തുള്ളിവെള്ളമില്ലാതെ തളിക്കുളം
text_fieldsതളിക്കുളം ഹൈസ്കൂളിനടുത്ത് ദേശീയപാതയുടെ നിർമാണത്തിന് കാനക്കായി കുഴിച്ചതോടെ
പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകുന്നു
തളിക്കുളം: പുതിയ ദേശീയപാതയുടെ പ്രവൃത്തിക്കായി കുഴിച്ചപ്പോൾ പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകുന്നതോടെ തളിക്കുളം ഹൈസ്കൂളിനടുത്ത് കളപ്പുരക്കൽ ക്ഷേത്രപരിസത്ത് 21 ദിവസമായി കുടിവെള്ളക്ഷാമം രൂക്ഷം.
പ്രദേശവാസികൾ ദുരിതത്തിൽ. കരാർ കമ്പനി പണിക്കാരുടെ അശ്രദ്ധയും അലക്ഷ്യമായ പ്രവൃത്തിയും കാരണമാണ് കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകുന്നത്. ദേശീയപാതയുടെ കാന പണിയുടെ ഭാഗമായി മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് കുഴിച്ചപ്പോഴാണ് പൈപ്പ് പൊട്ടിയത്. മൂന്നാഴ്ചയായി വെള്ളം ഒഴുകുകയാണ്.
നിലവിൽ ഒരാഴ്ച ഇടവേളകളിൽ വെള്ളം ലഭ്യമാകുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ വെള്ളംകുടി മുട്ടിയ അവസ്ഥയാണ്. പൊട്ടിയ പൈപ്പ് നന്നാക്കാനായി നാട്ടുകാർ കരാറുകാരെ സമീപിക്കുപ്പോൾ ജല അതോറിറ്റി ഉദ്യോഗസ്ഥരാണ് നന്നാക്കേണ്ടതെന്നും ജല അതോറിറ്റി ഉദ്യോഗസ്ഥരെ സമീപിക്കുമ്പോൾ കരാറുകാരാണ് നന്നാക്കേണ്ടതെന്നും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്. ദേശീയപാതയിലെ പണിക്കാർ വെള്ളത്തിന് പരിസരത്തെ വീട്ടുകാരെയാണ് ആശ്രയിച്ചിരുന്നത്.
പൊട്ടിയ പൈപ്പ് നന്നാക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന നാട്ടുകാരെ ഭീഷണിപ്പെടുത്തുകയാണെന്നും നാട്ടുകാർ പറയുന്നു. പണി നടക്കുമ്പോൾ പൈപ്പുകൾ പൊട്ടാതെ മുൻകരുതൽ എടുക്കുന്നതിനോ പൊട്ടിയ പൈപ്പുകൾ യഥാസമയം നന്നാക്കുന്നതിനോ കരാർ കമ്പനി തയാറാകാത്തതുമൂലം നിത്യവും ധാരാളം വെള്ളം പാഴാവുകയാണ്. പ്രസ്തുത വിഷയത്തിൽ ജില്ല ഭരണകൂടത്തിന്റെ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

