ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ ഇരിപ്പിടത്തിനെതിരെ മനുഷ്യാവകാശ കമീഷനും വകുപ്പുകൾക്കും പരാതി
text_fieldsകൊടുങ്ങല്ലൂർ: നഗരത്തിലും ചാലക്കുടി റെയിൽവേ സ്റ്റേഷൻ മുൻവശത്തും ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഉരുണ്ട പൈപ്പുകൊണ്ടുള്ള ഇരിപ്പിടത്തിനെതിരെ മനുഷ്യാവകാശ കമീഷനിൽ പരാതി. പൊതുപ്രവർത്തകനായ മാള സ്വദേശി ഷാൻറി ജോസഫ് തട്ടകത്താണ് അശാസ്ത്രീയവും യാത്രക്കാർക്ക് ദൂരിതം സൃഷ്ടിക്കുന്നതുമായ ഇരിപ്പിടത്തിനെതിരെ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.
പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉൾപ്പെടെ സർക്കാർ തലങ്ങളിലും ജില്ല കലക്ടർ, കൊടുങ്ങല്ലൂർ, ചാലക്കുടി നഗരസഭ സെക്രട്ടറിമാർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. ഉരുണ്ട പൈപ്പിൽ ഇരിക്കുന്നതിനിടെ ഒരു വൃദ്ധൻ താഴെ വീണ് പരിക്കേറ്റത് നേരിൽ കണ്ടതിന്റെ വിഷമത്തിന്റെ വെളിച്ചത്തിലാണ് പരാതി നൽകാൻ തീരുമാനിച്ചത്.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ പ്രസ്തുത ഇരിപ്പിടം വൃദ്ധർക്കും ഗർഭിണിക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും ഇരിക്കാൻ പ്രയാസം ഉണ്ടാക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. ബസ് വരാൻ വൈകുകയോ അടുത്ത ബസ് വരുന്നതുവരെ കാത്തു നിൽക്കേണ്ടി വരുമ്പോൾ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ ഇരിപ്പിടങ്ങൾ അനിവാര്യമാണ്.
എന്നാൽ, അത് എല്ലാ മനുഷ്യരെയും ഒരുപോലെ പരിഗണിക്കുന്നതാകണമെന്ന് പരാതിക്കാൻ ആവശ്യപ്പെടുന്നു. ഉരുണ്ട പൈപ്പിന്റെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടിയ പരാതിയിൽ ഇത്തരം ഇരിപ്പിടങ്ങൾ മനുഷ്യാവകാശ ലംഘനവും ഒരു വിഭാഗം മനുഷ്യരോടുള്ള അവഗണനയും വിവേചനവുമാണെന്നും ഇത് നീക്കം ചെയ്യാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി വേണമെന്നും ഷാൻറി ജോസഫ് ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.