രാജ്യത്തെ കരകൗശല വിദ്യകളും കൈവേലകളും കാണാം ക്രാഫ്റ്റ് ബസാറിൽ
text_fieldsതൃശൂർ കോർപറേഷൻ ഗ്രൗണ്ടിൽ നടക്കുന്ന ക്രാഫ്റ്റ്സ് ബസാറിൽനിന്ന്
തൃശൂർ: രാജ്യത്തെ വൈവിധ്യം നിറഞ്ഞ കരകൗശലവിദ്യയും കൈവേലകളും നെയ്ത്തും കാണാൻ അവസരമൊരുക്കുകയാണ് തൃശൂരിൽ നടക്കുന്ന ദേശീയ കരകൗശല മേള ‘ക്രാഫ്റ്റ് ബസാറി’ൽ. രാജസ്ഥാനിലെ പൊഖ്റാനിലെ പാരമ്പര്യ കുംഭാര സമുദായക്കാരായ മക്താറാമും രാംലാലും കളിമണ്ണിൽ കണ്ണഞ്ചിപ്പിക്കുന്ന ചായം ചേർത്തൊരുക്കുന്നുണ്ട് ഇവിടെ. ഉത്തർപ്രദേശിലെ കുർജയിലെ ഗ്രാമീണരെത്തിയിട്ടുണ്ട് നമ്മുടെ പഴയ സെറാമിക് ഭരണികളുമായി. ചെമ്പും ഇരുമ്പും ചേർന്ന ലോഹസങ്കരം കൊണ്ടുണ്ടാക്കിയ അതിവിശേഷ ശബ്ദമുണ്ടാക്കുന്ന മണികൾ ഗുജറാത്ത് ‘കച്ചി’ന്റെ സ്വന്തമാണ്. ഇവ ഇവിടെ എത്തിയിട്ടുണ്ട്. യു.പിയിലെ മരപ്പണികൾക്ക് പ്രശസ്തമായ സഹാറംപുരിൽനിന്ന് തൈര് കടയുന്ന ‘കടോലു’ൾപ്പെടെ മര ഉൽപന്നങ്ങളും ഇവിടെനിന്ന് ലഭിക്കും. മധ്യപ്രദേശിന്റെ സ്വന്തം ചന്ദേരി സിൽക്സ് ബ്ലോക്ക് പ്രിന്റിങ് സാരികളും കൊൽക്കത്തയിലെ ജാംദാനി സാരിയും പഞ്ചാബ് പട്യാലയിലെ ഫുൾകാരി തുന്നൽ പണികളോടെയുള്ള ചുരിദാർ, സാരി വസ്ത്രങ്ങളുമൊക്കെ അതത് വസ്ത്രനിർമാണ തൊഴിലാളികൾ നേരിട്ട് എത്തിച്ചിട്ടുണ്ട്. രാജസ്ഥാനിൽ നൂൽകെട്ടിൽ ഒളിപ്പിച്ചുവെക്കുന്ന ‘ടൈ ആൻഡ് ഡൈ’ ഡിസൈൻ വസ്ത്രങ്ങൾ ആരെയും അതിശയിപ്പിക്കും. അസമിൽ നിന്നുള്ള മുളകളിലെ ഹാൻഡിക്രാഫ്റ്റ്സ്, തമിഴ്നാട്ടിലെ ദേവദാരു മരത്തടിയിൽ ഉണ്ടാക്കിയ ചീർപ്പുകൾ, ഡൽഹിയിൽനിന്നുള്ള ഫങ്കി ജ്വല്ലറി, യു.പി മുറാദാബാദിലെ ബ്രാസ് മെറ്റൽ ഉൽപന്നങ്ങൾ എന്നിവ പരിചയപ്പെടാനും ബസാറിൽ അവസരമൊരുങ്ങുന്നുണ്ട്.
കിള്ളിമംഗലത്തെ നെയ്ത്തുപായ മുതൽ ഉണ്ണിയേട്ടന്റെ ‘ഏടാകൂടം’ വരെ ഇവിടെയുണ്ട്. മുളയിൽ വർണചിത്രം വരക്കുന്ന ഷിബ്ന, വൈദ്യുതി ഹീറ്ററിൽ മരത്തിൽനിന്ന് ചിത്രങ്ങൾ കൊത്തിയെടുക്കുന്ന ജേക്കബ് കുര്യൻ, റസിൻ മോൾഡിൽ മരക്കൊത്തുകൾ വെച്ച് വുഡ്-റസിൻ ആർട്ട് വർക്കിന്റെ അപൂർവതയൊരുക്കുന്ന വിപിൻ ഉണ്ണി എന്നിവരുടെ സൃഷ്ടികളും ആരെയും ആകർഷിക്കും.
ഭാരത സർക്കാർ വസ്ത്ര മന്ത്രാലയത്തിന് കീഴിൽ ഡെവലപ്മെന്റ് കമീഷണർ ഓഫ് ഹാൻഡക്രാഫ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ക്രാഫ്റ്റ്സ് ബസാർ സംഘടിപ്പിച്ചിട്ടുള്ളത്. 100 കരകൗശല സ്റ്റാളുകളിൽ കുടുംബശ്രീ മിഷന്റെ 10 സ്റ്റാളുകളുമുണ്ട്. രാജ്യത്തെ 20ലേറെ സംസ്ഥാനങ്ങളിൽ നിന്നുള്ള 200ഓളം കരകൗശല വിദഗ്ധർ ഇവിടെയെത്തിയിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് ബസാറിന്റെ സംഘാടനം. മേള ഞായറാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

