കാൽനൂറ്റാണ്ട് മുമ്പ് സർക്കാർ നൽകിയത് 15 സെന്റും രണ്ട് ലക്ഷവും; ഡോ. ചുമ്മാർ ചൂണ്ടലിന് സ്മാരകമായില്ല
text_fieldsഡോ. ചുമ്മാർ ചൂണ്ടൽ ഫോക് ലോർ സെന്ററിന് രാമവർമപുരത്ത് അനുവദിച്ച ഭൂമി കാടുപിടിച്ച് കിടക്കുന്നു
തൃശൂർ: നാടൻ കലാ ഗവേഷകനായിരുന്ന ഡോ. ചുമ്മാർ ചൂണ്ടലിന് തൃശൂരിൽ സ്മാരകം പണിയാൻ സംസ്ഥാന സർക്കാർ 15 സെന്റ് സ്ഥലം നൽകിയത് 1999ലായിരുന്നു. കെട്ടിടം പണിയാൻ രണ്ട് ലക്ഷം രൂപയും അനുവദിച്ചിരുന്നു. കാൽ നൂറ്റാണ്ടിലെത്തിയിട്ടും കേരളത്തിന് നാടൻ കലാ ഗവേഷണ മേഖലക്ക് നിർണായക സംഭാവന നൽകിയ ചുമ്മാർ ചൂണ്ടലിന് സ്മാരകം ഉയർന്നില്ല.
അതിനായി അവസാനം വരെ പരിശ്രമിച്ച ചുമ്മാർ ചൂണ്ടലിന്റെ സഹോദരൻ ഡോ. സി.ടി. ജോസും ആ സ്വപ്നം യാഥാർഥ്യമാകാതെ കഴിഞ്ഞ ദിവസം നിര്യാതനായി. രംഗകലാ ഗവേഷകനും ഭാഷാധ്യാപകനും ആയിരുന്ന ചുമ്മാർ ചൂണ്ടൽ തൃശൂർ സെന്റ് തോമസ് കോളജിലെ മലയാളവിഭാഗം തലവനായിരുന്നു. 1994ലായിരുന്നു മരണം.
അദ്ദേഹത്തിന്റെ വിദ്യാർഥികളും അഭ്യുദയകാംക്ഷികളും നാടൻ കലാ സ്നേഹികളും ചേർന്ന് 1995ലാണ് ഡോ. ചുമ്മാർ സ്മാരക ഫോക് ലോർ സെന്റർ സ്ഥാപിച്ചത്. 1999ൽ റവന്യൂ മന്ത്രി കെ.ഇ. ഇസ്മായിലാണ് രാമവർമപുരം ആകാശവാണിയോട് ചേർന്ന 15 സെന്റ് ഫോക് ലോർ സെന്ററിനായി പതിച്ചുനൽകാൻ തീരുമാനിച്ചത്.
വിൽവട്ടം പഞ്ചായത്ത് കെട്ടിടം പണിയാൻ അംഗീകാരം നൽകി. ഇതിനിടെ സ്ഥലം തൃശൂർ കോർപറേഷന്റെ പരിധിയിലായി. അവിടെ കെട്ടിടം പണിയാൻ സാങ്കേതികതടസ്സം വന്നു. കന്നുകാലി മേച്ചിൽപുറം എന്നത് റവന്യൂ ഭൂമിയാക്കി പുനർനിശ്ചയിക്കണമെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു. ഇതിനിടെ നിർമാണത്തിന് അനുവദിച്ച തുക ചെലവഴിക്കാത്തതിനാൽ നഷ്ടമായി.
2019ൽ സ്ഥലം അനുവദിക്കാൻ അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ട് കോർപറേഷൻ സെക്രട്ടറിക്ക് റവന്യൂ വകുപ്പ് കത്ത് നൽകി. കോർപറേഷൻ അധികൃതർ വിസമ്മതിച്ചില്ലെങ്കിലും നാളിതുവരെയായി ഒരിഞ്ച് മുന്നോട്ടുപോയിട്ടില്ല. ഇക്കാലയളവിനിടെ ഡോ. ചുമ്മാർ ചൂണ്ടൽ സ്മാരക ഫോക് ലോർ സെന്റർ ഭാരവാഹികൾ മാറിമാറി വന്നു.
അനുവദിച്ച സ്ഥലം കാടുപിടിച്ചു. ചുറ്റുവേലി കെട്ടിയിരുന്നത് പൊളിഞ്ഞുതുടങ്ങി. ഡോ. സി.ടി. ജോസ് ഏറെക്കാലം സമിതി ഭാരവാഹിയായിരുന്നു. അദ്ദേഹം അവസാനം വരെ സ്മാരകം യാഥാർഥ്യമാവാനായി പരിശ്രമിച്ചെങ്കിലും നടന്നില്ല.
കോർപറേഷന് സ്ഥലം വിട്ടുതരാമെന്നും ഏറ്റെടുത്ത് കെട്ടിടം പണിത് ഡോ. ചുമ്മാർ ചൂണ്ടലിന്റെ സ്മാരകം യാഥാർഥ്യമാക്കണമെന്നുമാണ് ആവശ്യമെന്ന് സ്മാരക സമിതി സെക്രട്ടറി വിൻസെന്റ് പുത്തൂർ പറഞ്ഞു. ഇക്കാര്യം കോർപറേഷനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

