പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ
text_fieldsനൗഷാദ്
തൃശൂർ: കോളജ് വിദ്യാർഥിനിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി വെസ്റ്റ് പൊലീസ് പിടിയിൽ. കയ്പമംഗലം കാളമുറി വലിയകത്ത് വീട്ടിൽ നൗഷാദിനെയാണ് (40) തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എൻ. വിജയൻ അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയെ മൊബൈൽ ഫോണിലൂടെയാണ് ഇയാൾ പരിചയപ്പെട്ടത്. ഇതിനിടയിൽ പെൺകുട്ടിയുടെ ചില ഫോട്ടോകൾ ഇയാൾ കൈവശപ്പെടുത്തിയിരുന്നു.
വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നുമുള്ള വിവരം മറച്ചുവെച്ച് ഇയാൾ വിവാഹാഭ്യർഥന നടത്തി. വീട്ടുകാരുടെ സമ്മതം വേണമെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ ഇയാൾ ഒഴിഞ്ഞുമാറി. കഴിഞ്ഞ 29ന് കേരളവർമ കോളജിലേക്ക് പഠിക്കാനെത്തിയ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ നൗഷാദും സ്ഥലം വിട്ടതായി മനസ്സിലാക്കി. മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കാലടി ഭാഗത്തുനിന്ന് കണ്ടെത്തി.

