മുതിർന്നവരിലും കുട്ടികളിലും കോവിഡ് കൂടുന്നു; ജാഗ്രതാ നിർദേശങ്ങൾ കടുപ്പിച്ച് ഭരണകൂടം
text_fieldsതൃശൂർ: ജില്ലയിൽ മുതിർന്നവരിലും കുട്ടികളിലും കോവിഡ് ബാധ കൂടുന്നു. ഇതിൽ തന്നെ മുതിർന്നവരുടെ രോഗവർധന കൂടുതൽ അപകടകരമാണ്. ഈ മാസം ഒന്ന് മുതൽ 15 വരെ 60ന് മുകളിലുള്ള 588 സ്ത്രീകളും 616 പുരുഷന്മാരും അടക്കം 1204 മുതിർന്നവർക്കാണ് രോഗം ബാധിച്ചത്.
ഈ മാസം 15 വരെയുള്ള കണക്ക് പ്രകാരം പത്ത് വയസ്സിന് താഴെയുള്ള ആൺകുട്ടികളിലും പെൺകുട്ടികളിലുമായി 253ലേറെ കുട്ടികൾക്കാണ് കോവിഡ് പോസിറ്റിവായത്. 11ന് എട്ട് ആൺകുട്ടികൾക്കും ഏഴ് പെൺകുട്ടികൾക്കും രോഗം സ്ഥിരീകരിച്ചെങ്കിൽ പത്തിന് 11 ആൺകുട്ടികൾക്കും 18 പെൺകുട്ടികൾക്കും രോഗം റിപ്പോർട്ട് ചെയ്തത്. 13ന് 17 ആൺകുട്ടികൾക്കും 18 പെൺകുട്ടികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 14ന് 12 ആൺകുട്ടികൾക്കും 16 പെൺകുട്ടികൾക്കുമാണ് രോഗം ബാധിച്ചത്. 15ന് 15 ആൺകുട്ടികൾക്കും 24 പെൺകുട്ടികൾക്കും രോഗം റിപ്പോർട്ട് െചയ്തു.
കോവിഡ് പോസിറ്റിവായവർ വീടുകളിൽ തന്നെയാണ് വിശ്രമിക്കുന്നത്.ഇതോടെ വീടുകളിൽ മറ്റുള്ളവർക്ക് കൂടി രോഗവ്യാപന സാധ്യത വർധിക്കുകയാണ്. കഴിഞ്ഞ മാസം രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായത് ആശ്വാസം പകർന്നിരുന്നു. അതിനിടെ കുട്ടികളെ പൊതുഇടങ്ങളിൽ കൊണ്ടുപോകുന്നതിൽ ഒരു നിയന്ത്രണവും പാലിക്കപ്പെടുന്നില്ല.
മുതിർന്നവരും വീട്ടിൽ കഴിയാൻ വിമുഖത കാണിക്കുകയാണ്. വിവാഹം പോലുള്ള ചടങ്ങുകളിലെല്ലാം നിയന്ത്രണങ്ങൾ ഏതുമില്ലാതെയാണ് കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്നത്. പൊതു ചികിത്സാലങ്ങൾ കുറയുകയും വീടുകളിലെ ചികിത്സക്ക് അധികൃതർ കൂടുതൽ പ്രാമുഖ്യം നൽകുകയും ചെയ്തതോടെയാണ് കാര്യങ്ങൾ കൈവിട്ടത്.
737 പേര്‍ക്കുകൂടി കോവിഡ് 245 പേര് രോഗമുക്തർ
തൃശൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച 737 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 245 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4698 ആണ്. തൃശൂര്‍ സ്വദേശികളായ 84 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,10,472 ആണ്. 1,05,119 പേരെയാണ് ആകെ രോഗമുക്തരായി. ജില്ലയിൽ വെള്ളിയാഴ്ച സമ്പര്‍ക്കം വഴി 715 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 14 പേര്‍ക്കും നാലു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറവിടം അറിയാത്ത നാലുപേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരില്‍ 60 വയസ്സിനുമുകളില്‍ 41 പുരുഷന്മാരും 47 സ്ത്രീകളും പത്ത് വയസ്സിനു താഴെ 12 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളുമുണ്ട്.
