ആനയുടമയുടെ വാദം പൊളിച്ച് രേഖകൾ; ഗുജറാത്തിലേക്ക് കൊണ്ടുപോകാൻ സർക്കാറിന് നൽകിയ അപേക്ഷ പുറത്ത്
text_fieldsതൃശൂർ: കൊമ്പൻ ഊട്ടോളി പ്രസാദിനെ ഏകപക്ഷീയമായി ഏറ്റെടുത്തത് നാടുകടത്താനാണെന്ന ആരോപണമുന്നയിച്ച ഉടമ ഊട്ടോളി കൃഷ്ണൻകുട്ടിയുടെ വാദം പൊളിച്ച് രേഖകൾ. ആനയെ ചികിൽസക്ക് ഗുജറാത്തിലേക്ക് കൊണ്ടുപോകാൻ അനുമതി തേടി വനം വകുപ്പിന് കൃഷ്ണൻകുട്ടിതന്നെ അപേക്ഷ നൽകുകയും റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇത് പരിശോധിച്ച് അനുമതി നൽകാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ആനക്ക് മുൻഭാഗത്തെ ഇടതുകാലിൽ നടക്കുമ്പോഴും നിൽക്കുമ്പോഴും അസ്വസ്ഥതയും വേദനയും അനുഭവിക്കുന്നത് ബോധ്യപ്പെട്ടതായും നേരത്തെ സംഭവിച്ച പരിക്ക് ക്രമേണ വർധിച്ചതാണെന്നും അടുത്തകാലത്ത് ആന അസ്വസ്ഥത കാണിച്ചു തുടങ്ങിയെന്നുമാണ് കൃഷ്ണൻകുട്ടി അപേക്ഷയിൽ വനംവകുപ്പിനെ അറിയിച്ചത്.
ഇത് പരിശോധിച്ച് ബോധ്യപ്പെട്ടതായി അന്വേഷണം നടത്തിയ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.ഒ. സെബാസ്റ്റ്യൻ റിപ്പോർട്ട് നൽകുകയും ചെയ്തു. ആനയുടെ ബുദ്ധിമുട്ടിന് പരിഹാരമായി ഗുജറാത്തിലെ ജാംനഗറിലുള്ള രാധാകൃഷ്ണ ടെമ്പിൾ എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസ നടത്തണമെന്ന വെറ്ററിനറി ഡോ. സി.ബി. ജയകുമാറിന്റെ ശിപാർശ അടക്കമാണ് കൃഷ്ണൻകുട്ടി വനംവകുപ്പിന് അപേക്ഷ നൽകിയിരുന്നത്.
ഈ വർഷം മാർച്ചിലാണ് നടപടിക്രമങ്ങൾ പൂർത്തിയായത്. ഇതിനായി സഹായങ്ങൾ നൽകിയത് ആന ഉടമകളുടെ സംഘടനയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച എലിഫെന്റ് വെൽഫയർ ട്രസ്റ്റാണ്. പിന്നീടാണ് ഇത് തകിടംമറിഞ്ഞത്. ആനയെ കൊണ്ടുപോകാൻ പണമിടപാട് നടന്നത് പുറത്തറിഞ്ഞതോടെ നീക്കം നിലക്കുകയായിരുന്നു.
ആനയെ ഏറ്റെടുത്ത് സർക്കാറിന്റെ കോടനാട് ആന ചികിൽസ കേന്ദ്രത്തിൽ എത്തിക്കാൻ വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയാണ് വിഷയം വീണ്ടും സജീവമായത്. ആനയെ ഏറ്റെടുക്കാനുള്ള നീക്കത്തിന് പിന്നിൽ ആന ഉടമ സംഘടന നേതാവാണെന്ന ഗുരുതര ആരോപണവുമായി ഉടമ ഊട്ടോളി കൃഷ്ണൻകുട്ടി രംഗത്തെത്തുകയായിരുന്നു.
ആനകളെ കൊണ്ടുപോകാനായി സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിച്ച ഹൈ പവേഡ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഊട്ടോളി പ്രസാദിനെ ഏറ്റെടുക്കാൻ ഉത്തരവിട്ടിരുന്നത്. ആനക്ക് ചികിൽസ നൽകുന്നുണ്ടെന്നും ഏറ്റെടുക്കാനുള്ള നീക്കം ഏകപക്ഷീയമാണെന്നും ഗുജറാത്തിലേക്ക് കേരളത്തിലെ നാട്ടാനകളെ കടത്താൻ ആന ഉടമകളുടെ സംഘടനയുടെ നേതാവായ ശശികുമാറാണ് മുന്നിലെന്നുമാണ് കൃഷ്ണൻകുട്ടിയുടെ ആരോപണം.
ഇതാണ് താൻതന്നെ നേരത്തെ ആനയെ കൊണ്ടുപോകാൻ സർക്കാരിനോട് അനുമതി തേടിയ അപേക്ഷ പുറത്ത് വന്നതിലൂടെ പൊളിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

