11.5 ടണ്‍ ചെമ്പുകമ്പി കാണാതായ കേസ് ക്രൈംബ്രാഞ്ചിന്; തൃശൂർ കോർപറേഷൻ വൈദ്യുതി വിഭാഗത്തിന്റെ ചെമ്പുകമ്പിയാണ് കാണാതായത്
text_fieldsതൃശൂര്‍: കോര്‍പറേഷന്റെ വൈദ്യുതി വിഭാഗത്തില്‍നിന്ന് 11.5 ടണ്‍ ചെമ്പുകമ്പി കാണാതായ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കാന് തീരുമാനിച്ചു. മുന്‍ ഭരണസമിതിയുടെ ഒത്താശയോടെയാണ് മോഷണം നടന്നതെന്ന് ഡെപ്യൂട്ടി മേയര്‍ എ. പ്രസാദും കോണ്‍ഗ്രസ്, ബി.ജെ.പി കൗണ്‍സിലര്‍മാരും ആരോപിച്ചു. കേസില്‍ അസി. സെക്രട്ടറിയടക്കം ആറുപേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും പത്തുവര്‍ഷമായി അന്വേഷണം ഇഴയുകയായിരുന്നു. ഇത്രയും കാലം മുന്‍ഭരണസമിതി പൊലീസുകാരെ കെട്ടിയിട്ടതാണെന്നും നിലവില്‍ പുനരന്വേഷണത്തിനുള്ള തടസ്സങ്ങളെല്ലാം നീങ്ങിയതിനാല്‍ അഴിമതി പുറത്തുകൊണ്ടുവരുമെന്നും വെല്ലുവിളിച്ചു. കള്ളന് കപ്പലില്‍ തന്നെയാണെന്നും കണ്ടെത്താന്‍ ഭരണസമിതിക്കൊപ്പം നില്‍ക്കുമെന്നും ബി.ജെ.പി പ്രസ്താവിച്ചു.
ചെമ്പുകമ്പി മോഷണം പോയ കേസ് ക്രൈംബ്രാഞ്ചിനെയും ബന്ധപ്പെട്ട രേഖകള്‍ അടങ്ങിയ ഫയലുകളുടെ അന്വേഷണം വിജിലന്‍സിനെയും ഏല്പിക്കണമെന്ന് കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന് കോര്പറേഷന് പ്രതിപക്ഷ നേതാവ് ടി.ആര്. ഹിരണ്‍ മറുപടി പറഞ്ഞു. മോഷണം പുറത്തുവന്നപ്പോള്‍ തന്നെ പൊലീസില്‍ അറിയിച്ചതും പ്രതികളെന്ന് കരുതുന്നവര്‍ക്കെതിരെ നടപടിയും സ്വീകരിച്ചതും എല്‍ഡി.എഫാണ്. പ്രതിപക്ഷമെന്ന നിലയില്‍ എല്‍ഡി.എഫിന് ഭയമില്ലെന്നും സി.ബി.ഐ അന്വേഷണം വന്നാലും സ്വാഗതാര്‍ഹമാണെന്നും ടി.ആര്. ഹിരണ്‍ അറിയിച്ചു. അഴിമതിക്കാരുണ്ടെങ്കില്‍ അവരെ തുറുങ്കിലടക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും എതിരഭിപ്രായമില്ലാത്ത സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയാണെന്ന് മേയര്‍ ഡോ. നിജി ജസ്റ്റിന് അറിയിച്ചു.
കോടികളുടെ മൂല്യം കണക്കാക്കുന്ന 11.5 ടണ്‍ ചെമ്പുകമ്പി കോര്‍പറേഷന്റെ പറവട്ടാനിയിലെ സ്റ്റോറില്‍നിന്ന് മോഷണം പോയെന്നാണ് ആരോപണം. വാര്‍ഷിക പരിശോധന നടത്തിയപ്പോള്‍ സ്റ്റോക്ക് രേഖകളുമായി പൊരുത്തപ്പെടാതെ വന്നതോടെയാണ് മോഷണം നടന്നെന്ന വിവാദമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാരും മുകള്‍തട്ടിലുള്ള ഉദ്യോഗസ്ഥരുമറിയാതെ സ്റ്റോറില്‍നിന്ന് ഇത്രയും വലിയൊരു മോഷണം നടക്കാന്‍ സാധ്യതയില്ല. കുറ്റക്കാരെ കണ്ടെത്താന്‍ കഴിയാത്തതില്‍ ദുരൂഹതയുണ്ടെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. ചെമ്പ് കമ്പ് മോഷണം പോയത് കണ്ടെത്തിയിട്ടും ഒരുമാസത്തോളം ഫയല്വെച്ച് താമസിപ്പിച്ചതും അന്വേഷണം വൈകിപ്പിച്ചതും സംശയാസ്പദമാണ്. ബക്കറ്റിലല്ല , ലോറികളിലാണ് ചെമ്പുകമ്പികള്‍ കടത്തിയത്. അടക്കയല്ല മടിയില്‍ വെച്ചുകൊണ്ടുപോകാനെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട ഫയലുകളില്‍ വന്‍തോതില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും ഫയലുകള്‍ കാണാതായിട്ടുണ്ടെന്നും ആരോപണമുണ്ടായിരുന്നു. മുന്‍ ഭരണസമിതി സ്റ്റോര്‍ കീപ്പര്‍ ആയിരുന്ന അസി. എൻജിനീയറിന് ബാധ്യത ഇല്ലാതെ വിരമിക്കാന്‍ അവസരം നല്കിയതും യുദ്ധകാലാടിസ്ഥാനത്തില്‍ പെന്ഷന് ആനുകൂല്യങ്ങള്‍ നല്കിയതും അന്വേഷിക്കണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതടക്കം പരിശോധിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

