ചാത്തൻചാൽ പദ്ധതി നിർമാണം നിലച്ചു
text_fieldsമുടങ്ങിക്കിടക്കുന്ന ചാത്തൻചാൽ പദ്ധതി നിർമാണം
കൊരട്ടി: കാടുകുറ്റി പഞ്ചായത്തിലെ കർഷകർക്ക് ഏറെ പ്രയോജനകരമായ ചാത്തൻചാൽ പദ്ധതിയുടെ പ്രവൃത്തികൾ നിലച്ചു. ഒരുമാസത്തിലേറെയായി പണികൾ മുടങ്ങിക്കിടക്കുകയാണ്. പ്രധാന കരാറുകാരനും ഉപകരാറുകാരനും തമ്മിലെ തർക്കമാണ് പണികൾ മുടങ്ങാൻ കാരണമെന്നാണ് സൂചന.
പദ്ധതി ആരംഭിച്ച ശേഷം പ്രഹസനമെന്ന പോലെ ഒരു മാസത്തോളമാണ് പണികൾ നടന്നത്. ചാത്തൻചാലിലെ കുറച്ചു ഭാഗം മണ്ണു നീക്കം ചെയ്ത് ആഴം കൂട്ടി. ഒരുവശത്തെ പഴയ ഭിത്തി പൊളിക്കുകയും മറുവശത്ത് ഭിത്തി നിർമിക്കുകയും ചെയ്തിരുന്നു.
പെരുന്തോട്ടിലേക്ക് പോകുന്ന ഭാഗത്ത് കാലങ്ങളായി അടിഞ്ഞ മണ്ണും ചണ്ടിയും മണ്ണുമാന്തി ഉപയോഗിച്ച് നീക്കം ചെയ്താണ് പണികൾക്ക് പ്രാരംഭം കുറിച്ചത്.
ഏറ്റവും വേഗതയോടെ പ്രവൃത്തി നടക്കേണ്ട വേനലിൽ പണികൾ ഇഴയുന്നത് നിരാശയോടെയാണ് കർഷകരടക്കമുള്ളവർ കാണുന്നത്. വേനൽമഴ എപ്പോഴാണ് ശക്തമാകുന്നതെന്ന് അറിയാത്ത അവസ്ഥയുണ്ട്. തുടർന്ന് മഴക്കാലമായാൽ പ്രവൃത്തി അനിശ്ചിതാവസ്ഥയിലാകും. ഇവിടെ വെള്ളക്കെട്ടുണ്ടാകും. പിന്നീട് പണികൾ നടക്കണമെങ്കിൽ വീണ്ടും കാത്തിരിക്കേണ്ടിവരും.
ചാത്തൻചാലും അതിനു സമീപത്തെ പെരുന്തോടും കെട്ടിസംരക്ഷിക്കുന്നത് നിരവധി കർഷകർക്കാണ് പ്രയോജനപ്പെടുക. ജില്ലയിലെ തന്നെ വലിയ കാർഷിക പദ്ധതിക്കായി 627 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. കെ.എൽ.ഡി.സിയുടെ നേതൃത്വത്തിലാണ് പണി നടക്കുന്നത്.
പദ്ധതി യാഥാർഥ്യമാകുന്നതിന് കടമ്പകൾ ഏറെയുണ്ടായിരുന്നു. ടെൻഡർ നടപടി പൂർത്തീകരിക്കാത്തതാണ് ആദ്യം പ്രശ്നമായത്. ടെൻഡർ പൂർത്തിയായതോടെയാണ് നിർമാണം ഇഴയുന്നത് കർഷകർക്ക് ആശങ്കയായത്.
എന്നാൽ, ഒരു മാസമായി പണികൾ നിലച്ചിട്ടും പ്രവൃത്തികൾ നടക്കുന്നുണ്ടെന്നാണ് കാടുകുറ്റി പഞ്ചായത്ത് അധികൃതർ പറയുന്നത്. പണികൾക്കായി കൊണ്ടുവന്ന മണ്ണുമാന്തിയും കരിങ്കല്ലും നീക്കം ചെയ്തിട്ടില്ലെന്നും അവിടെ തന്നെയുണ്ടെന്നുമാണ് അവരുടെ ന്യായവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

