വീണ്ടും പണിമുടക്കി കോർപറേഷൻ പാർക്കിങ് സംവിധാനം
text_fieldsതൃശൂർ കോർപറേഷൻ ഓഫിസിലെ ഓട്ടോമാറ്റിക് ഹൈഡ്രോളിക് കാർ പാർക്കിങ് ലിഫ്റ്റിലെ തകരാർ മൂലം കാർ കുടുങ്ങിയത്തിന് താഴെ പ്രതിപക്ഷ നേതാവ് രാജൻ പല്ലന്റെ നേതൃത്വത്തിൽ റീത്ത് വെച്ച് പ്രതിഷേധിക്കുന്നു
തൃശൂർ: ഒരു കോടി രൂപ മുടക്കി തൃശൂർ കോർപറേഷനിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് കാർ പാർക്കിങ് സംവിധാനം വീണ്ടും തകരാറിലായി. പ്രവർത്തനം തുടങ്ങി രണ്ടാഴ്ചക്കുള്ളിൽ രണ്ടാം തവണയാണ് യന്ത്രത്തകരാർ മൂലം വാഹനങ്ങൾ കുടുങ്ങുന്നത്. എറണാകുളം സ്വദേശി ജിതിൻ ജോസഫിന്റെ കാറാണ് ഏറ്റവും ഒടുവിൽ സെൻസർ തകരാറിനെ തുടർന്ന് ഒന്നര മണിക്കൂറോളം പാർക്കിങ് സംവിധാനത്തിൽ കുടുങ്ങിയത്.
കോർപറേഷനിൽ എത്തിയ എറണാകുളം സ്വദേശി ജിതിൻ ജോസഫിനോട്, ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് കാർ സംവിധാനത്തിൽ കയറ്റിയിടാൻ നിർദേശിച്ചത്. കോർപറേഷനിൽ കയറി തിരികെയെത്തിയ ജിതിൻ കാർ എടുക്കാൻ നോക്കിയാപ്പോഴാണ് കാർ കുടുങ്ങിയത് അറിയുന്നത്. രണ്ടുദിവസം മുൻപ് ഉദ്യോഗസ്ഥന്റെ കാർ സമാനമായ രീതിയിൽ കുടുങ്ങിയിരുന്നു. പാർക്കിങ് ബേയിലെ 13 കമ്പികൾ ഒടിഞ്ഞ് കാർ അപകടകരമായി ചരിഞ്ഞുവെന്നും ആളപായം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആരോപിച്ചു.
എന്നാൽ ആരോപണം തള്ളിയ കോർപറേഷൻ അധികൃതർ, കമ്പികൾ ഒടിഞ്ഞിട്ടില്ലെന്നും ഒരു സുരക്ഷാ ജീവനക്കാരന്റെ കാൽ വിടവിൽ കുടുങ്ങിയതിനെ തുടർന്ന് സുരക്ഷക്കായി പുതിയ കമ്പികൾ വെൽഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചു. ഓട്ടോമാറ്റിക് കാർ പാർക്കിങ് സംവിധാനത്തിന്റെ സെൻസറുകൾ പ്രവർത്തിച്ചുകൊണ്ടിരുന്നത് തമിഴ്നാട്ടിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ്. നിലവിലുള്ള ജീവനക്കാർക്ക് ഇതിന്റെ പ്രവർത്തനത്തിൽ പൂർണ വൈദഗ്ധ്യം നേടാനായിട്ടില്ല.
മേയറുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ ലഭ്യമായിരിക്കെ, കോർപറേഷനിലെ വൈദ്യുതി വിഭാഗത്തിൽ എത്തിയ സാധാരണക്കാരന്റെ കാർ ഉപയോഗിച്ച് സംവിധാനം പരീക്ഷിച്ചത് കൊടുംചതിയാണെന്ന് രാജൻ പല്ലൻ കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാർ വൈകിട്ട് മൂന്ന് മണി മുതൽ അഞ്ച് മണി വരെ പാർക്കിംഗ് സമുച്ചയത്തിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. അടിയന്തരമായി തകരാർ പരിഹരിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

