കർഷകരോട് ക്രൂരത; 30 ചാക്ക് ഉണക്കിയ നെല്ല് നശിപ്പിച്ചു
text_fieldsകുട്ടാടൻ പാടത്ത് കർഷകരുടെ നെല്ല് വെള്ളത്തിൽ വലിച്ചെറിഞ്ഞ നിലയിൽ
ചാലക്കുടി: കൂടപ്പുഴ കുട്ടാടൻ പാടത്ത് കർഷകർ കൊയ്ത് ശേഖരിച്ച നെല്ല് സാമൂഹിക ദ്രോഹികൾ നശിപ്പിച്ചു. സൈപ്ലകോ കൊണ്ടുപോകാൻ ഉണക്കി സൂക്ഷിച്ച 81 ഓളം ചാക്ക് നെല്ലിൽ 30 ഓളം ചാക്ക് വെള്ളിയാഴ്ച രാത്രിയിൽ ആരോ വയലിലെ വെള്ളത്തിൽ എറിഞ്ഞ് നശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ കർഷകർ വന്നു നോക്കുമ്പോഴാണ് വിവരമറിയുന്നത്. 10 ഓളം ചാക്ക് നെല്ല് വെള്ളത്തിലൂടെ ഒഴുകിപ്പോയി നഷ്ടപ്പെട്ടിട്ടുണ്ട്. മേച്ചേരി വർഗീസ് എന്ന വ്യക്തിയുടെയും സഹോദരങ്ങളുടെയും നെല്ലാണ് നശിച്ചത്. പാടശേഖരത്തിലെ കർഷകരോട് ശത്രുത പുലർത്തുന്ന വ്യക്തിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു.
കുട്ടാടൻ പാടത്ത് 33 ഏക്കറോളം കൃഷിയിടത്തിലാണ് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കൃഷിചെയ്യുന്നത്. 28 കർഷകരുടെ കൂട്ടായ്മയാണ് കൃഷി നടത്തുന്നത്. പാടശേഖരത്തിലെ കർഷകരോട് വിരോധമുള്ള വ്യക്തി എല്ലാ വർഷവും കാലം തെറ്റി കൃഷിയിറക്കി വിളഞ്ഞ പാടത്ത് വെള്ളം നിറക്കാറുണ്ടെന്ന് കർഷകർക്ക് പരാതി പറയുന്നു. സ്വന്തം വയലിലേക്ക് വെള്ളം നനക്കാനെന്ന ന്യായത്തിൽ വിളയാറായ പാടങ്ങളിലേക്ക് വെള്ളം തുറന്നുവിടുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ഈ വർഷവും രണ്ടര ഏക്കർ കൃഷി ഇയാളുടെ പ്രതികാരബുദ്ധി നിമിത്തം വെള്ളം കയറി നശിച്ചിരുന്നു.
ഓട്ടുകമ്പനിക്ക് കളിമണ്ണെടുക്കാൻ വേണ്ടി കുട്ടാടൻ പാടത്ത് ഇയാൾ 10 ഏക്കറോളം നിലം വാങ്ങിയിരുന്നു. എന്നാൽ, കർഷകർ തടസ്സം നിന്നതിനാൽ മണ്ണെടുക്കാൻ സാധിക്കാത്തതാണ് ഇയാളുടെ വൈരാഗ്യത്തിന് കാരണം. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും കർഷകരുടെ നെല്ല് നശിപ്പിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും കർഷക സംഘം നേതാക്കൾ ആവശ്യപ്പെട്ടു. കർഷക സംഘം സെക്രട്ടറി കെ.ടി. വാസു, കെ.ഐ. അജിതൻ, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് തുടങ്ങിയവർ സ്ഥലത്തെത്തി പ്രതിഷേധം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

