സുരേഷ് ഗോപിക്കെതിരെ കോർപറേഷൻ കൗൺസിലിൽ കോൺഗ്രസ് പ്രതിഷേധം
text_fieldsസുരേഷ് ഗോപി
തൃശൂർ: റിക്രൂട്ട്മെന്റ് ചതിയിൽപ്പെട്ട് റഷ്യൻ കൂലിപ്പട്ടാളമായി ഷെൽ ആക്രമണത്തിൽ മരിച്ച കുട്ടനെല്ലൂരിന്റെ ബിനിൽ ബാബുവിന്റെ മൃതദേഹം ഉറ്റവർക്ക് കാണാനും ചികിത്സയിൽ കഴിയുന്ന ജെയിൻ കുര്യനെ ആരോഗ്യത്തോടെ നാട്ടിലെത്തിക്കാനും ഇടപെടാത്ത കേന്ദ്ര സഹമന്ത്രി കൂടിയായ തൃശൂർ എം.പി സുരേഷ് ഗോപിക്കെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് പ്രതിഷേധം. പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ. പല്ലനാണ് വിഷയം ഉന്നയിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പോയ ശേഷം എം.പിയെ ജനങ്ങൾക്ക് കാണാൻ കിട്ടുന്നില്ലെന്നും ബി.ജെ.പിക്കാർക്ക് പോലും ഇദ്ദേഹത്തെ സമീപിക്കാനാവുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നിരവധി ചെറുപ്പക്കാർ ഇന്ത്യയിൽനിന്നും അനധികൃത റിക്രൂട്ട്മെന്റ് ചതിയിൽപ്പെട്ട് വിദേശ രാജ്യങ്ങളിൽ കഴിയുന്നുവെന്നും അവരെ സുരക്ഷിതമായി തിരിച്ച് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും രാജൻ പല്ലൻ പറഞ്ഞു.
മഴക്കാലം പിന്നിട്ട് മാസം മൂന്നായിട്ടും നഗരത്തിൽ നിരവധി റോഡുകൾ തകർച്ചയിൽത്തന്നെയാണെന്നും ഇവയുടെ റീടാറിങ് ഉടൻ നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കുട്ടനെല്ലൂരിൽ മലിനജലം റോഡിലേക്ക് ഒഴുക്കുന്നതിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനിൽരാജ് ആവശ്യപ്പെട്ടു. ജോൺ ഡാനിയേൽ, ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറമ്പിൽ, കെ. രാമനാഥൻ, ശ്രീലാൽ ശ്രീധർ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

