സിവിൽ സർവിസ് സ്വപ്നത്തിന് ജില്ല പഞ്ചായത്ത് കൈത്താങ്ങ്
text_fieldsതൃശൂർ: ജില്ല പഞ്ചായത്തും അനന്ത ഐ.എ.എസ് അക്കാദമിയും സംയുക്തമായി നടപ്പിലാക്കുന്ന ‘വൺ പഞ്ചായത്ത് വൺ ഐ.എ.എസ്’ സൗജന്യ സിവിൽ സർവിസ് പരിശീലന പദ്ധതി മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ല പഞ്ചായത്തിലെ 86 പഞ്ചായത്തുകളിലെയും ഏഴ് മുനിസിപ്പാലിറ്റികളിലെയും ഒരു കോർപറേഷനിലെയും വിദ്യാർഥികളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന പദ്ധതിയാണിത്.
പദ്ധതി മൂന്ന് തലങ്ങളിലാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഏഴ്, എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികളെയും രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി വിദ്യാർഥികളെയും ഉൾപ്പെടുത്തുന്നു. മൂന്നാം ഘട്ടത്തിൽ ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്കാണ് പരിശീലനം.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. അനന്ത ഐ.എ.എസ് അക്കാദമി ഡയറക്ടർ സുഭാഷ് ചന്ദ്രൻ ആമുഖ അവതരണം നടത്തി.
കലക്ടർ അർജുൻ പാണ്ഡ്യൻ, ഐ.സി.സി.എസ്.എൽ ചെയർമാൻ സോജൻ വി. അവിറാച്ചൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

