സ്ത്രീധന പീഡനം: യുവതിയും മകളും നാലു ദിവസമായി വീട്ടുമുറ്റത്ത്
text_fieldsഭർത്താവിന്റെ വീടിന്റെ മുറ്റത്ത് കഴിയുന്ന ഷെറീനയും മകളും
മുതലമട (പാലക്കാട്): സ്ത്രീധന പീഡനത്തിനിരയായ യുവതിയും മകളും നാലു ദിവസമായി ഭർത്താവിന്റെ വീട്ടുമുറ്റത്ത് കഴിയുന്നു. തൃശൂർ പെരിങ്ങോട്ടുകര വടക്കുമുറി അമ്പലത്തു സെയ്ദ് മുഹമ്മദിന്റെ മകളും പറക്കുളമ്പ് അമാനുല്ല ഷായുടെ ഭാര്യയുമായ ഷെറീനയും (38) മകൾ അഫീഫയും (ഒമ്പത്) ആണ് വീട്ടുമുറ്റത്ത് കഴിയുന്നത്. ബുധനാഴ്ചയാണ് ഇവരെ മുറ്റത്താക്കി ഗേറ്റും വീടിന്റെ വാതിലും അടച്ചുപൂട്ടി ഭർതൃവീട്ടുകാർ പോയത്.
2008 ആഗസ്റ്റ് 28ന് വിവാഹിതരായ അമാനുല്ലയും ഷെറീനയും എട്ടുവർഷം ഭർതൃവീട്ടിൽ ഒന്നിച്ച് താമസിച്ചിരുന്നു. തുടർന്ന് സ്ത്രീധന പീഡനങ്ങളാൽ ഷെറീന തൃശൂരിലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. സ്ത്രീധന പീഡനത്തിന് പരിഹാരം വേണമെന്നും സ്ത്രീധനമായി നൽകിയ 51 പവനും ഒരു ലക്ഷം രൂപയും തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് തൃശൂർ അയ്യന്തോളിലെ കുടുംബ കോടതിയിൽ കേസ് നൽകി. കേസ് ആറുവർഷമായി നടക്കുന്നുണ്ടെങ്കിലും കോടതിയിൽ ഭർത്താവ് ഹാജറായിട്ടില്ല.
ഇതുകാരണം പരിഹാരം വൈകുന്നതിനാൽ ഷെറീന ഭർത്താവിന്റെ വീട്ടിലേക്കുതന്നെ വരുകയായിരുന്നു. എന്നാൽ, ഭർത്താവിന്റെ ബന്ധുക്കൾ മർദിച്ച് പുറത്താക്കിയതായി ഷെറീന പറഞ്ഞു. തുടർന്ന് വീടിന്റെ വാതിലുകൾ പൂട്ടിയ ഭർതൃവീട്ടുകാർ വളപ്പിന് പുറത്തേക്ക് പോകാൻ നിർബന്ധിച്ചെങ്കിലും ഷെറീന സമ്മതിച്ചില്ല. അതോടെ ഗേറ്റ് അടച്ചുപൂട്ടി ഭർതൃവീട്ടുകാർ പോവുകയായിരുന്നു.
ബുധനാഴ്ച മുതൽ നാല് ദിവസമായി വീടിന്റെ മുറ്റത്താണ് ഇവർ കഴിയുന്നത്. കൊല്ലങ്കോട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഭർത്താവ് അമാനുല്ലക്ക് (43) എതിരെ കേസെടുത്തു. വൈദ്യുതിയുണ്ടെങ്കിലും സ്വിച്ചുകൾ വീടിന്റെ അകത്തായതിനാൽ ഇരുട്ടിലാണ് ഷെറീനയും മകളും കഴിയുന്നത്.
ശിശുക്ഷേമ സമിതി പ്രവർത്തകർ ഇടപെട്ട് കുഞ്ഞിനെയും മാതാവിനെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ ശ്രമം നടത്തിയെങ്കിലും പുറത്തിറങ്ങാൻ ഷെറീന തയാറാവുന്നില്ലെന്ന് കൊല്ലങ്കോട് പൊലീസ് പറഞ്ഞു. നീതി ലഭിക്കുന്നതുവരെ പൂട്ടിയിട്ട വീടിന്റെ മുറ്റത്ത് കഴിയുമെന്ന തീരുമാനത്തിലാണ് ഷെറീന. ഭക്ഷണവും വെള്ളവും ബന്ധുക്കളാണ് എത്തിച്ചുകൊടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

