കരുവന്നൂരിൽ കുരുക്കിലായി സി.പി.എം; കൂടുതൽ നേതാക്കൾ സംശയനിഴലിൽ
text_fieldsതൃശൂർ: കരുവന്നൂർ ക്രമക്കേടിലും കള്ളപ്പണ ഇടപാടിലും ഇ.ഡി അന്വേഷണം പുരോഗമിക്കുന്നതിനിടെ കൂടുതൽ സി.പി.എം നേതാക്കൾ സംശയനിഴലിൽ. പാർട്ടി ചതിച്ചുവെന്ന ഗുരുതര ആരോപണമാണ് കേസിലകപ്പെട്ട ഭരണസമിതി അംഗങ്ങൾ ഉന്നയിക്കുന്നത്.
മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി. മൊയ്തീനും ഏരിയ കമ്മിറ്റി അംഗമായ അനൂപ് ഡേവീസ് കാടയും ഇ.ഡിയുടെ ചോദ്യംചെയ്യലിന് വിധേയരായിക്കൊണ്ടിരിക്കെ ബാങ്ക് ക്രമക്കേടിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമീഷൻ അംഗങ്ങളായ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി.കെ. ബിജുവും പി.കെ. ഷാജനുമാണ് സംശയ നിഴലിലേക്ക് വന്നിരിക്കുന്നത്.
ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതി പി. സതീഷ്കുമാറുമായുള്ള ബന്ധമാണ് മൊയ്തീനിലേക്കും ഇപ്പോൾ ബിജുവിലേക്കും പി.കെ. ഷാജനിലേക്കും എത്തുന്നത്. മുൻ ജില്ല സെക്രട്ടറി ബേബി ജോണിനെതിരെയും ഇപ്പോഴത്തെ സെക്രട്ടറി എം.എം. വർഗീസിനെതിരെയും ആരോപണങ്ങൾ ഉയർന്നുകഴിഞ്ഞു.
ബാങ്കിൽ ക്രമക്കേട് നടക്കുന്നതായും പാർട്ടി അടിയന്തരമായി ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ട് ബാങ്കിലെ ജീവനക്കാരനുമായിരുന്ന എം.വി. സുരേഷ് ആദ്യം പരാതി നൽകുന്നത് ബേബി ജോണിനാണ്. എന്നാൽ, പരാതിയിൽ പ്രാഥമിക പരിശോധനക്ക് പോലും തയാറായില്ല.
പിന്നീട് ചുമതലയേറ്റ എ.സി. മൊയ്തീനും പരാതി നൽകി. എന്നാൽ, പരാതി പരിശോധിക്കുന്നതിന് പകരം സുരേഷിനെ ബാങ്കിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കുകയായിരുന്നു. പിന്നീട് വന്ന ഭരണസമിതി അംഗങ്ങളിലെ ചിലർ ബാങ്ക് ക്രമക്കേട് വിവരങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിച്ചതോടെയാണ് അന്വേഷണത്തിന് തയാറായത്.
നേതാക്കളെ രക്ഷിക്കാൻ താനടക്കമുള്ള ഭരണസമിതി അംഗങ്ങളെ പാർട്ടി ബലിയാടാക്കുകയായിരുന്നെന്ന് മുൻ ഭരണസമിതി അംഗം ജോസ് ചക്രംപുള്ളി പറയുന്നു. ഇ.ഡിയുടെ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങു
ന്നത്.
2019 മേയ് 13ന് ജില്ല സെക്രട്ടറി എം.എം. വർഗീസിനെ ഞാൻ നേരിട്ടു കാണുകയും ബാങ്കിൽ നടക്കുന്ന തട്ടിപ്പുകളുടെ വിവരം വ്യക്തമായി അറിയിക്കുകയും ചെയ്തതാണ്. ഇതിനു പിന്നാലെ ഏരിയ കമ്മിറ്റി യോഗം ചേരുകയും തട്ടിപ്പിനെക്കുറിച്ചു ചർച്ച നടത്തുകയും ചെയ്തു.
പി.കെ. ബിജു, പി.കെ. ഷാജൻ എന്നിവർക്കു മുന്നിലും വിശദമായ മൊഴിനൽകി. ബാങ്കിൽ തട്ടിപ്പുകൾ നടന്നത് താനടക്കമുള്ളവർ ഭരണസമിതിയിലെത്തുന്നതിനു മുമ്പാണെന്നും ജോസ് ചക്രംപുള്ളി പറഞ്ഞു. 7.5 കോടിയാണ് ജോസിൽനിന്ന് തിരിച്ചുപിടിക്കാൻ സഹകരണ വകുപ്പ് നിർദേശിച്ചിട്ടുള്ളത്.
വലിയ വായ്പകൾ പാസാക്കിയത് ഭരണസമിതി അറിയാതെയാണെന്ന് സി.പി.ഐ പ്രതിനിധികളായിരുന്ന ലളിതനും സുഗതനും പറഞ്ഞു. തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ചെന്നപ്പോൾ സി.പി.എം നേതാക്കൾ അവഗണിച്ചു. സി.പി.ഐ നേതാക്കളും സഹായിച്ചില്ല. ഇരുവരിൽനിന്നും 8.33 കോടി വീതം ഈടാക്കാനാണ് തീരുമാനം.
ചെയ്യാത്ത കുറ്റത്തിനാണ് ഞങ്ങൾ ശിക്ഷ അനുഭവിക്കുന്നതെന്നാണ് മുൻ ഭരണസമിതി അംഗങ്ങളായ അമ്പിളി മഹേഷും മിനി നന്ദനും പറഞ്ഞത്. അഞ്ച് ലക്ഷത്തിനു മേലുള്ള ഒരു വായ്പയും ഞങ്ങളുടെ അറിവോടെ പാസാക്കിയിട്ടില്ല. ഒരു തെറ്റും ചെയ്യാത്ത ഞങ്ങളുടെ തലയിൽ എട്ടും പത്തും കോടി രൂപയുടെ ബാധ്യത ഇട്ടുതന്ന് ജപ്തിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും ഇരുവരും പറഞ്ഞു.