കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ ‘പകുതി’ പ്രഖ്യാപിച്ചു
text_fieldsതൃശൂർ: മാസങ്ങളെടുത്തിട്ടും തർക്കം തീരാതെ പകുതി മാത്രം മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് ഡി.സി.സിയുടെ പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ തർക്കം. പുനഃസംഘടന സമിതി അംഗീകാരം നൽകാത്ത ചില മണ്ഡലങ്ങളിൽ സ്വന്തക്കാരെ നിയോഗിച്ച് വശത്താക്കിയെന്നാണ് ആക്ഷേപം. പ്രാഥമിക പരിശോധനയിൽതന്നെ 10 മണ്ഡലങ്ങളിൽ ഇതിനകം തർക്കമുയർന്നു. കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും പരാതി അറിയിച്ചതായി നേതാക്കൾ അറിയിച്ചു.
ജില്ലയിൽ കോൺഗ്രസിന് 110 മണ്ഡലങ്ങളാണുള്ളത്. ഇതിൽ 50 മണ്ഡലങ്ങളിലെ പ്രസിഡന്റുമാരെ മാത്രമാണ് മാസങ്ങളെടുത്തുള്ള ചർച്ചകൾക്കു ശേഷം ഇപ്പോഴും പ്രഖ്യാപിക്കാനായത്. ഗ്രൂപ് വീതംവെക്കലുകളായിരുന്നു തർക്കത്തിന് കാരണം. നേരത്തേ എ, ഐ എന്ന നിലയിൽ മാത്രം മതിയായിരുന്നുവെങ്കിൽ ഐ ഗ്രൂപ്പിൽതന്നെ ആറ് ഗ്രൂപ്പുകളും എ ഗ്രൂപ്പിൽ രണ്ട് വിഭാഗങ്ങളുമടക്കമായിട്ടാണ് മണ്ഡലങ്ങൾ പങ്കിട്ടത്.
പാഞ്ഞാൾ, മുള്ളൂർക്കര, മുളങ്കുന്നത്തുകാവ്, അടാട്ട്, അവണൂർ, തോളൂർ, പോർക്കുളം, കടവല്ലൂർ, ഒരുമനയൂർ, ഏങ്ങണ്ടിയൂർ, വടക്കേകാട്, പുന്നയൂർ, മണലൂർ, വെങ്കിടങ്, മുല്ലശ്ശേരി, വാടാനപ്പള്ളി, തൈക്കാട്, നാട്ടിക, തളിക്കുളം, അന്തിക്കാട്, പാറളം, ചാഴൂർ, എടത്തിരുത്തി, പെരിഞ്ഞനം, മതിലകം, എസ്.എൻ പുരം, ഏറിയാട്, അഴീക്കോട്, അന്നമനട, ഇരിങ്ങാലക്കുട, മുരിയാട്, കാറളം, പടിയൂർ, പൂമംഗലം, കൊരട്ടി, കാടുകുറ്റി, കോടശേരി, മേലൂർ, പുതുക്കാട്, മറ്റത്തൂർ, വരന്തരപ്പിള്ളി, നെന്മണിക്കര, പുത്തൂർ, പാണഞ്ചേരി, മാടക്കത്തറ, നടത്തറ, തൃശൂർ ഈസ്റ്റ്, സൗത്ത്, വെസ്റ്റ്, വിൽവട്ടം എന്നീ മണ്ഡലങ്ങളിലെ പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചത്.
ഇതിൽതന്നെ രമേശ് ചെന്നിത്തല പക്ഷത്തെ ഒതുക്കിയാണ് ഐ ഗ്രൂപ്പിലെ വീതംവെപ്പ് നടന്നത്. എ ഗ്രൂപ്പിൽ യുവ എ ഗ്രൂപ്പിനും പ്രാതിനിധ്യം നൽകിയിട്ടുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂറിനാണ് ജില്ലയുടെ ചുമതല. എം.പിമാരും എം.എൽ.എയും ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ഡി.സി.സി പ്രസിഡന്റും യു.ഡി.എഫ് ചെയർമാനും മുതിർന്ന നേതാക്കളും തുടങ്ങി 11 അംഗങ്ങളടങ്ങിയ ഉപസമിതിയാണ് മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിക്കുന്നതിൽ കീഴ്ഘടകങ്ങളിൽനിന്നുള്ള പട്ടികയിൽ പരിശോധന നടത്തി അന്തിമമാക്കേണ്ടത്.
ലഭിച്ച പട്ടികയനുസരിച്ച് പരിശോധിച്ചതിൽ വിവിധ കാരണങ്ങളാൽ നിയോഗിക്കാൻ കഴിയില്ലെന്ന് കണ്ടെത്തി മാറ്റിവെച്ച മണ്ഡലങ്ങളിൽ ഉപസമിതിയിലെ അംഗങ്ങൾ അറിയാതെ സ്വകാര്യമായി ‘ഇഷ്ടക്കാരെ’ നിയോഗിക്കുകയായിരുന്നു. വൈകീട്ട് പുനഃസംഘടന സമിതി ഐകകണ്ഠ്യേന തെഞ്ഞെടുത്ത മണ്ഡലം പ്രസിഡന്റുമാരുടെ ലിസ്റ്റെന്ന് അറിയിച്ച് ഭാരവാഹികൾക്ക് നൽകാതെ മാധ്യമങ്ങളെ അറിയിച്ചത് ചോർന്നതോടെയാണ് ലിസ്റ്റിനെതിരെ പ്രതിഷേധമുയർന്നത്.
ലിസ്റ്റ് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ നേതാക്കൾ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി എ.എ. ഷുക്കൂറിനെയും സംഘടന ചുമതലയുള്ള ജില്ലയിൽനിന്നുള്ള നേതാവ് ടി.യു. രാധാകൃഷ്ണനെയും നേരിൽ വിളിച്ച് പരാതി അറിയിച്ചു. ഇടപെടുമെന്ന് അറിയിച്ചതായി നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

