പാലം കടക്കാതെ ചിറങ്ങര
text_fieldsമേൽപാല നിർമാണം നടക്കുന്ന ചിറങ്ങര റെയിൽവേ ഗേറ്റിലൂടെ സാധനങ്ങൾ തലച്ചുമടായി കൊണ്ടുപോകുന്ന പ്രദേശവാസികൾ
കൊരട്ടി: ചിറങ്ങര റെയിൽവേ മേൽപാല നിർമാണം പൂർത്തീകരണം വൈകുന്നതിനാൽ ഇരുവശത്തേക്കും ഭാരം ചുമന്ന് നടന്ന് പ്രദേശവാസികൾ. റെയിലിനപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും സൈക്കിൾ, ഗ്യാസ് സിലിണ്ടർ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ അപകടകരമായി ചുമന്ന് ജനത്തിന്റെ നടുവൊടിയുകയാണ്. മേൽപാലം നിർമാണം റെയിൽപാളത്തിന്റെ ഇരുവശത്തും എത്തി സ്തംഭിച്ചുനിൽക്കുകയാണ്.
റെയിൽപാളത്തിന്റെ ഭാഗം കൂട്ടിച്ചേർക്കൽ നീളുകയാണ്. ദേശീയപാതയോരത്തുനിന്നും വെസ്റ്റ് കൊരട്ടി ഭാഗത്തുനിന്നുമുള്ള രണ്ട് ഭാഗങ്ങളുടെ നിർമാണം മാസങ്ങൾക്ക് മുമ്പ് പൂർത്തിയായിരുന്നു. ടാറിങ് വരെ നടത്തിയിട്ടുണ്ട്. എന്നാൽ, റെയിൽ പാളത്തിന് മുകളിൽ പാലം കൂട്ടിച്ചേർക്കുന്ന പ്രവൃത്തി വൈകുകയാണ്. മേൽപാലത്തിന്റെ അവശേഷിക്കുന്ന രണ്ട് തൂണുകളും പൂർത്തിയായിട്ടുണ്ട്. താഴെ ലെവൽ ക്രോസ് എന്നന്നേക്കുമായി അടഞ്ഞ നിലയിലാണ്.
അതിലൂടെ കഷ്ടപ്പെട്ടുള്ള കാൽനടയിലാണ് പ്രദേശവാസികൾ. വാഹനങ്ങൾക്ക് പോകാൻ സാധ്യമല്ലാത്തതിനാൽ ഭാരം തലയിലേറ്റി മറുകര താണ്ടുകയല്ലാതെ വഴിയില്ല. 2022 ജനുവരിയിലാണ് കരാർ പ്രകാരം പാലത്തിന്റെ പണി പൂർത്തിയാവേണ്ടിയിരുന്നത്. തുടക്കത്തിൽ വേഗത്തോടെ പ്രവൃത്തി നടന്നിരുന്നു. പിന്നെ ഇഴഞ്ഞു. 2023 ജനുവരിയിൽ പൂർത്തിയാകുമെന്ന പ്രതീക്ഷയും തെറ്റി. 2024 ജനുവരിയിലെങ്കിലും മേൽപാലം പൂർത്തിയായാൽ മതിയെന്ന പ്രാർഥനയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

