ധനവ്യവസായ ബാങ്ക് തട്ടിപ്പ്; പ്രതിയെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു
text_fieldsധനവ്യവസായ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ജോയ് ഡി. പാണഞ്ചേരിയെ തെളിവെടുപ്പിനായി തൃശൂർ പോസ്റ്റ് ഓഫിസ് റോഡിലെ സ്ഥാപനത്തിൽ എത്തിച്ചപ്പോൾ
തൃശൂർ: ധനവ്യവസായ ബാങ്ക് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും കമ്പനിയുടെ മാനേജിങ് പാർട്ട്ണറുമായ ജോയ് ഡി. പാണഞ്ചേരിയെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് പോസ്റ്റോഫിസ് റോഡിലെ പാണഞ്ചേരി ബിൽഡിങ്ങിലെ സ്ഥാപനത്തിൽ എത്തിച്ചത്. സുരക്ഷ കണക്കിലെടുത്ത് ഏറെനേരം വാഹനത്തിലിരുത്തി. പിന്നീടാണ് പുറത്തിറക്കിയത്.
ഹൈകോടതി മുൻകൂർ ജാമ്യഹരജി തള്ളിയതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസ് അന്വേഷിക്കുന്ന സിറ്റി സി- ബ്രാഞ്ച് അസി. കമീഷണർ കെ.എ. തോമസിന് മുന്നിൽ ജോയ് കീഴടങ്ങിയത്. ബുധനാഴ്ച കോടതിയിൽ ഹാജറാക്കിയെങ്കിലും വിശദ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ധനവ്യവസായ സ്ഥാപനം, ധനവ്യവസായ ബാങ്ക് എന്നീ പേരുകളിലാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചത്. ഇതിൽ ധനവ്യവസായ സ്ഥാപനത്തിന് മണി ലെൻഡ് ആക്ട് അനുസരിച്ച് പ്രവർത്തിക്കാനുള്ള ലൈസൻസ് മാത്ര മാണുള്ളത്.
നിക്ഷേപം സ്വീകരിക്കാൻ മതിയായ ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് പ്രവർത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. 1946ൽ സ്ഥാപിതമായതെന്ന വിശ്വാസ്യതയുടെ മറവിലാണ് സ്ഥാപനം വൻ പലിശ വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ നിക്ഷേപം സ്വീകരിച്ചത്. കാലാവധിക്കുശേഷം നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കാത്തതിനാൽ നിക്ഷേപകരിൽ ചിലർ പരാതിയുമായെത്തിയതോടെ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. തൃശൂർ സിറ്റി പൊലീസിനു കീഴിലെ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 82 കേസുകളും ഒല്ലൂർ, നെടുപുഴ, പേരാമംഗലം പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസുമാണ് രജിസ്റ്റർ ചെയ്തത്.
തങ്ങൾക്ക് 50 കോടിയുടെ ആസ്തിയുണ്ടെന്നാണ് ജോയ് ഡി. പാണഞ്ചേരിയുടെ വാദം. മുതിർന്ന പൗരനായതിനാൽ തെളിവെടുപ്പും ചോദ്യം ചെയ്യലുമടക്കം ഏറെ സമയമെടുത്താണ് അന്വേഷണ സംഘം നടത്തുന്നത്. ആരോഗ്യ പരിശോധനയടക്കം ഇടക്ക് നടത്തുന്നുണ്ട്. അടുത്ത ദിവസങ്ങളിലായി നിക്ഷേപത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതേസമയം, കേസിലെ മറ്റു പ്രതികളായ ജോയിയുടെ ഭാര്യ റാണി ജോയും ഡയറക്ടർമാരായ ഇവരുടെ മക്കളും കീഴടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

