മൂന്നുവർഷമായി വാട്ടർ അതോറിറ്റിയുടെ വെള്ളമില്ല; ചേറ്റുവ തീരദേശത്ത് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി
text_fieldsചേറ്റുവ തീരദേശ മേഖലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടത് അന്വേഷിക്കാനെത്തിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തുന്നു
ചേറ്റുവ: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ചേറ്റുവ തീരദേശ പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം തടസ്സപ്പെട്ടത് അന്വേഷിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥ സംഘം എത്തി.
മൂന്നുവർഷത്തോളമായി തീരദേശ പ്രദേശത്തും പരിസരപ്രദേശങ്ങളിലും വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം തടസ്സപ്പെട്ടത് ചൂണ്ടിക്കാട്ടി അഡ്വ. പി.ടി. ഷീജിഷ് മുഖേന സാമൂഹിക പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തിരുന്നു.
പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികാരികൾക്ക് പരാതി നൽകിയിട്ടും പരിഹാരം കാണാത്തതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ഹൈകോടതി വാട്ടർ അതോറിറ്റി ഉദ്യാഗസ്ഥർക്ക് ഇതു സംബന്ധമായി നോട്ടീസ് നൽകിയിരുന്നു.
ഇതേതുടർന്നാണ് വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വിന്നി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ലിറ്റി, അസിസ്റ്റന്റ് എൻജിനീയർ ഷാലി എന്നിവർ സ്ഥലത്തെത്തി പരാതിക്കാരനുമായി കൂടിക്കാഴ്ച നടത്തി പരിശോധന നടത്തിയത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കുഴിച്ചതിനാൽ ഈ ഭാഗത്ത് പൈപ്പുകൾ വ്യാപകമായി തകർന്നിരുന്നു.
ടാപ്പുകളിൽ കുടിവെള്ളം വരാതായതോടെ ചേറ്റുവ മേഖലയിലുള്ളവർ കുടിവെള്ളത്തിന് വലയുകയായിരുന്നു. ലത്തീഫ് ഹൈകോടതിയെ സമീപിച്ചതോടെ വാട്ടർ അതോറിറ്റി ഉേദ്യാഗസ്ഥർക്ക് പുറമെ ജില്ല കലക്ടർ, ഏങ്ങണ്ടിയൂർ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് പ്രിൻസിപ്പൽ ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ദേശീയപാത പദ്ധതി ഡയറക്ടർ എന്നിവർക്കും ഹൈകോടതി നോട്ടീസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

