കോർപറേഷൻ കെട്ടിടം അപകടാവസ്ഥയിൽ; ജനം ആശങ്കയിൽ
text_fieldsതൃശൂർ: കോർപറേഷന്റെ മുന്‍ഭാഗത്തെ പഴയക്കെട്ടിടവും ഇപ്പോഴുള്ള ക്ലോക്ക് ടവർ ഉള്‍പ്പെടെയുള്ള ഭാഗങ്ങളും അപകട ഭീഷണിയിൽ. ദിവസേന നൂറുകണക്കിന് ആളുകൾ കയറിയിറങ്ങുന്ന കെട്ടിടത്തിന്റെ ശോച്യാവസ്ഥയിൽ ജീവനക്കാരും പൊതുജനങ്ങളും ഒരുപോലെ ആശങ്കയിലാണ്. കോർപറേഷന്റെ മുന്‍ഭാഗത്തുകൂടെ അകത്ത് പ്രവേശിച്ച് ഒന്നാം നിലയിലേക്കുള്ള വരാന്തയും ഗോവണിയും അതി അപകടാവസ്ഥയിലാണ്.
മുകളിലെ കോൺക്രീറ്റ് അടർന്നുവീണ്, വെള്ളമിറങ്ങി ഭിത്തികൾ നനഞ്ഞു കുതിർന്നിരിക്കുന്നു. വർഷങ്ങളായി തുടരുന്ന ചോർച്ച കാരണം ഭിത്തികൾ കറുത്തിരുണ്ട് പായലും പൂപ്പലും പിടിച്ച നിലയിലാണ്. ഇതിനുപുറമെ, വൈദ്യുത വയറുകൾ ചുമരുകളിൽനിന്ന് വേർപെട്ട് അപകടകരമായി തൂങ്ങിക്കിടക്കുന്നത് മഴക്കാലത്ത് ഷോക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
ഭിത്തിയിൽ പിടിക്കാതെ വേണം മുകളിലേക്ക് കയറാനെന്ന് ഇവിടേക്ക് വരുന്നവർ പറയുന്നു. മുകളിലെ നിലയിലെ മൂന്നോളം ഓഫിസുകളിലായി മുപ്പതോളം ജീവനക്കാരും ദിവസേന എത്തുന്ന നിരവധി പൊതുജനങ്ങളുമുണ്ട്. ഇത്രയധികം പേരുടെ ഭാരം താങ്ങാൻ ഈ ജീർണിച്ച കെട്ടിടത്തിന് കഴിയുമോയെന്ന ആശങ്ക ശക്തമാണ്.
എന്തെങ്കിലും അപകടമുണ്ടായാൽ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരും അപകടത്തിലാകും. കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ, ‘ആരോട് പരാതിപ്പെടാനാണ്’ എന്ന നിസ്സഹായമായ മറുപടിയാണ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്. നഗരത്തിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും സുരക്ഷ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ ഈ കെട്ടിടത്തിന്റെ സുരക്ഷ സഹപ്രവര്‍ത്തകരുടെ സുരക്ഷ മുന്‍നിർത്തിയെങ്കിലും പരിശോധിക്കണം എന്നാണ് ഈ കെട്ടിടത്തിൽ കയറി ഇറങ്ങി പോകുന്നവര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

