തീവ്രവലതുപക്ഷത്തെ തിരിഞ്ഞുനോക്കാതെ ജില്ല; നഗരസഭകളിൽ ബി.ജെ.പിക്ക് നാല് സീറ്റ് കുറഞ്ഞു
text_fieldsപ്രതീകാത്മക ചിത്രം
തൃശൂർ: ഒരു വർഷം മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന കന്നിവിജയത്തിന്റെ പ്രതീക്ഷയിലാണ് ബി.ജെ.പി തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിൽ പോരാട്ടത്തിനിറങ്ങിയത്. ലോക്സഭ മത്സരത്തിൽ കോർപറേഷനിൽ മാത്രം 35 ഡിവിഷനുകളിൽ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി മുന്നിലെത്തിയിരുന്നു. കൂടാതെ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ ഗുരുവായൂർ ഒഴികെ എല്ലായിടത്തും ബി.ജെ.പി കൃത്യമായ ഭൂരിപക്ഷം നിലനിർത്തിയിരുന്നു. ഇതെല്ലാം വ്യാജ വോട്ടുകൾ ചേർത്ത് നേടിയതാണെന്ന് ചില തെളിവുകളടക്കം സി.പി.ഐയും കോൺഗ്രസും വെളിപ്പെടുത്തിയെങ്കിലും ഭരണകക്ഷിയിൽ മുഖ്യനായ സി.പി.എം അത് കേട്ടഭാവം നടിച്ചിരുന്നില്ല.
ലോക്സഭയിലെ വിജയത്തിന്റെ അമിത ആത്മവിശ്വാസത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പിയെ പക്ഷേ, ഭാഗ്യം തുണച്ചില്ല. 2020ൽ ജില്ലയിലെ നഗരസഭകളിൽ 40 സീറ്റുകൾ ഉണ്ടായിരുന്ന എൻ.ഡി.എ ഇക്കുറി 36ലേക്ക് ചുരുങ്ങി. അതേസമയം, പഞ്ചായത്ത് വാർഡുകൾ 138ൽനിന്ന് 171 ആക്കി ഉയർത്താൻ അവർക്ക് സാധിച്ചു. തൃശൂർ കോർപറേഷനിലാണ് നേരിയ ആശ്വാസത്തിനെങ്കിലും വകയുള്ളത്. ആറ് എന്നത് എട്ടാക്കി ഉയർത്താനായി. ഇതിൽ കോട്ടപ്പുറം ഡിവിഷനിൽ നറുക്കെടുപ്പിലൂടെയാണ് വിജയം. കോർപറേഷനിൽ ആദ്യമായി മുസ്ലിം മത്സരാർഥിയെ വിജയിപ്പിച്ചെന്നും ബി.ജെ.പിക്ക് ആശ്വസിക്കാം. കണ്ണംകുളങ്ങര ഡിവിഷനിൽ ബി.ജെ.പി സ്ഥാനാർഥി മുംതാസ് താഹയാണ് വിജയിച്ചത്. േബ്ലാക്ക് പഞ്ചായത്തിൽ ആകെ അധികം കിട്ടിയത് ഒരു ഡിവിഷനാണ്. നാലിൽ നിന്നും േബ്ലാക്ക് ഡിവിഷനുകൾ അഞ്ചാക്കി എന്നുമാത്രം.
കേന്ദ്ര സഹമന്ത്രിയുടെ മാസ് ഡയലോഗുകളിൽ ആകൃഷ്ടരായി ജനങ്ങൾ ബി.ജെ.പിയിലേക്ക് ഒഴുകും എന്ന വിശ്വാസമൊന്നും നേതൃത്വത്തിനും ഇല്ലായിരുന്നു എന്നാണ് മനസിലാക്കാൻ കഴിയുന്നത്. കോർപറേഷൻ പരിധിയിൽ പരമാവധി സുരേഷ് ഗോപിയെ ഒഴിവാക്കിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ. നടിയും ബി.ജെ.പി നേതാവുമായ ഖുഷ്ബു സുന്ദർ നയിച്ച റോഡ് ഷോയിൽപോലും സുരേഷ് ഗോപിയുടെ സാന്നിധ്യം ഉണ്ടായില്ല. സുരേഷ് ഗോപി ജനങ്ങളോട് സല്ലപിക്കുന്നതിനായി ഒരുക്കിയ ചായ ചർച്ച, കലുങ്ക് സംവാദം എന്നിവയെല്ലാം കേന്ദ്രസഹമന്ത്രിയുടെ യഥാർഥ മുഖം വെളിവാക്കാൻ ഉപകാരപ്പെട്ടു എന്ന് ജനങ്ങൾക്ക് ബോധ്യമായി. സഹപ്രവർത്തകരെ തൊടാതെ, സമീപം എത്തുന്നവരോട് അകലംപാലിച്ച്, ഷേക്ഹാൻഡ് കൊടുത്തിട്ട് കൈ അണുവിമുക്തമാക്കിയപ്പോൾ ജനങ്ങളും ബി.ജെ.പിയോട് രാഷ്ട്രീയ അകലം പാലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

