കുന്നംകുളം നഗരസഭ കൗൺസിൽ യോഗത്തിൽ സംഘർഷം
text_fieldsകുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ ഡയസിൽനിന്ന്
ഇറങ്ങിപ്പോകാൻ ശ്രമിക്കുമ്പോൾ ബി.ജെ.പി അംഗങ്ങൾ തടയുന്നു
കുന്നംകുളം: നഗരസഭയിൽ കൗൺസിൽ യോഗത്തിനിടെയുണ്ടായ വാക്തർക്കം ബഹളത്തിലും കൈയാങ്കളിയിലും കലാശിച്ചു. ഇതിനിടെ വനിത കൗൺസിൽ അംഗങ്ങൾ കുഴഞ്ഞുവീണു. ചൊവ്വാഴ്ച രാവിലെ നടന്ന യോഗത്തിലാണ് പ്രക്ഷുബ്ധ രംഗങ്ങൾ അരങ്ങേറിയത്. പ്രതിപക്ഷ കൗൺസിലർമാരുടെ അനുമതിയില്ലാതെ അടിയന്തര പ്രമേയത്തിന് ചെയർപേഴ്സൻ അനുമതി നൽകിയതാണ് പ്രതിഷേധത്തിന് കാരണമായത്.
നഗരസഭക്ക് ആവശ്യമായ വാക്സിൻ സംസ്ഥാന സർക്കാർ മുഖേന ലഭിക്കാൻ കേന്ദ്ര സർക്കാറിനോടാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ചെയർപേഴ്സൻ സീത രവീന്ദ്രൻ അനുമതി നൽകി. തുടർന്ന് സ്ഥിരംസമിതി അധ്യക്ഷൻ പി.എം. സുരേഷ് വായിച്ച് തുടങ്ങിയതോടെ പ്രതിപക്ഷ അംഗം ബി.ജെ.പിയിലെ കെ.കെ. മുരളി തടസ്സം ഉന്നയിച്ചു. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ഏഴുദിവസം മുേമ്പ അനുമതി തേടണമെന്ന നിയമമുണ്ടെന്നും കോൺഗ്രസ് അംഗം ബിജു സി. ബേബിയും ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പ് ശക്തമായതോടെ പ്രമേയം വായിച്ച് പാസാക്കി. യോഗം ബെൽ മുഴക്കി പിരിച്ചുവിടാൻ ഒരുങ്ങിയതോടെ ബി.ജെ.പി അംഗങ്ങൾ ചെയർപേഴ്സൻ സീത രവീന്ദ്രനെ ഡയസിന് മുന്നിൽ തടഞ്ഞു.
ഇതോടെ മുദ്രാവാക്യം മുഴക്കി ഓടിയെത്തിയ സി.പി.എം അംഗങ്ങളും ബി.ജെ.പി അംഗങ്ങളും തമ്മിലുണ്ടായ വാക്കേറ്റവും ബഹളവും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വൈസ് ചെയർപേഴ്സൻ സൗമ്യ അനിലൻ, സ്ഥിരംസമിതി അധ്യക്ഷ പ്രിയ സജീഷ് എന്നിവരുടെ നേതൃത്വത്തിൽ ചെയർപേഴ്സനെ പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ ബി.ജെ.പിയുടെ മുതിർന്ന വനിത അംഗം ഗീത ശശി ഹാളിൽ തളർന്നുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റാൻ ഒരുങ്ങുന്നതിനിടെ മറ്റൊരു ബി.ജെ.പി അംഗം രേഖ സജീവും തളർന്നുവീണു. പിന്നീട് ഇരുവരെയും താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ചെയർപേഴ്സൻ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്
കുന്നംകുളം: നഗരസഭ കൗൺസിൽ യോഗത്തിലുണ്ടായ കൈയാങ്കളിയിൽ ചെയർപേഴ്സൻ ഉൾപ്പെടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.ചെയർപേഴ്സൻ സീത രവീന്ദ്രനെ തടഞ്ഞ് കൈയേറ്റം ചെയ്തതിന് ബി.ജെ.പിയിലെ ആറ് വനിത അംഗങ്ങൾക്കെതിരെയും കൈയാങ്കളിക്കിടെ ബി.ജെ.പിയിലെ രണ്ട് വനിത അംഗങ്ങൾ കുഴഞ്ഞുവീണ സംഭവത്തിൽ നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ ഉൾപ്പെടെ കണ്ടാലറിയുന്ന സി.പി.എം അംഗങ്ങൾക്കെതിരെയുമാണ് കേസെടുത്തത്. ഇരുവിഭാഗത്തിലുമായി 20 അംഗങ്ങൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ബി.ജെ.പി–സി.പി.എം ധാരണയെന്ന് കോൺഗ്രസ്
