കോർപറേഷൻ ബജറ്റ്; തൃശൂർ ഓക്സിജൻ സിറ്റിയാകും, 10 രൂപക്ക് പ്രാതലും 30 രൂപക്ക് ഉച്ചയൂണും
text_fieldsതൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് ബജറ്റ് അവതരിപ്പിക്കുന്നു. മേയർ നിജി ജസ്റ്റിൻ സമീപം
തൃശൂർ: 10 രൂപക്ക് പ്രഭാത ഭക്ഷണവും 30 രൂപക്ക് ഉച്ചയൂണും വിതരണം ചെയ്യുന്ന ഇന്ദിര കാന്റീനുകൾ അടക്കം നിരവധി പ്രഖ്യാപനങ്ങളുമായി കോർപറേഷൻ പുതിയ ഭരണ സമിതിയുടെ ആദ്യ ബജറ്റ്. നഗരത്തെ പച്ചപുതപ്പിച്ച് ഓക്സിജന്‍ ഗ്രീന്‍ സിറ്റിയാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായാണ് കോര്‍പറേഷന്‍ ബജറ്റ് അവതരണം നടന്നത്.
വായുമലിനീകരണം കുറച്ച്, പരിസ്ഥിതി സൗഹൃദപരമായ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റ് ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ് കൗണ്‍സിലില്‍ അവതരിപ്പിച്ചു. 3494290917 രൂപ ചെലവും, 11288524657 രൂപ വരവും, 7794233740 നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്
ഓക്സിജന്‍ ഗ്രീന്‍ സിറ്റി പദ്ധതിക്ക് പുറമെ, പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഡീസല്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ്, പ്ലാസ്റ്റിക് റീ ഇന്‍ഫോഴ്സ് കോണ്‍ക്രീറ്റിങ്, മാലിന്യത്തില്‍ നിന്ന് ഉൽപന്നങ്ങള്‍ ഉണ്ടാക്കല്‍, വലിയകുളത്തില്‍ ഫ്ലോട്ടിങ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കല്‍, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിലെ ജലം പുനരുപയോഗിക്കല്‍ എന്നിവയും ബജറ്റിലെ പ്രധാന പരിസ്ഥിതി സൗഹൃദ പദ്ധതികളാണ്.
കൂടാതെ, മില്‍ക്ക് എ.ടി.എം, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പൊതുജന സേവന സംവിധാനങ്ങള്‍ തുടങ്ങിയ നൂതന ആശയങ്ങളും ബജറ്റില്‍ ഇടം നേടിയിട്ടുണ്ട്. നഗരത്തിൽ നൈറ്റ് ലൈഫ് പ്രോൽസാഹിപ്പിക്കാനായി വടക്കേച്ചിറയിൽ ഫുഡ് സ്ട്രീറ്റിന് അനുമതി നൽകുമെന്നും ബജറ്റിൽ പറയുന്നു.
വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അനുയോജ്യമായി പൊതു ഇടങ്ങള്‍ മാറ്റിയെടുക്കും. കായിക മേഖലയില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണം, യുവാക്കള്‍ക്കായി സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സെന്റര്‍, ആധുനിക അറവുശാല തുടങ്ങിയവയും ബജറ്റിലെ പ്രധാന വാഗ്ദാനങ്ങളാണ്. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഫ്ലൈ ഓവറുകളും ബണ്ട് റോഡുകളും നിര്‍മിക്കുന്നതിനൊപ്പം റോഡ് അറ്റകുറ്റപ്പണികള്‍ക്കായി പോട്ട് ഹോള്‍ മെഷീന്‍ വാങ്ങാനും തീരുമാനിച്ചു.
സാമ്പത്തിക സമാഹരണത്തിനായി മുനിസിപ്പല്‍ ബോണ്ടുകള്‍ പുറപ്പെടുവിക്കും. മുന്‍ ഭരണസമിതികളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ഡിവിഷനുകളിലും വികസനമെത്തിക്കുമെന്നും പരാതി പരിഹാരത്തിനായി അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും മേയര്‍ ഡോ. നിജി ജസ്റ്റിന്‍ വ്യക്തമാക്കി.
നികുതിദായകരില്‍ നിന്ന് മുന്‍ ഭരണസമിതി ഈടാക്കിയ അധിക തുക സുപ്രീംകോടതി അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇളവ് ആനുകൂല്യം അനുവദിക്കും. ഇതുമൂലം കോടികളുടെ തുക വരുമാനത്തില്‍ ഇടിവ് വരുമെങ്കിലും ചെലവ് ചുരുക്കലും മറ്റുധന മാര്‍ഗങ്ങളില്‍കൂടിയും ഇത് പരിഹരിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.
പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍
സീവേജ് സെപ്റ്റിക് പ്ലാന്റ് നിര്‍മാണം 118 കോടി, ഇലക്ട്രിസിറ്റി പ്ലാന്റിന് പുതിയ കെട്ടിടം 48 കോടി, ശങ്കരംകുളങ്ങര ജങ്ഷന്‍ മുതല്‍ അയ്യന്തോള്‍ പുല്ലഴി വരെയുള്ള റോഡിന്റെ ബാക്കിയുള്ള ബിഎം ആന്‍ഡ് ബിസി ടാറിങ്ങിന് 25 കോടി, ജങ്ഷന്‍ വികസനവും സൗന്ദര്യവത്കരണവും 25 കോടി, വെള്ളക്കെട്ട് പരിഹരിക്കല്‍ 15 കോടി, സിന്തറ്റിക് ട്രാക് 10 കോടി, ജനറല്‍ ആശുപത്രി എം.ആർ.ഐ സ്‌കാനിങ് 10 കോടി, എൽ.ഇ.ഡി ലൈറ്റ് സ്ഥാപിക്കല്‍ ഏഴ് കോടി, ബെല്‍മൗത്ത് നിര്‍മാണം അഞ്ച് കോടി, ബണ്ട് റോഡ് നിര്‍മാണം അഞ്ച് കോടി, പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ സ്മാരക മിനി സ്റ്റേഡിയം കോംപ്ലക്സ് അഞ്ച് കോടി, വലിയ കുളങ്ങളില്‍ ഫ്ലോട്ടിംഗ് എയ്റേറ്ററുകള്‍ സ്ഥാപിക്കല്‍ അഞ്ച് കോടി, അയ്യന്തോള്‍ ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണവും ഗ്രൗണ്ട് നവീകരണവും അഞ്ച് കോടി, എം.ജി റോഡ് രണ്ടാം ഘട്ടം വികസനം അഞ്ച് കോടി, ജീവനകാകര്‍ക്ക് കുരിയച്ചിറയില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് പ്ലാന്റ് നിര്‍മാണം മൂന്ന് കോടി , അരണാട്ടുകര കടവാരം പുറമ്പോക്ക് നിവാസികളുടെ പുനരധിവാസത്തിനുള്ള ഫ്ലാറ്റ് നിര്‍മാണം രണ്ടരകോടി, പോട്ട് ഹോള്‍ മെഷീന്‍ രണ്ട് കോടി, പ്ലാസ്റ്റിക് ടു ഡീസല്‍ പ്ലാന്റ് രണ്ടു കോടി, നെഹ്റു പാര്‍ക്ക് നവീകരണം ഒരുകോടി, പിങ്ക് വാഷ് റൂം ഒരുകോടി, പുലിക്കളി പ്രോത്സാഹിപ്പിക്കാൻ 75 ലക്ഷം, എ.ബി.സി പദ്ധതി/ തെരുവ്നായ്ക്കള്‍ ഷെല്‍ട്ടര്‍ 50 ലക്ഷം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിവിധ പദ്ധതികൾ
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വ്യത്യസ്ത വിവിധ പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചു. വനിത ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്കും പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കും മാത്രമായി സൗജന്യ യാത്രയ്ക്കായി ബസ് സർവിസ്, ഇ ഓട്ടോ സംവിധാനം എന്നിവ നടപ്പാക്കും. സ്ത്രീകള്‍ക്ക് സൗജന്യ യോഗ, നീന്തല്‍, ഡ്രൈവിങ് പരിശീലനം എന്നിവയും നല്‍കും. മെന്‍സ്ട്രുല്‍ കപ്പ് വിതരണം, വനിത സ്വയം സംരംഭകര്‍ക്ക് ധനസഹായം, കുടുംബശ്രീ യൂനിറ്റുകളെ പ്രോത്സാഹിപ്പിക്കല്‍, പിങ്ക് വാഷ് റൂം എന്നിവയും നടപ്പാക്കും.
ഇന്ദിര കാന്റീന്‍
കുറഞ്ഞ നിരക്കില്‍ പ്രഭാതം മുതല്‍ അത്താഴം വരെ ഭക്ഷണം നല്‍കുന്ന പദ്ധതി. മൂന്ന് ഇഡലി, സാമ്പാര്‍, ചട്ണി എന്നിവ 10 രൂപ നിരക്കില്‍ പ്രഭാതഭക്ഷണം. കഞ്ഞി, ചമ്മന്തി, പയര്‍ ഉപ്പേരി, കൊണ്ടാട്ട മുളക് എന്നിവ അടങ്ങുന്ന ഉച്ചഭക്ഷണം 30 രൂപ, മൂന്ന് ചപ്പാത്തിയും കറിയും അടങ്ങുന്ന അത്താഴം 10 രൂപ നിരക്കില്‍ ലഭ്യമാക്കാനും കോര്‍പറേഷന്‍ നീക്കം. ഇതിനായി സി.എസ്.ആര്‍ ഫണ്ട്, സ്പോണ്സര്‍ഷിപ്പ് എന്നിവ മുഖേന തുക കണ്ടെത്തും.
എം.ജി റോഡ് രണ്ടാം ഘട്ടം, ശക്തന്‍ സ്റ്റാന്‍ഡ് വികസനം
എം.ജി റോഡ് രണ്ടാം ഘട്ടം വികസനത്തിനായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഇളവ് നല്‍കിയാല്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കാമെന്ന് ഉടമകള്‍ തയാറാക്കി നല്‍കിയ പാക്കേജിന് അംഗീകാരം ലഭിച്ചാല്‍ പഴയ മുനിസിപ്പല്‍ പ്രദേശത്ത് ഡി.ടി.പി സ്‌കീം അനുസരിച്ചുള്ള മുഴുവന്‍ റോഡ് വികസന പദ്ധതികൾക്കും സൗജന്യമായി സ്ഥലം ലഭ്യമാക്കാന്‍ സാധിക്കും. സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് ശക്തന്‍ സ്റ്റാന്‍ഡ് നവീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

