കുടിവെള്ളം മുടങ്ങിയിട്ട് ഒരുമാസം; വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറെ വളഞ്ഞ് വീട്ടമ്മമാർ
text_fieldsകുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് വീട്ടമ്മമാർ ജല അതോറിറ്റി അസി. എൻജിനീയറെ ഓഫീസിൽ കയറി വളഞ്ഞപ്പോൾ
വാടാനപ്പള്ളി: കുടിവെള്ള വിതരണം മുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ വാട്ടർ അതോറിറ്റി അസി. എൻജിനീയറെ ഓഫീസിൽ കയറി വളഞ്ഞ് വീട്ടമ്മമാരുടെ പ്രതിഷേധം. നടുവിൽക്കര പാലം പരിസരത്തെ കുടുംബങ്ങളാണ് വാർഡ് അംഗം റെജിന രാജുവിന്റെ നേതൃത്വത്തിൽ സഹികെട്ട് സമരരംഗത്ത് ഇറങ്ങിയത്. തളിക്കുളം കച്ചേരിപ്പടിയിലെ ജല അതോറിറ്റി ഓഫിസിൽ ബുധനാഴ്ചയായിരുന്നു പ്രതിഷേധം.
പാലത്തിന് തെക്ക് പടിഞ്ഞാറ് ഭാഗത്താണ് കുടിവെള്ളക്ഷാമം രൂക്ഷം. മാസങ്ങളായി കനോലി പുഴയുടെ തീരദേശത്ത് താമസിക്കുന്ന 23 കുടുംബങ്ങൾ കടുത്ത കുടിവെള്ളക്ഷാമം നേരിടുകയാണ്. മുറവിളിയെ തുടർന്ന് മുൻ പഞ്ചായത്തംഗം സി.എം. നിസാറിന്റെ സഹായത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥർ 150 മീറ്ററോളം പൈപ്പ് സ്ഥാപിച്ചിരുന്നു. ഈ ടാപ്പുകളിലൂടെ ലഭിച്ചിരുന്ന കുടിവെള്ളം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുടങ്ങിയതാണ് നാട്ടുകാരെ വലച്ചത്. മാസങ്ങളായി കുടിവെള്ളത്തിന് നട്ടം തിരിയുകയാണെന്നും 650 രൂപ ചിലവാക്കിയാണ് ടാങ്ക് വെള്ളം വാങ്ങി ഉപയോഗിക്കുന്നതെന്നും വീട്ടമ്മമാർ ഉദ്യോഗസ്ഥയെ ധരിപ്പിച്ചു. പ്രതിഷേധ വിവരമറിഞ്ഞ് വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഐ.എൻ സുധീഷ്, പഞ്ചായത്ത് അംഗം എം.എസ്. സുജിത്ത്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസാർ, സി.പി.എം. നേതാക്കളായ കെ.എ വിശ്വംഭരൻ, ഷാജുദ്ദീൻ, കെ. കെ. അനിൽകുമാർ എന്നിവരും സ്ഥലത്ത് എത്തി. പരിഹാരം കണ്ടില്ലെങ്കിൽ പിരിഞ്ഞു പോകില്ലെന്നും കുത്തിയിരിക്കുമെന്നും വീട്ടമ്മമാർ തറപ്പിച്ചു പറഞ്ഞു. പൈപ്പ് പൊട്ടിയതാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണമെന്നും ഇതുമാറ്റി കുടിവെള്ള വിതരണം ആരംഭിച്ചതായും അടുത്ത ദിവസത്തിനുള്ളിൽ വെള്ളം എത്തിയില്ലെങ്കിൽ പരിശോധന നടത്തി തടസം നീക്കി വെള്ളം എത്തിക്കുമെന്ന ഉദ്യോഗസ്ഥയുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
മിനി സുധർമ്മൻ, ധന്യ, നസീറ, സജിനി, കബീർ എന്നിവർ സമരത്തിന് നേതൃത്വം നൽകി. പുഴയോര മേഖലയിലെ കിണറുകളിൽ ഉപ്പുവെള്ളമായതിനാൽ പ്രദേശവാസികൾ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമെല്ലാം ജല അതോറിറ്റി ടാപ്പിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കാറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

