കാളക്കല്ലിൽ അപകടക്കെണിയായി സ്ലാബില്ലാത്ത കാന
text_fieldsപാലപ്പിള്ളി -ആമ്പല്ലൂര്‍ റോഡിലെ പുളിഞ്ചുവട് -കാളക്കല്ല്
ഭാഗത്ത് അപകടക്കെണിയായ കാന
ആമ്പല്ലൂര്‍: പാലപ്പിള്ളി -ആമ്പല്ലൂര്‍ റോഡിലെ പുളിഞ്ചുവട് -കാളക്കല്ല് ഭാഗത്ത് കാനക്ക് സ്ലാബില്ലാത്തത് അപകടങ്ങള്‍ക്കിടയാക്കുന്നതായി പരാതി. പൊതുമരാമത്ത് റോഡിലെ കാനയില്‍ സ്ലാബിടാന്‍ അനുവദിച്ച തുക തീര്‍ന്നതോടെ പണി പാതിവഴിയില്‍ ഉപേക്ഷിച്ചതാണ് കാരണം.
2021ല്‍ പൊതുമരാമത്ത് വകുപ്പ് 20 ലക്ഷം അടങ്കലിലാണ് റോഡിലെ കാന സ്ലാബിടാന്‍ തുടങ്ങിയത്. അനുവദിച്ച തുകക്ക് കോണ്‍ക്രീറ്റ് സ്ലാബ് വിരിച്ചിട്ടും പലയിടത്തും കാന തുറന്നുകിടക്കുകയാണ്.
മെക്കാര്‍ഡം ടാറിട്ട റോഡിന്റെ വീതികുറഞ്ഞ ഭാഗമായതിനാല്‍ ഒരുവശം പൂര്‍ണമായി സ്ലാബിട്ട് നടപ്പാതയായും മറുവശത്ത് വാഹനങ്ങള്‍ കയറ്റാന്‍ പറ്റുന്ന വിധത്തില്‍ സ്ലാബിടാനുമായിരുന്നു കരാര്‍. എന്നാല്‍, സ്ലാബുകള്‍ അകലത്തിലിട്ടതിനാല്‍ വാഹനങ്ങള്‍ക്ക് കയറാനാവാത്ത സ്ഥിതിയാണ്. പ്രവൃത്തി പൂര്‍ത്തീകരിച്ച ഭാഗത്തെ സ്ലാബുകള്‍ ഇളകിക്കിടക്കുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്.
മൂടാത്ത കാനക്ക് സമീപത്തുകൂടി ബൈക്ക് യാത്രക്കാരും വഴിയാത്രക്കാരും ഭീതിയോടെയാണ് പോകുന്നത്. ഇവിടെ ഒരേസമയം രണ്ട് ദിശയില്‍നിന്ന് വലിയ വാഹനങ്ങള്‍ വന്നാല്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ജനുവരിയില്‍ നിര്‍മാണം നിലച്ച പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

