കാമറയും പട്രോളിങ്ങുമുണ്ടായിട്ടും തൃശൂർ അശാന്തം; വിലസി ഗുണ്ടകളും പിടിച്ചുപറിക്കാരും
text_fieldsതൃശൂർ: തൃശൂർ നഗരത്തിൽ ഗുണ്ടകളുടെയും പിടിച്ചുപറിക്കാരുടെയും വിളയാട്ടം. റെയിൽവേ സ്റ്റേഷനും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനും സമീപം തുടർച്ചയായി യാത്രക്കാരെ തടഞ്ഞ് മർദിക്കുകയും പണവും മൊബൈൽ ഫോണും തട്ടിപ്പറിക്കുന്ന സംഭവവുമുണ്ടായി.
തിങ്കളാഴ്ച രാത്രി കെ.എസ്.ആർ.ടി.സിക്ക് സമീപം ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന വടക്കാഞ്ചേരി സ്വദേശിയെ സംഘം ചേർന്ന് തടഞ്ഞ് നിർത്തി മർദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും ഹെൽമെറ്റും തട്ടിപ്പറിക്കുകയും ചെയ്തു. ഈസ്റ്റ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും ആദ്യം ആശുപത്രിയിൽ ചികിത്സ തേടാനായിരുന്നു ഉപദേശം. ചൊവ്വാഴ്ച രാവിലെ പരാതിയെത്തിച്ചപ്പോൾ രസീത് നൽകാതെ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമുണ്ടായെന്നും പറയുന്നു.
രാത്രിയിൽ കൺട്രോൾ റൂം വാഹനമടക്കം ആറോളം വാഹനങ്ങളാണ് നഗരത്തിൽ പട്രോളിങ്ങിനുള്ളത്. നഗരം മുഴുവൻ നിരീക്ഷിക്കുന്ന സി.സി.ടി.വി കാമറകളുമുണ്ട്. ഷോപ്പിങ് ഫെസ്റ്റിവലിന്റെ പേരിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നാണ് അവകാശവാദമെങ്കിലും അപൂർവമായല്ലാതെ സ്ഥാപനങ്ങൾ സാധാരണ സമയത്തിൽ കൂടുതൽ ഇപ്പോഴും പ്രവർത്തിക്കുന്നില്ല. യാത്രാ സൗകര്യം, സുരക്ഷ എന്നിവയടക്കം ഇല്ലാതെ രാത്രികാല ഷോപ്പിങ് ഫലപ്രദമല്ലെന്നാണ് ചെറുകിട വ്യാപാരികളുടെ പരാതി. കഴിഞ്ഞ ആഴ്ചയാണ് ശക്തൻ നഗറിൽ മദ്യപസംഘം ഏറ്റുമുട്ടി കത്തിക്കുത്തിലെത്തിയത്. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി റോഡിലും സംഘർഷമുണ്ടായി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനിൽ ഏറ്റുമുട്ടിയത് കത്തിക്കുത്തിലെത്തി. കാമറകൾ സ്ഥാപിച്ചതോടെ കുറ്റകൃത്യങ്ങൾ കുറക്കാൻ സാധിച്ചുവെന്ന പൊലീസിന്റെ അവകാശവാദം പൊളിക്കുന്നതാണ് നിലവിലെ സംഭവങ്ങൾ. മുഴുവൻ സമയ നിരീക്ഷണമുണ്ടായിട്ടും സാമൂഹിക വിരുദ്ധരും പിടിച്ചുപറിക്കാരും ലഹരി മാഫിയകളും നഗരത്തിൽ സജീവമാണ്.
ശക്തനിൽ വീണ്ടും അടി; യുവാവിന് പരിക്ക്
തൃശൂർ: ശക്തൻ നഗർ സ്റ്റാൻഡിൽ വീണ്ടും അടി. പരസ്പരമുള്ള സംഘർഷത്തിൽ യുവാവിന് പരിക്കേറ്റു. ചിയാരം സ്വദേശി കോപ്പാടൻ വീട്ടിൽ ബൈജുവിനെ (40) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തൻ നഗർ സ്റ്റാൻഡിന് സമീപമുള്ള മത്സ്യമാർക്കറ്റിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വാക്കേറ്റം കൈയാങ്കളിയാവുകയായിരുന്നു. ഏറ്റുമുട്ടലിൽ ഹെൽമെറ്റ് കൊണ്ടുള്ള അടിയേറ്റ് അബോധാവസ്ഥയിൽ ബൈജു മാർക്കറ്റിൽ കിടന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞയാഴ്ച ബസ് സ്റ്റാൻഡിൽ മദ്യപർ തമ്മിലുള്ള ഏറ്റുമുട്ടലിൽ കത്തിവീശലടക്കമുണ്ടായിരുന്നു.
കത്രികക്കുത്ത്: രണ്ടുപേർക്ക് പരിക്ക്
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ വാക്ക് തർക്കത്തിനിടയിൽ കത്രികക്കുത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ശവക്കോട്ടപ്പടി സ്വദേശി കോട്ടയിൽ വീട്ടിൽ പ്രശാന്ത് (47), ഒഡിഷ സ്വദേശി ജുനെൽ ബലിയാർസിങ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും തമ്മിലാണ് റെയിൽവേ സ്റ്റേഷനിൽ തർക്കം മൂത്ത് കൈയാങ്കളിയായത്. പുലർച്ച നാലരയോടെയാണ് സംഭവം. മീശ വെട്ടുന്നതിനായി സൂക്ഷിച്ചിരുന്ന കത്രിക കൊണ്ടാണ് ഇരുവരും ആക്രമിച്ചത്. പരിക്കേറ്റ ഇരുവരെയും ആക്ട്സ് പ്രവർത്തകർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

