കടക്കെണി: അഭയമില്ലാതെ ഒരു കുടുംബം
text_fieldsഓമനയും പേരമക്കളും വീടിന് മുന്നിൽ
തൃശൂർ: 60 പിന്നിട്ട ഓമന, പേരക്കുട്ടികളായ ബിരുദ വിദ്യാർഥി 21കാരൻ അശ്വിന്, 19കാരൻ അരുണ്‍... ഇരുൾ നിറഞ്ഞ ജീവിതത്തിലെ മൂന്നു കണ്ണികൾ. മൂന്നു വർഷത്തിനിടയിൽ വീടിന്റെ നെടുംതൂണുകളായ മൂന്നുപേരുടെ മരണം. വിധിയുടെ വേട്ടയാടലിനൊപ്പം സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി... കടക്കെണിയില്‍ മനംതകർന്ന് തെരുവിലിറങ്ങേണ്ട അവസ്ഥയിലാണ് ചേര്‍പ്പ് പെരുമ്പിള്ളിശേരിയിലെ പട്ടികജാതി കുടുംബം.
മാതാപിതാക്കൾ നഷ്ടപ്പെട്ട രണ്ടു മക്കളും അമ്മൂമ്മയുമാണ് ഈ വീട്ടിലുള്ളത്. വിധി വേട്ടയാടിയ ദുരന്തത്തിലും ജീവിതത്തോട് പൊരുതുമ്പോഴാണ് ഇടിത്തീയായി വീടിന് ജപ്തി ഭീഷണിയെത്തുന്നത്. പെരുമ്പിള്ളിശേരി ചേനംവഴിയില് വാട്ടര്‍ ടാങ്കിന് സമീപം ഗ്രീന്‍ പാര്‍ക്കിൽ താമസിക്കുന്ന പട്ടികജാതി കുടുംബമാണ് തെരുവിലിറങ്ങേണ്ട അവസ്ഥയിലുള്ളത്.
ചേർപ്പിൽ ചുമട്ടുതൊഴിലാളിയായിരുന്ന ഭര്‍ത്താവ് അയ്യപ്പന്റെ പേരിലുള്ള നാല് സെന്റ് പുരയിടം പണയപ്പെടുത്തി ഓമനയുടെ ജാമ്യത്തിൽ 2017ലാണ് ചേര്‍പ്പ് സർവിസ് സഹകരണ ബാങ്കില്‍നിന്ന് നാലുലക്ഷം രൂപ വായ്പയെടുത്തത്.
ആദ്യഘട്ടത്തില്‍ വായ്പ തിരിച്ചടവ് മുടക്കമില്ലാതെ നടന്നിരുന്നു. അയ്യപ്പനും ഓമനക്കും രണ്ടു പെൺമക്കളാണ്. 2019 മാർച്ചിൽ കുളിമുറിയിൽ തലയിടിച്ച് വീണ് മകള്‍ ബിന്ദു ചികിത്സയിലിരിക്കെ മരിച്ചു. 2020 മേയില്‍ അസുഖം ബാധിച്ച് അയ്യപ്പനും മരിച്ചു. 2021 ഒക്ടോബറിൽ ബിന്ദുവിന്റെ ഭർത്താവ് പുരുഷോത്തമനും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൂത്ത പേരക്കുട്ടിഅശ്വിന് പഠനത്തോടൊപ്പം ഊരകത്തെ സിനിമ തീയറ്ററില്‍ രാത്രി ജോലിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് ഇപ്പോള്‍ കുടുംബം കഴിയുന്നത്.
ഇതിനിടെ സഹകരണ ബാങ്കിൽനിന്നെടുത്ത നാലുലക്ഷം രൂപ വായ്പ ഇപ്പോള്‍ പലിശയടക്കം 6.10 ലക്ഷം രൂപയായി. പണം അടച്ചില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് കടക്കുമെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചതോടെ തെരുവിലേക്കിറങ്ങേണ്ട അവസ്ഥയിലാണ് കുടുംബം.
മരിച്ച മകള്‍ ബിന്ദുവിന്റെ പേരിലുള്ള മൂന്നര സെന്റ് സ്ഥലവും ഓടിട്ട ചെറിയ വീടും വീടിനോട് ചേര്‍ന്ന് ഉണ്ട്. ഇത് വിറ്റ് ബാങ്കിലെ കടംവീട്ടാമെന്നാണ് കരുതിയത്. എന്നാല്‍, കെ-റെയില്‍ പദ്ധതി കടന്നുപോകുന്ന പ്രദേശമായതിനാല്‍ ആരും വാങ്ങാൻ തയാറാവുന്നില്ല. സമീപത്തെ വീടും സ്ഥലവും വിറ്റ് വായ്പയടക്കാൻ സാവകാശം തേടിയെങ്കിലും ബാങ്ക് കനിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