6029 സാമ്പിളുകളാണ് പരിശോധനക്കെടുത്തത്. ഇതില്‍ 3480 പേര്‍ക്ക് ആൻറിജന്‍ പരിശോധനയും 2186 പേര്‍ക്ക് ആർ.ടി.പി.സി.ആര് പരിശോധനയും 363 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 12,36,745 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്.
കോവിഡ് ജാഗ്രത; മാനദണ്ഡം കർശനമാക്കും
കൊടുങ്ങല്ലൂർ: കോവിഡിനെ പ്രതിരോധിക്കാൻ സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ കൊടുങ്ങല്ലൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
മാസ്ക് ധരിക്കാതെയും ശരിയായ രീതിയിൽ ധരിക്കാതെയും നടക്കുന്നവർക്കെതിരെ പിഴ ഉൾപ്പെടെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ പൊലീസിനും സെക്ടറൽ മജിസ്ട്രേറ്റുമാർക്കും നിർദേശം നൽകി. രാത്രി ഒമ്പതിന് ശേഷം ഷോപ്പുകൾ, മാളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്. വിവാഹങ്ങൾക്കും പൊതുപരിപാടികൾക്കും കർശനമായി പ്രോട്ടോകോൾ പാലിക്കണം.
1000 പേർക്ക് പ്രതിദിനം വാക്സിൻ നൽകും. വാർഡുതലത്തിൽ ജാഗ്രത സമിതികളും ഹെൽത്ത് കമ്മിറ്റികളും വീടുകൾ കയറി രോഗ പ്രതിരോധ പരിപാടികളെക്കുറിച്ചും വാക്സിൻ എടുക്കുന്നതിനും ബോധവത്കരണം നടത്തും. താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം പ്രവർത്തനസജ്ജമാക്കി ഐ.സി.യു ഉൾപ്പെടെ സൗകര്യങ്ങൾ ഏർപ്പെടുത്തി രോഗികള അവിടേക്ക് മാറ്റും.
കോട്ടപ്പുറം മാർക്കറ്റിൽ കർശന പരിശോധന നടത്തും. ആംഫി തിയറ്റർ ഉൾപ്പെടെ കോട്ടപ്പുറം കായലോരത്തെ പാർക്കിലേക്ക് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മരുന്നിെൻറ ലഭ്യതയനുസരിച്ച് മെഗ വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിക്കും.
നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, എൽസി പോൾ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണൻ, തഹസിൽദാർ ജ്യോതി, നഗരസഭ സെക്രട്ടറി സനൽ, ഡോക്ടർമാരായ മുംതാസ്, ഫാത്തിമ, ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവർ പങ്കെടുത്തു.
ഗുരുവായൂരിൽ ജാഗ്രത
ഗുരുവായൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് വ്യാപാരികള്‍ക്കും ലോഡ്ജുകാർക്കും പൊലീസ് നിർദേശം നൽകി. എ.സി.പി ടി.പി. ശ്രീജിത്താണ് വ്യാപാരികളുടെയും ലോഡ്ജ് ഉടമകളുടെയും യോഗം വിളിച്ച് നിർദേശങ്ങൾ നൽകിയത്.
ലോഡ്ജുകളെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ഒരു ലോഡ്ജുടമയും പൊലീസുകാരനും ഉൾപ്പെടുന്ന നിരീക്ഷണ സമിതി ഉണ്ടാക്കിയിട്ടുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട് നേരത്തേയുള്ള ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനം കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തില്‍ ശക്തിപ്പെടുത്തുകയായിരുന്നു. ലോഡ്ജുകളിലെ ശുചിത്വം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കല്‍, മുറികള്‍ അണുമുക്തമാക്കല്‍ തുടങ്ങിയവ കൃത്യമായി നടക്കുന്നുണ്ടോയെന്ന് ജാഗ്രത സമിതികൾ പരിശോധിക്കും.
വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒമ്പതിന് അടക്കുക, സാമൂഹിക അകലം ഉറപ്പാക്കുക, മാസ്ക് ധരിക്കുക തുടങ്ങിയവ പാലിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

