പെരിഞ്ഞനം-കുറ്റിലക്കടവ് ഇരുമ്പ് പാലത്തിലേക്കുള്ള കോണ്‍ക്രീറ്റ് പാത തകര്‍ന്നു
text_fieldsകോൺക്രീറ്റ് പാത തകർന്ന് കമ്പികൾ പുറത്തു വന്ന നിലയിൽ
കയ്പമംഗലം: കനോലി കനാലിന് കുറുകെയുള്ള പെരിഞ്ഞനം-കുറ്റിലക്കടവ് ഇരുമ്പ് പാലത്തിലേക്കുള്ള കോണ്‍ക്രീറ്റ് പാത തകര്‍ന്നതുമൂലം യാത്രക്കാര്‍ ദുരിതത്തിൽ. പാലത്തിലേക്ക് കയറാൻ ഇരുകരയില്നിന്നും കരിങ്കല്ലും കോണ്‍ക്രീറ്റും ഉപയോഗിച്ച് നിർമിച്ച പാതയാണ് കുഴികളും വലിയ ഗര്ത്തങ്ങളുമായി തകര്‍ന്നു കിടക്കുന്നത്. മലപ്പുറം അരീക്കോട്ട് വിദ്യാര്‍ഥികള്‍ ചാലിയാറിൽ മുങ്ങി മരിച്ചതിനെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് സമീപമുള്ള പുഴകള്‍ക്ക് കുറുകെ പാലം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
തുടർന്ന് 2010ലാണ് കുറ്റിലക്കടവ് ആർ.എം.വി.എച്ച്.എസ് സ്കൂളിന് സമീപം കനോലി കനാലിന് കുറുകെ പെരിഞ്ഞനം-പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നടപ്പാലം വന്നത്. 1.6 മീറ്റര്‍ വീതിയും 55 മീറ്ററോളം നീളവുമുള്ളതാണ് പാലം. ഇതിൽ പടിയൂര്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള വഴിയിലെ കോൺക്രീറ്റ് പാതയാണ് തകർന്നിരിക്കുന്നത്. നിരവധി പേരാണ് ഈ പാലത്തിലൂടെ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം, സ്കൂളുകള്‍, മദ്റസ, പള്ളി തുടങ്ങിയയിടങ്ങളിലേക്ക് ദിവസവും സഞ്ചരിക്കുന്നത്. രാത്രി ഇവിടത്തെ കുഴികളിൽ വീണ് പലര്‍ക്കും അപകടം പറ്റിയിട്ടുണ്ട്.
2020ൽ ഇരുമ്പ് പാലത്തിലെ ഷീറ്റുകള്‍ തുരുമ്പെടുത്ത് നശിച്ചപ്പോൾ പെരിഞ്ഞനം പഞ്ചായത്ത് അവ മാറ്റി സ്ഥാപിച്ചിരുന്നു. നടപ്പാത തകര്‍ന്ന് മാസങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു.
നടപ്പാതയിൽ കുഴികൾ രൂപപ്പെടുമ്പോൾ പലപ്പോഴും പരിസരവാസികളാണ് സിമന്റിട്ട് നികത്താറുള്ളത്. മഴക്കാലമാകുന്നതോടെ യാത്രാക്ലേശം രൂക്ഷമാകുമെന്നതിനാൽ എത്രയും വേഗം വഴി നന്നാക്കണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