കുന്നംകുളം: നഗരസഭ കൗൺസിൽ യോഗത്തിൽ ബി.ജെ.പി-സി.പി.എം അംഗങ്ങൾ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് കൈയാങ്കളി നാടകം അരങ്ങേറിയതെന്ന് കോൺഗ്രസ് അംഗങ്ങൾ കുറ്റപ്പെടുത്തി. നടപടിക്രമങ്ങൾ പാലിക്കാതെ വികസന സ്ഥിരം സമിതി അധ്യക്ഷൻ പ്രമേയം കൊണ്ടുവരികയും ചെയർപേഴ്സൻ അതിന് അനുമതി നൽകുകയും അതിനെ ചോദ്യം ചെയ്ത ഉടൻ അജണ്ടകളെല്ലാം പാസായതായി പ്രഖ്യാപിച്ച് കൗൺസിൽ യോഗം പിരിച്ചുവിടുകയായിരുന്നു. കൗൺസിലിൽ ഭൂരിപക്ഷമില്ലാതെ പസ്സാക്കിയ അജണ്ടകൾ അടിയന്തരമായി കൗൺസിൽ വീണ്ടും വിളിച്ചുകൂട്ടി ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് കൗൺസിലർമാരായ ബിജു സി. ബേബി, ഷാജി ആലിക്കൽ, ലബീബ് ഹസ്സൻ, മിഷ സെബാസ്റ്റ്യൻ, മിനി മോൻസി, ലീല ഉണ്ണികൃഷ്ണൻ, പ്രസുന്ന റോഷിത് എന്നിവർ രേഖാമൂലം ആവശ്യപ്പെട്ടു.
നഗരസഭ ഓഫിസിലേക്ക് ബി.ജെ.പി മാര്‍ച്ച്
കുന്നംകുളം: വനിത കൗണ്‍സിലര്‍മാരെ കൗൺസിൽ യോഗത്തിൽ മർദിച്ചുവെന്നാരോപിച്ച് ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റി നഗരസഭ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. നഗരസഭ ഓഫിസിന് മുന്നില്‍ കുന്നംകുളം പൊലീസ് മാര്‍ച്ച് തടഞ്ഞു. മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡൻറ് നിവേദിത സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. പാര്‍ലമെൻററി പാര്‍ട്ടി നേതാവ് കെ.കെ. മുരളി അധ്യക്ഷത വഹിച്ചു. ഒ.ബി.സി. മോര്‍ച്ച ജില്ല അധ്യക്ഷന്‍ കെ.എസ്. രാജേഷ്, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് സുഭാഷ് പാക്കത്ത്, സുഭാഷ് ആദൂര്‍, പി.ജെ. ജെബിന്, ശ്രീജിത്ത് കമ്പിപ്പാലം, സുമേഷ്, കെ.സി. ഷജീഷ്, ബിനു പ്രസാദ് എന്നിവര്‍ സംസാരിച്ചു.
ജാള്യത മറക്കാൻ ബി.ജെ.പി നടത്തുന്ന സമരങ്ങൾ ആഭാസം –സി.പി.എം
കുന്നംകുളം: കുഴൽപ്പണ വിവാദത്തിലകപ്പെട്ടതിെൻറ ജാള്യത മറയ്ക്കാൻ വേണ്ടിയാണ് ബി.ജെ.പി നിലവാരമില്ലാത്ത സമരങ്ങൾ നടത്തി ജനശ്രദ്ധ പിടിച്ചെടുക്കുന്നതെന്ന് സി.പി.എം കുന്നംകുളം ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി. നഗരസഭയിലും പരിസരത്തുമായി ബി.ജെ.പി നടത്തുന്ന ആക്രമണോത്സുക സമര പരിപാടികൾ ജനാധിപത്യത്തിന് ചേർന്നതല്ല. പോർക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുന്നംകുളത്തെ ബി.ജെ.പി കൗൺസിലർ ബിനുവിെൻറ നേതൃത്വത്തിൽ നടത്തിയ സംഘർഷാവസ്ഥ ക്രിമിനൽ നടപടിയാണ്. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് യോഗത്തിൽ അപകടകരമായ രീതിയിൽ തീ കൊളുത്തി പ്രതിഷേധം നടത്തിയത് ഒരാഴ്ച മുമ്പാണെന്നും ഏരിയ സെക്രട്ടറി എം.എൻ. സത്യൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

