ഡെലീഷ്യ വളയം പിടിച്ചു; ജീവിതട്രാക്കിൽ ഹേൻസന് കൂട്ട്
text_fieldsമനസ്സമ്മതം കഴിഞ്ഞ് നവവധു ഡെലീഷ്യ ടാങ്കർ ലോറി ഓടിച്ച് വരനുമായി ഹാളിലേക്ക്
പുറപ്പെടുന്നു
കാഞ്ഞാണി: നവവധു ടാങ്കർ ലോറി ഓടിച്ച് വരനുമായി ഹാളിലെത്തിയത് ചടങ്ങിനെത്തിയവർക്ക് കൗതുകമായി. വടക്കേ കാരമുക്ക് പൊറുത്തൂർ പള്ളിക്കുന്നത്ത് ഡേവീസ്-ട്രീസ ദമ്പതികളുടെ മകൾ ഡെലീഷ്യയാണ് കാഞ്ഞിരപ്പിള്ളി ആനക്കൽ മേലോത്ത് പരേതരായ മാത്യു-ഏത്തമ്മ ദമ്പതികളുടെ മകൻ ഹേൻസനുമായുള്ള മനസ്സമ്മതം കഴിഞ്ഞ് ഹാളിലേക്ക് ടാങ്കർ ലോറി ഓടിച്ചെത്തിയത്. ഇരുവരും ഗൾഫിൽ ടാങ്കർ ലോറി ഡ്രൈവർമാരാണ്.
ടാങ്കർ ലോറി ഡ്രൈവറായ പിതാവ് ഡേവിസിനൊപ്പം ഒഴിവ് സമയങ്ങളിൽ കൂടെ സഞ്ചരിച്ചാണ് ടാങ്കർ ലോറി ഓടിക്കാൻ ആഗ്രഹം ഉണ്ടാകുന്നതും ലൈസൻസ് എടുക്കുന്നതും. ടാങ്കർ ലോറി ഓടിക്കാൻ പിതാവിനൊപ്പം ചേർന്ന ഡെലീഷ്യ പിന്നീട് പിതാവില്ലാതെ ടാങ്കർ ലോറി ഓടിച്ച് കൊച്ചിയിൽനിന്ന് പെട്രോൾ എടുത്ത് മലപ്പുറം പമ്പിൽ എത്തിക്കുക പതിവായി. ഇതോടെ മാധ്യമശ്രദ്ധ നേടിയ ഡെലീഷ്യക്ക് തൊഴിൽ വാഗ്ദാനവുമായി ഗൾഫ് കമ്പനികൾ എത്തി.
ഗൾഫിൽ ടാങ്കർ ലോറി ഡ്രൈവറായി തൊഴിൽ ചെയ്യവേയാണ് ജർമൻ കമ്പനിയിൽ ടാങ്കർ ലോറി ഡ്രൈവറായ ഹേൻസനുമായി സൗഹൃദമുണ്ടാകുന്നതും വിവാഹത്തിലേക്ക് എത്തുന്നതും. വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് ദേവാലയത്തിൽ ശനിയാഴ്ച ഉച്ചക്കായിരുന്നു മനസ്സമ്മതം.
ചടങ്ങുകൾ അവസാനിച്ച് ഫോട്ടോ ഷൂട്ടിനുശേഷം ടാങ്കർ ലോറിയിൽ കയറി നവദമ്പതികൾ ഹാളിലേക്കെത്തി. നാസിക്ക് ഡോളുമായി മേളക്കാരുമെത്തി. ഒമ്പതിന് ഉച്ചതിരിഞ്ഞ് നാലിന് കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടക്കുന്ന ചടങ്ങിൽ ഹേൻസനും ഡെലീഷ്യയും വിവാഹിതരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

