അപകടാവസ്ഥയിൽ കോർപറേഷൻ ബെൽമൗത്ത് കെട്ടിടം
text_fieldsതൃശൂർ: സ്വരാജ് റൗണ്ടിലെ കോർപറേഷൻ ഉടമസ്ഥതയിലുള്ള ബെൽമൗത്ത് കെട്ടിടം ജീർണാവസ്ഥയിൽ. പലയിടത്തും ചോർച്ചയുണ്ട്. കോൺക്രീറ്റ് പാളികൾ ഇളകി തുരുമ്പിച്ച കമ്പികൾ തെളിഞ്ഞുകാണുന്ന രീതിയിലാണ് ബഹുനില കെട്ടിടം. സ്വരാജ് റൗണ്ടിൽ കുറുപ്പം റോഡിലേക്ക് തിരിയുന്നിടത്താണ് 38 വർഷത്തിലേറെ പഴക്കമുള്ള നാല് നില കെട്ടിടമുള്ളത്. ഒരു സർക്കാർ ഓഫിസും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം നിലവിൽ 59 ഷോപ്പുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
സമയാസമയങ്ങളിൽ നവീകരണ പ്രവൃത്തികൾ നടത്താത്തതാണ് കെട്ടിടം ജീർണാവസ്ഥയിലാവാൻ കാരണം. വലിയ കാലപ്പഴക്കമില്ലാത്ത കെട്ടിടമാണ് അനാസ്ഥയെ തുടർന്ന് നശിക്കുന്നത്. രണ്ടാം നിലയിലും മുകൾ നിലയിലും കെട്ടിടം ചോർച്ചയുള്ള ഭാഗങ്ങൾ കാണാം. മുകളിലേക്കുള്ള ഒരു ഗോവണിയും ജീർണിച്ചിട്ടുണ്ട്.
കോർപറേഷന്റെ അനാസ്ഥയാണ് കെട്ടിടം ഇത്തരത്തിൽ ജീർണാവസ്ഥയിലാകാൻ കാരണമെന്ന് മുൻ വാർഡ് കൗൺസിലറും എച്ച്.എം.എസ് ജില്ല പ്രസിഡന്റുമായ അബ്ദുൽ മുത്തലിഫ് പറഞ്ഞു. കെട്ടിടം അടിയന്തരമായി പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് അദ്ദേഹം കോർപറേഷൻ സെക്രട്ടറിക്ക് കത്തുനൽകി. നഗരത്തിൽ 271 കെട്ടിടങ്ങൾ ശോച്യാവസ്ഥയിലുണ്ട്. അവക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങുന്ന കോർപറേഷൻ സ്വന്തം കെട്ടിടത്തിന്റെ ജീർണാവസ്ഥ കാണുന്നില്ലെന്ന് കെട്ടിടത്തിലെ ചില കച്ചവടക്കാർ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

