കോർപറേഷൻ വൈദ്യുതി വിഭാഗം സ്തംഭനത്തിലേക്ക്
text_fieldsതൃശൂർ: കോർപറേഷൻ വൈദ്യുതി വിഭാഗത്തിലെ പകുതിയിലേറെ തസ്തികകൾ വെട്ടിച്ചുരുക്കിയ സർക്കാർ ഉത്തരവിനെതിരെ ജീവനക്കാർ സമരമുഖത്ത്. 229 ജീവനക്കാരുള്ള വിഭാഗത്തിൽ 103 പേർ മതിയെന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് നൂറിലേറെ താൽക്കാലിക ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നതിനൊപ്പം വകുപ്പിന്റെ പ്രവർത്തനങ്ങളെയും സ്തംഭിപ്പിക്കും. പ്രതിഷേധസൂചകമായി തിങ്കളാഴ്ച മുതൽ ഉപഭോക്തൃ പരാതികൾ പരിഹരിക്കില്ലെന്ന് സംയുക്ത തൊഴിലാളി യൂനിയൻ അറിയിച്ചു.
വകുപ്പിന്റെ നട്ടെല്ലായ ലൈൻമാൻ, ഇലക്ട്രിക്കൽ വർക്കർ തുടങ്ങിയ തസ്തികകളിലാണ് ഏറ്റവും വലിയ വെട്ടിക്കുറക്കൽ വരുത്തിയിട്ടുള്ളത്. 51 ലൈൻമാൻമാരുടെ തസ്തിക അഞ്ചായും 50 ഇലക്ട്രിക്കൽ വർക്കർമാരുടേത് 18 ആയുമാണ് ചുരുക്കിയത്. 12.5 ചതുരശ്ര കിലോമീറ്ററിൽ 40,000ൽപരം ഉപഭോക്താക്കൾക്ക് 24 മണിക്കൂറും സേവനം നൽകുന്ന വിഭാഗത്തിന് ഇത്രയും കുറഞ്ഞ ജീവനക്കാരെ വെച്ച് പ്രവർത്തിക്കാനാകില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
പുതിയ മീറ്റർ റീഡർമാരെ നിയമിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് ഈ നടപടി. 2018ൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്റ്റാഫ് പാറ്റേൺ പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് മേയ് 22ന് മന്ത്രിയുടെ ചേംബറിൽ ചർച്ച നടന്നിരുന്നു. ചർച്ചയിൽ യൂനിയൻ പ്രതിനിധികൾ ഉന്നയിച്ച പ്രായോഗിക ബുദ്ധിമുട്ടുകളും ആവശ്യങ്ങളും പൂർണമായി അവഗണിച്ചാണ് ധനവകുപ്പ് ശിപാർശ പ്രകാരം ഏകപക്ഷീയമായ ഉത്തരവിറക്കിയതെന്ന് സംയുക്ത തൊഴിലാളി യൂനിയൻ ആരോപിച്ചു.തിങ്കളാഴ്ച മുതൽ ഉപഭോക്താക്കളുടെ ഫോൺ വഴിയുള്ള പരാതികൾ സ്വീകരിക്കുമെങ്കിലും പരിഹാര നടപടികൾക്കായി ഫീൽഡിലിറങ്ങില്ലെന്നാണ് ജീവനക്കാരുടെ തീരുമാനം. സബ് സ്റ്റേഷനുകളിലെ അടിയന്തര ജോലികൾ മുടങ്ങില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

