കോർപറേഷൻ ഓഡിറ്റ് റിപ്പോർട്ട്; കോടികളുടെ തിരിമറികൾ
text_fieldsതൃശൂർ: കോർപറേഷനിലെ ഫണ്ട് വിനിയോഗത്തിൽ അടിമുടി അപാകതയെന്ന് ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോർട്ട്. 2023-‘24 കാലയളവിലെ ഓഡിറ്റ് റിപ്പോർട്ടിലാണ് കോടികളുടെ തിരിമറികൾ സംബന്ധിച്ച കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ഓഡിറ്റ് റിപ്പോർട്ടിൽ ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദങ്ങൾ അരങ്ങേറി.
കെട്ടിടനികുതിയിനത്തിൽ കോടികളുടെ അഴിമതി അരങ്ങേറിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതുപോലെ മാലിന്യ നിർമാർജന ഫണ്ടിൽനിന്നും അനാവശ്യമായി ലക്ഷക്കണക്കിന് രൂപ ജി.എസ്.ടി അടച്ചതായും ചൂണ്ടിക്കാട്ടുന്നു. കോർപറേഷൻ പരിധിയിലുള്ള ഷോപ്പിങ് മാളിന് കെട്ടിട നികുതിയിനത്തിൽ 54,35,559 രൂപ അടക്കേണ്ട സ്ഥാനത്ത് കേവലം 14,58,000 രൂപ മാത്രം കൈപ്പറ്റി ഒത്തുതീർപ്പാക്കിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ 39,77,559 രൂപയാണ് കോർപറേഷന് നഷ്ടം. മാലിന്യ നിർമാർജന സേവനത്തിന് അനാവശ്യ നികുതിയടച്ചതിലൂടെ 16,87,277 രൂപ നഷ്ടമുണ്ടാക്കി. നടപ്പാക്കിയ മിക്ക പദ്ധതികളിലും സാമ്പത്തിക തിരിമറികൾ നടന്നിട്ടുള്ളതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2023-‘24 കാലയളവിൽ 1757 പദ്ധതികളാണ് കോർപറേഷൻ നടപ്പാക്കാൻ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, ഇതിൽ 516 എണ്ണം മാത്രമാണ് നടപ്പാക്കിയത്. ഈ കാലയളവിലെ പദ്ധതികൾക്കായി 93.31 കോടി രൂപയും ചെലവഴിച്ചു. ചെറുകിട ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ടാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ഒന്നര കോടിയുടെ നഷ്ടം ഈ മേഖലയിൽ മാത്രം സംഭവിച്ചു.
മൊബൈൽ ടവറുകളുടെ വസ്തു നികുതി കുടിശ്ശിക ഇനത്തിലും 60 ലക്ഷത്തോളം രൂപയുടെ ക്രമക്കേടാണ് അരങ്ങേറിയത്. ബയോഗ്യാസ് പ്ലാന്റ് വിതരണം, വിവിധ സ്ഥലങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കൽ, കൗൺസിൽ തീരുമാനിച്ചതിനേക്കാൾ കൂടിയ തുക ബയോബിൻ ഏജൻസിക്ക് കൈമാറിയത് എന്നിവയിലൊക്കെ വൻ ക്രമക്കേട് നടന്നതായി റിപ്പോർട്ട് പറയുന്നു.
റോഡുകളുടെ നവീകരണം, ബഡ്സ് സ്കൂളുകളുടെ ഫണ്ട് യഥാസമയം വിനിയോഗിക്കാത്തത്, ഒല്ലൂക്കര ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ പോരായ്മകൾ, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കോർപറേഷന്റെ തന്നെ അറവുശാലകൾ പ്രവർത്തിക്കുന്നു എന്നതടക്കം ഗുരുതരമായ കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്. 30 ലക്ഷം രൂപ മുടക്കി ജനറൽ ആശുപത്രിയിലേക്ക് വാങ്ങിയ സ്കാനിങ് മെഷീൻ വളരെ വേഗത്തിൽ പ്രവർത്തന രഹിതമായതിലെ ദുരൂഹത സംബന്ധിച്ചും റിപ്പോർട്ട് ആരോപണം ഉന്നയിക്കുന്നു. ആറു മാസം പോലും ഈ മെഷീൻ പ്രവർത്തിച്ചില്ലത്രേ. 195ലധികം അതിപ്രധാന ക്രമക്കേടുകളാണ് റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നത്.
