ഇനി നിത്യതയുടെ ‘നാലാം ലോക’ത്ത്; ബദൽ ലോകം സ്വപ്നം കണ്ട സൈദ്ധാന്തികന് വിട
text_fieldsഅന്തരിച്ച ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് തത്വചിന്തകനുമായാ ഡോ. എം.പി. പരമേശ്വരന്റെ ഭൗതിക ശരീരത്തിൽ അന്ത്യോപചാരം അർപ്പിക്കുന്ന സി.പി.എം ജില്ല സെക്രട്ടറി
കെ.വി. അബ്ദുൾ ഖാദർ
തൃശൂർ: പാർട്ടി പടിക്ക് പുറത്തുനിർത്തിയെങ്കിലും ഡോ. എം.പി. പരമേശ്വരൻ ഉയർത്തിയ നവചിന്തകൾക്ക് മരണമില്ല. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരാണ് ‘കാലഹരണമില്ലാത്ത സ്വപ്നങ്ങൾ’. കാലഹരണപ്പെടാത്ത ഒത്തിരി ചിന്തകൾ പുതുതലമുറയിലേക്ക് പകർന്നാണ് 91ാമത്തെ വയസ്സിൽ അദ്ദേഹം വിടപറയുന്നത്. കേരള ചരിത്രത്തിൽ വലിയൊരു മാറ്റം ഉണ്ടാക്കിയ വ്യക്തിയാണ് എം.പി. പരമേശ്വരൻ.
ആത്മകഥനത്തിനേക്കാൾ ഉപരിയായി ആധുനിക കേരളത്തിന്റെ ചരിത്രമാണ് ഈ പുസ്തകം നിറയെ. സ്വപ്നംകണ്ട ശാസ്ത്ര പ്രചാരണത്തിനായി സ്വന്തം കരിയർ തന്നെ ഉപേക്ഷിച്ചാണ് അദ്ദേഹം പൊതുസമൂഹത്തിലേക്ക് ഇറങ്ങിയത്. സി.പി.എമ്മിൽ സജീവമായിരിക്കെ ചിന്ത പബ്ലിക്കേഷൻസ് രൂപം നൽകുന്നതിൽ മുഖ്യപങ്ക് വഹിച്ചു. ‘വൈരുദ്ധ്യാത്മക ഭൗതികവാദം’ ലളിതമായ ഭാഷയിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് എം.പി. പരമേശ്വരനാണ്. നിരവധി മാർക്സിയൻ സൈദ്ധാന്തിക കൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.
സാക്ഷരത പ്രസ്ഥാനം, പാഠ്യപദ്ധതി പരിഷ്കരണം, അധികാര വികേന്ദ്രീകരണം എന്നിവയിൽ നിർണായക പങ്കുവഹിച്ചു. അധികാര വികേന്ദ്രീകരണം സംബന്ധിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട സെൻ കമ്മിറ്റിയിൽ അംഗമായിരുന്നു. ശാസ്ത്ര ക്ലാസുകൾ, സമ്പൂർണ സാക്ഷരത യജ്ഞം, അഖിലേന്ത്യാ സാക്ഷരത പ്രസ്ഥാനമായ ബി.ജി.വി.എസ് പ്രവർത്തനങ്ങൾ, സൈലന്റ് വാലി പ്രക്ഷോഭം തുടങ്ങിയവയാൽ സംഭവ ബഹുലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തിങ്ക് ടാങ്കുകൾ സർക്കാറിൽനിന്ന് പണം വാങ്ങി പുതിയ ആശയങ്ങളും ടെക്നോളജികളും പകരം നൽകുന്ന പതിവിൽനിന്ന് വ്യത്യസ്തമായി നാടിന് ചേരുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയും അത് നടപ്പാക്കുകയും ചെയ്തു എന്നതാണ് എം.പി. പരമേശ്വരനെ മറ്റുള്ളവരിൽനിന്ന് വേർതിരിക്കുന്ന പ്രധാന സംഗതി.
കേരളത്തിന്റെ ധൈഷണിക നേതൃത്വമായിരുന്നു അദ്ദേഹം. എം.പി. പരമേശ്വരന്റെ സ്വതന്ത്ര ചിന്താഗതിയും ചിന്താശേഷിയും തന്നെയാണ് സി.പി.എമ്മിൽനിന്ന് പുറത്തേക്കുള്ള വഴിതെളിച്ചതും. മാർക്സിസം ശാസ്ത്രമാണെന്ന വിശ്വാസത്തിൽ പുതിയ അന്വേഷണങ്ങൾക്ക് മുതിർന്ന അദ്ദേഹം ‘നാലാം ലോക സിദ്ധാന്തം’ എന്ന പേരിൽ മാധ്യമങ്ങൾ വിശേഷിപ്പിച്ച ചിന്തകളുടെ പേരിൽ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. പുതിയ ചിന്തകൾ സ്വാംശീകരിച്ച് നടപ്പാക്കാനുള്ള പരിശ്രമങ്ങളെ നിരാകരിച്ചും പരമ്പരാഗത ചിന്തകളുടെ അടിസ്ഥാനത്തിലും മാത്രമേ മുന്നോട്ടുപോകൂ എന്ന് ശഠിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് പാർട്ടി പരമേശ്വരന് പുറത്തേക്കുള്ള വഴി കാട്ടിക്കൊടുക്കുകയായിരുന്നു.
പുതിയ ആശയങ്ങൾ പ്രവൃത്തി പഥത്തിലെത്തിക്കാൻ കഴിഞ്ഞതാണ് എം.പി. പരമേശ്വരന്റെ വിജയം. അതിന് പരിഷത്ത് പോലെ ഒരു സംഘടനയുടെ പിന്തുണയും അതിനോട് ചേർന്നു നിൽക്കുന്ന ബുദ്ധിജീവികളുടെ ചിന്തകളും വളരെയേറെ സഹായിച്ചു. ഇന്ത്യയിൽ, കേരളത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനത്തെ ദേശീയ സംഘടന സംവിധാനമാക്കിമാറ്റി എന്നതാണ് എം.പിയുടെ പ്രധാന സംഭാവന. അധികാര വികേന്ദ്രീകരണം, പരിസ്ഥിതി സംരക്ഷണം, ഗാന്ധിയൻ ഗ്രാമസ്വരാജ്, മാർക്സിസ്റ്റ് ആശയങ്ങൾ എന്നിവ കോർത്തിണക്കി മുതലാളിത്ത വികസനത്തിന് ബദലായി വിഭാവനം ചെയ്ത ‘നാലാം ലോകം’ എന്ന ആശയം ബാക്കിയാക്കിയാണ് അദ്ദേഹം മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

