിട്ടുണ്ട്.
അടുത്തിടെ, സി.പി.എം, കോൺഗ്രസ് പാർട്ടികൾ വിട്ട് കുറച്ചുപേർ സി.പി.ഐയിൽ ചേക്കേറിയിരുന്നു. ആ അംഗസംഖ്യ കൂടി പരിഗണിച്ചില്ലായിരുന്നെങ്കിൽ കൊഴിഞ്ഞുപോക്കിലെ എണ്ണം വീണ്ടും ഗണ്യമായി നിഴലിച്ചുനിന്നേനെ. ജൂലൈ 10ന് ഇരിങ്ങാലക്കുടയിൽ നടക്കുന്ന ജില്ല സമ്മേളനത്തിൽ അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് കാര്യമായ ചർച്ചകൾക്ക് വഴിവെക്കും.
തുടർഭരണം നേതൃനിരയിലുള്ളവരെ പാർലമെന്ററി വ്യാമോഹികളാക്കിമാറ്റിയെന്ന് രൂക്ഷമായ അഭിപ്രായങ്ങൾ അണികളിൽനിന്ന് ഉയരുന്നുണ്ട്. ലോക്സഭയിലെ പാർട്ടി സ്ഥാനാർഥി വി.എസ്. സുനിൽ കുമാറിന്റെ കനത്ത തോൽവി, സംഘ്പരിവാർ ആസൂത്രിതമായി പൂരംകലക്കിയിട്ട് നടപടി ഇല്ലാത്തത്, തൃശൂർ കോർപറേഷനിൽ കോൺഗ്രസ് വിമതനായിരുന്ന മേയർക്കുവേണ്ടി തുടർച്ചയായി വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നത്, മേയറുടെ തുടർച്ചയായ ബി.ജെ.പി അനുകൂല നിലപാടുകൾ തുടങ്ങി വിവിധ വിഷയങ്ങളിൽ പാർട്ടി അണികൾ കടുത്ത നിരാശയിലാണ്.
അധികാരസ്ഥാനങ്ങളിൽ തുടരുന്നതിനായി നേതാക്കൾ പാർട്ടിനിലപാടുകൾക്ക് വിരുദ്ധമായി വിട്ടുവീഴ്ചകൾക്ക് തയാറാകുന്നു എന്നാണ് പാർട്ടി അനുഭാവികൾ ആരോപിക്കുന്നത്. പാർട്ടിയിൽനിന്ന് ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞുപോക്കിനെ നേതൃത്വം ഗൗരവത്തിൽ കാണുന്നില്ല എന്ന പരാതിയും സജീവമാണ്.
സംഘ്പരിവാർ സംഘടനകളോട് എൽ.ഡി.എഫ് ഭരണകൂടം രാഷ്ട്രീയേതര അനുഭാവം പുലർത്തുന്നത് പാർട്ടിയുടെ അടിത്തട്ട് തകർക്കുമെന്ന് ഒരു വിഭാഗം തുറന്നുസമ്മതിക്കുന്നു. അടുത്തയാഴ്ച നടക്കുന്ന ജില്ല സമ്മേളനത്തിൽ ഇവയൊക്കെ ഇഴകീറി ചർച്ചക്ക് വരും എന്നാണ് അറിയുന്നത്. സി.പി.ഐക്ക് ജില്ലയില്‍ 1114 ബ്രാഞ്ചുകളും 124 ലോക്കല്‍ കമ്മിറ്റികളും 15 മണ്ഡലം കമ്മിറ്റികളും ജില്ല കൗണ്‍സിലും ഉൾപ്പെടെ 1254 ഘടകങ്ങളാണുള്ളത്. ജില്ല കൗൺസിലിൽ 52 പേരാണുള്ളത്. ജില്ലയിലെ 17,827 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധാനംചെയ്ത് 362 പ്രത്യേക ക്ഷണിതാക്കളും 21 ക്ഷണിതാക്കളും ഉള്‍പ്പെടെ 395 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