ഓഡിറ്റ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
1. പാലിയേറ്റിവ് കെയർ ഹോംകെയർ യൂനിറ്റിന്റെ ഒരേ വാഹനം ഒരേ സമയം ഒന്നിൽ കൂടുതൽ യൂനിറ്റുകളിൽ ഓടിയതായി കാണിച്ചിരിക്കുന്നു. ഇത് കൃത്രിമമാണ്. ഈ ഇനത്തിൽ ചിലവഴിച്ചതായി കാണിച്ച ഒരു ലക്ഷത്തിലധികം രൂപ തിരിച്ചു പിടിക്കണം.
2. റിലയൻസ് ജിയോ, ജി.ഐ പോളുകളുടെ റീസ്റ്റോറേഷൻ ചാർജ് കുറവ് വരുത്തി ഈടാക്കിയതിലൂടെ രണ്ട് ലക്ഷം രൂപ നഷ്ടം വരുത്തി.
3. റീ സ്റ്റോറേഷൻ ചാർജ് ഈടാക്കിയതിലെ ക്രമക്കേടിൽ 3,19,151 രൂപ നഷ്ടം
4. അനാഥ-അഗതി മന്ദിരത്തിന്റെ പേരിൽ പിരിച്ച പണം വരവ് വെച്ചിട്ടില്ല.
5. ബയോമെട്രിക് പഞ്ചിങ് മെഷീനുകൾ സ്ഥാപിച്ചതിൽ ഗുരുതര ക്രമക്കേട്
6. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽനിന്ന് സർവിസ് ചാർജ് ഈടാക്കുന്നില്ല.
7. ഒല്ലൂർ, കൂർക്കഞ്ചേരി മേഖലാ കാര്യാലയത്തിന്റെ നിർമാണത്തിൽ വൻ ക്രമക്കേടുകൾ. കരാർ പുതുക്കാതെയും വാടക അടക്കാതെയും കോർപറേഷൻ വക നിരവധി മുറികൾ ആളുകൾ ഉപയോഗിക്കുന്നു.
8. വാർഷിക കണക്കുകളിലെ തുകകളും ഡിമാൻഡ് രജിസ്റ്ററിലെ തുകകളും ഒത്തുപോകുന്നില്ല.
9. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട വരവുചെലവു കണക്കുകളിൽ ഗുരുതര ക്രമക്കേട്. മിക്ക പദ്ധതികളുടെയും ധനവിനിയോഗം മരവിപ്പിക്കണം. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ വരവുചെലവ് കണക്കുകളിൽ ഗുരുതര ക്രമക്കേട്.
10. വിവിധയിനങ്ങളിൽ പിരിച്ചെടുക്കാനുള്ള കുടിശ്ശിക കണക്കുകളിൽ 19 കോടിയോളം രൂപയുടെ ക്രമക്കേട്
11. നികുതി കുടിശ്ശിക മാത്രം 7.196 കോടി.
12. അമൃത് പദ്ധതിയുടെ വരവ് ചെലവ് കണക്കുകളിൽ മാത്രം 31.88 കോടിയുടെ കണക്കുകൾ കാണാനില്ല.
13. രസീത് പിരിവിനുള്ള ഇ പോസ് മെഷീനുകൾ കെ. സ്മാർട്ടുമായി ലിങ്ക് ചെയ്യാതെ ക്രമക്കേട് നടത്തുന്നു.
14. അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയില്ല.
15. വിവിധ പദ്ധതികൾക്ക് ലഭിച്ച ഫണ്ടുകൾ വിനിയോഗിക്കാതെ വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

