കുടിവെള്ള വിതരണത്തിൽ ക്രമക്കേട് ഡെപ്യൂട്ടി മേയറെ ഉപരോധിച്ച് പ്രതിപക്ഷം
text_fieldsതൃശൂര്‍: കുടിവെള്ള വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് ഓംബുഡ്സ്മാന് കുറ്റക്കാരിയായി കണ്ടെത്തിയ ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോര്പറേഷന് കൗണ്‍സിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. അരമണിക്കൂറോളം റോസിയെ തടഞ്ഞുവെച്ചു. പിന്നീട് ഭരണപക്ഷത്തെ വനിത കൗണ്‍സിലര്‍മാരെത്തിയാണ് അവരെ ഹാളിനുപുറത്ത് കടത്തിയത്. ഉച്ചക്ക് 12ന് കൗണ്‍സിൽ യോഗം തുടങ്ങിയയുടനെ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. ലോറിയിലെ കുടിവെള്ള വിതരണത്തിന് ഒരുകോടിയുടെ നഷ്ടമുണ്ടായെന്നാണ് ഓംബുഡ്സ്മാന് നിരീക്ഷിച്ചത്. ബഹളത്തെ തുടര്‍ന്ന് മേയര്‍ യോഗം പിരിച്ചുവിട്ടു. മേയറെയും അരമണിക്കൂറിനുശേഷം സ്ഥലംവിട്ട എം.എല്‍. റോസിയെയും പ്രതിപക്ഷം തടയാതിരുന്നതിനാൽ സംഘര്ഷമൊഴിവായി. ഓംബുഡ്സ്മാന് ശുപാര്‍ശ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സില്‍ ഹാളില്‍ പ്രതിഷേധിച്ചു. ഡെപ്യൂട്ടി മേയര്‍ റോസി രാജിവെച്ച് കൗണ്‍സില്‍ ഹാളില്‍നിന്ന് പുറത്തുപോകണമെന്ന് പ്രതിപക്ഷനേതാവ് രാജന് പല്ലനും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോണ്‍ ഡാനിയലും ആവശ്യപ്പെട്ടു. മുന്‍ ഭരണസമിതിയുടെ കാലത്താണ് ക്രമരഹിതമായി കരാര്‍ നല്‍കിയത്. മുന്മേയര് അജിത ജയരാജന് (സി.പി.എം), എം.എല്‍. റോസി എന്നിവരും മുൻ സെക്രട്ടറി കെ.എം. ബഷീറും 35 ലക്ഷം രൂപ വീതം കെട്ടിവെക്കണമെന്നാണ് ഓംബുഡ്സ്മാന് ഉത്തരവ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അയോഗ്യതയുണ്ട്. കുറഞ്ഞനിരക്കിലുള്ള വ്യക്തിയെ തള്ളി കൂടിയ തുക ക്വാട്ടുചെയ്തയാള്ക്ക് കരാര്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് വിധി.1000 ലിറ്ററിനു 99 രൂപ നിരക്കില്‍ വിതരണം ചെയ്യാമെന്നറിയിച്ച എ. രതീഷിന് കരാര്‍ നല്കാന് സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍ 147 രൂപ ക്വാട്ടുചെയ്തയാള്ക്കാണ് കരാര്‍ നല്‍കിയതെന്നാണ് ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ കണ്ടെത്തല്‍. നിലവിലെ കരാറുകാരന് കൗണ്‍സില്‍ അറിയാതെ കരാര്‍ നീട്ടിനല്‍കി. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്തയാള്‍ക്ക് കരാര്‍ നല്‍കണമെന്ന് ഹൈകോടതിയും വ്യക്തമാക്കിയിരുന്നു. ഇതും മറികടന്നാണ് കരാര്‍ നടപടിയെടുത്തത്.
ഓംബുഡ്സ്മാന്റെ തീര്‍പ്പിനെതിരെ നിയമ നടപടി -മേയർ
തൃശൂർ: കൗണ്‍സില്‍ തീരുമാനവും 2016 നവംബർ 29ലെ 15ാം നമ്പര്‍ കൗണ്‍സില്‍ തീരുമാനവും ഐക്യകണ്ഠേന എടുത്ത ഒരു വിഷയത്തില്‍ എന്തെങ്കിലും ഒരു പിശകുണ്ടെങ്കില്‍ ആ തീരുമാനമെടുക്കുമ്പോള്‍ അന്ന് ഹാജരുണ്ടായിരുന്ന എല്ലാ കൗണ്‍സിലര്‍മാര്‍ക്കും ഒരുപോലെ ബാധ്യത വരുന്നതാണെന്നത് സാധാരണ നിയമമാണ്. ആ കാലഘട്ടത്തിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആരും വിയോജനം രേഖപ്പെടുത്തുകയോ പരാതികള്‍ നല്‍കിയിട്ടോ ഇല്ല. ഓംബുഡ്സ്മാന്റെ തീര്‍പ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഈ യാഥാർഥ്യത്തെ വക്രീകരിച്ച് തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് എല്ലാവര്ക്കും മനസ്സിലാകുമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.