ജീവിതം സൈക്കിൾ യാത്രയാക്കി ബേബി
text_fieldsപഴഞ്ഞിയിൽ സൈക്കിൾ ചവിട്ടി ചരക്കുകൾ എത്തിക്കുന്ന ബേബി
പഴഞ്ഞി: പുലിക്കോട്ടിൽ ബേബിക്ക് ജീവിതമാണ് സൈക്കിൾ യാത്ര. നാലര പതിറ്റാണ്ടായി സൈക്കിളിൽ സഞ്ചരിച്ചാണ് 69കാരൻ കുടുംബം പോറ്റുന്നത്. സൈക്കിളിൽ ചരക്കുകൾ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കുകയാണ് ഇദ്ദേഹം.
അടയ്ക്ക വിപണിക്ക് പേരുകേട്ട പഴഞ്ഞി മേഖലയിൽ മാർക്കറ്റിലേക്ക് വീടുകളിൽനിന്ന് അടക്ക സൈക്കിളിൽ എത്തിച്ചിരുന്നത് ബേബിയും സഹോദരൻ തമ്പിയുമായിരുന്നു. രണ്ടു വർഷം മുമ്പ് ജ്യേഷ്ഠൻ തമ്പി മരിച്ചതോടെ ബേബി മാത്രമായി. 100 കിലോ സാധനങ്ങൾ ഇപ്പോഴും സൈക്കിളിനു പിറകിൽ വെച്ചുകെട്ടി ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്ന പതിവ് തുടരുകയാണ്. ദിനംപ്രതി 50 കിലോമീറ്ററെങ്കിലും ചുരുങ്ങിയത് സൈക്കിൾ ചവിട്ടും. അടക്കക്ക് പുറമെ സിമന്‍റ് ചാക്കുകൾ ആവശ്യക്കാർക്ക് എത്തിക്കുന്നതും ബേബി തന്നെ. രണ്ട് ചാക്ക് സിമന്‍റ് എത്തിക്കാൻ പെട്ടി ഓട്ടോക്ക് വരുന്ന ചെലവിനേക്കാൾ മൂന്നിലൊന്ന് മതി. അതിനാൽ, ഇദ്ദേഹത്തെ മൊത്തവ്യാപാര സ്ഥാപനങ്ങളും ആശ്രയിക്കാറുണ്ട്.
ജീവിത കഷ്ടപ്പാടുമൂലം ചെറുപ്രായത്തിൽ വ്യാപാര സ്ഥാപനത്തിൽ ജോലിക്ക് പോയ ബേബി വർഷങ്ങൾ പിന്നിട്ട് നാട്ടിൽ തിരിച്ചെത്തിയപ്പോൾ സഹോദരൻ ചെയ്തിരുന്ന ജോലിതന്നെ തുടരാൻ ആഗ്രഹിക്കുകയായിരുന്നു. രാവിലെ ആറോടെ പഴഞ്ഞി അങ്ങാടിയിൽ എത്തിയാൽ വൈകീട്ടാണ് ജോലി കഴിഞ്ഞ് മടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

