സ്ത്രീധന പീഡനം: ഭർത്താവും അയൽവാസിയും അറസ്റ്റിൽ
text_fieldsതൃശൂർ: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസിൽ ഭർത്താവും അയൽവാസിയും അറസ്റ്റിൽ. എറണാകുളം മുളന്തുരുത്തി തലക്കോട് ഐ.ടി.സി സ്കൂളിന് സമീപം പള്ളത്തുപറമ്പിൽ രാഗേഷ് (22), തലക്കാട് ഐ.ടി.സി സ്കൂളിന് സമീപം കാവിൽപറമ്പിൽ വീട് അമൃത (അമ്മു -28) എന്നിവരെയാണ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെയാണ് മൂന്ന് വർഷം മുമ്പ് രാഗേഷ് വിവാഹം ചെയ്തത്. വിവാഹത്തിന് കൊടുത്ത സ്വർണാഭരണങ്ങൾ മുഴുവൻ ഭർത്താവും ഭർത്താവിന്‍റെ അമ്മയും കൂടി എടുത്തുവെന്നാണ് പരാതി. കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർത്താവും ഭർത്താവിന്‍റെ അമ്മയും ചേർന്ന് ദേഹോപദ്രവം ഏൽപിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പറയുന്നു.
ഈ മാസം ഒന്നിന് ഭർത്താവിന്‍റെ അമ്മ ശ്യാമളയും അയൽവാസിയായ അമൃതയും കൂടി പെൺകുട്ടിയെ ബലമായി പിടിച്ചുനിർത്തി തലമുടി മുണ്ഡനം ചെയ്യുകയും ഇവരുടെ പ്രവൃത്തികൾ യുവതിയെ മാനസിക വിഭ്രാന്തിയിലാക്കുകയും ചെയ്തുവെന്നുമാണ് പൊലീസ് കേസ്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.പി. ജോയിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ രാജൻ, പൊലീസുകാരായ ബിനീഷ്, ലിഷ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

