ക്ഷേത്രോത്സവത്തിനിടെ സംഘർഷം; പൊലീസുകാരെ മണിക്കൂറോളം തടഞ്ഞുവെച്ചു
text_fieldsപുന്നയൂർക്കുളം ആൽത്തറയിൽ ക്ഷേത്രോത്സവത്തിനിടയിലുണ്ടായ സംഘർഷത്തിൽ പൊലീസുകാരെ നാട്ടുകാർ തടഞ്ഞുവെച്ചപ്പോൾ
പുന്നയൂർക്കുളം: ക്ഷേത്രോത്സവത്തിനിടെ സ്ത്രീകളെയും കുട്ടികളെയും അടിച്ചെന്നാരോപിച്ച് വടക്കേക്കാട് എസ്.ഐ ഉൾപ്പെടെ പൊലീസുകാരെയും അവർ എത്തിയ രണ്ട് ജീപ്പും മണിക്കൂറോളം തടഞ്ഞുവെച്ചു. 40 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രി പത്തോടെ ആൽത്തറ ദണ്ഡൻ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. സ്ത്രീകളെയും കുട്ടികളെയും അടിച്ചെന്നാരോപിച്ച് നാട്ടുകാരാണ് പൊലീസുകാരെ തടഞ്ഞുവെച്ചത്. വടക്കേകാട് എസ്.ഐ രാജീവ് ഉള്‍പ്പെടെയുള്ളവര്‍ എത്തിയ രണ്ട് ജീപ്പാണ് റോഡില്‍ വലിയ മരത്തടികളും കല്ലും നിരത്തി നാട്ടുകാർ തടഞ്ഞത്. ഒരു മണിക്കൂറോളം നീണ്ട ബഹളത്തിനും തര്‍ക്കത്തിനും ഒടുവിലാണ് പൊലീസുകാരെ വിട്ടത്. വൈകാതെ ഗുരുവായൂർ എ.സി.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ആല്‍ത്തറ സെന്ററില്‍ എത്തി.
ഉത്സവത്തിനിടയിൽ ക്ഷേത്രത്തിനു സമീപം റോഡരികിൽ ഇരുന്നവർക്കു നേരെ പൊലീസ് ലാത്തി വീശിയതാണ് സംഭവങ്ങൾക്ക് തുടക്കമെന്ന് പറയുന്നു. റോഡരികില്‍ നിന്നവര്‍ക്കും ഉത്സവം കണ്ടു മടങ്ങുന്നവര്‍ക്കും കച്ചവടക്കാര്‍ക്കുമാണ് അടിയേറ്റത്. ക്ഷേത്രം ജീവനക്കാരന് തോട്ടുപുറത്ത് വിനീഷ് (36), പരപ്പിത്തറയില് അഖില്‍ (25), കാഞ്ഞങ്ങാട്ട് നിഷാദ് (35), പനന്തറ സ്വദേശി വിഷ്ണു (26) എന്നിവര്‍ക്കും രണ്ട് സ്ത്രീകള്‍ക്കും ലാത്തിയടിയില്‍ പരിക്കേറ്റു. ഓടി രക്ഷപ്പെടുന്നതിനിടെ വീണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു.
പൊലീസാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് ക്ഷേത്ര കമ്മിറ്റിയും നാട്ടുകാരും ആരോപിച്ചു. എസ്.ഐ നോക്കിനില്‍ക്കെയാണ് പ്രകോപനമില്ലാതെ ചില പൊലീസുകാര്‍ മാത്രം ആളുകളെ അടിച്ചോടിച്ചത്.
എന്നാൽ, ക്ഷേത്രത്തിനടുത്ത് സംഘര്‍ഷം നടക്കുന്നതായി ഒരു സ്ത്രീ സ്റ്റേഷനില്‍ വന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നാണ് പൊലീസ് വിശദീകരണം. ഞായറാഴ്ച ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷ് സ്ഥലത്തെത്തി പരിക്കേറ്റവരിൽനിന്ന് വിവരം ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

