സി.പി.എം ജില്ല സമ്മേളന പ്രചാരണ ഫുട്ബാൾ; ബൂട്ടണിഞ്ഞ് പാപ്പച്ചനും അഞ്ചേരിയും
text_fieldsസി.പി.എം ജില്ല സമ്മേളന പ്രചാരണാർഥം തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന സെലിബ്രിറ്റി ഫുട്ബാൾ മത്സരം മേയർ എം.കെ. വർഗീസ് പന്ത് തട്ടി ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: സി.പി.എം ജില്ല സമ്മേളനത്തിനോടനുബന്ധിച്ച് സെലിബ്രിറ്റി ഫുട്ബാൾ പ്രദർശന മേള സംഘടിപ്പിച്ചു. അന്താരാഷ്ട്ര ഫുട്ബാൾ താരങ്ങളായ പാപ്പച്ചനും ജോപോൾ അഞ്ചേരിയും നേർക്കുനേർ ഏറ്റുമുട്ടി.
ആദ്യപകുതിയുടെ തുടക്കത്തിൽ ജോപോൾ നയിക്കുന്ന ടീം ഗോൾവല ചലിപ്പിച്ചപ്പോൾ, നിമിഷങ്ങൾക്കകം എതിർവലയും ചലിച്ചു. അവസാന വിസിൽ മുഴങ്ങിയപ്പോൾ സമനിലയിലായി. കോർപറേഷൻ സ്റ്റേഡിയത്തിലായിരുന്നു 40 മിനിറ്റ് മത്സരം. ആദ്യപകുതിയിൽ ജോപോൾ അഞ്ചേരി നയിച്ച ടീമിലെ സനിലാണ് ലക്ഷ്യം കണ്ടത്. 19ാം മിനിറ്റിൽ പാപ്പച്ചന്റെ ടീമിലെ ശ്രീജീത്രാജ് മറുപടി നൽകി.
മേയർ എം.കെ. വർഗീസ് പന്ത് തട്ടി മേള ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല സെക്രട്ടറി എം.എം വർഗീസ്, സംഘാടകസമിതി ജനറൽ കൺവീനർ യു.പി. ജോസഫ്, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി, ഡി.എഫ്.എ സെക്രട്ടറി ഡേവീസ് മുക്കൻ, ജില്ല വൈസ് പ്രസിഡന്റ് സി. സുമേഷ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞദിവസത്തെ തെക്കുംകരയിൽ മെഗാതിരുവാതിര സംഘടിപ്പിച്ചത് വിവാദമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു മേള സംഘടിപ്പിച്ചത്.

