ഭാരതീയ പട്ടികജാതി കലാക്ഷേത്രം അധികൃതരുടെ അവഗണനയിൽ നശിക്കുന്നതായി പരാതി
text_fieldsആമ്പല്ലൂര്‍: അളഗപ്പനഗര്‍ പഞ്ചായത്തിലെ കരുവാപ്പടി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഭാരതീയ പട്ടികജാതി കലാക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേഷന്‍ ഭരണം റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.സി, എസ്.ടി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സമരത്തിനൊരുങ്ങുന്നു. സഹകരണ സംഘത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുക, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുക, പട്ടിക വിഭാഗങ്ങളോട് അനീതി കാണിക്കുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമിതി സമരത്തിനൊരുങ്ങുന്നത്.
1982ല്‍ സ്ഥാപിച്ച സംഘത്തില്‍ വാദ്യോപകരണങ്ങള്‍, പരമ്പരാഗത കൈത്തൊഴില്‍, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണവും വിപണനവും, തൊഴില്‍ പരിശീലനം എന്നിവയിലൂടെയാണ് സാമ്പത്തിക വരുമാനം കണ്ടെത്തിയിരുന്നത്. 2002 കാലഘട്ടം വരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കലാക്ഷേത്രം സാമ്പത്തിക പ്രതിസന്ധിയാല്‍ 2004ല്‍ പ്രവര്‍ത്തനം നിലച്ചു. സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെങ്കിലും സെക്രട്ടറിക്ക് ശമ്പളം കൊടുക്കാനാവാതെ സ്ഥാപനം അടച്ചുപൂട്ടി. അക്കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാനൂറോളം അംഗങ്ങള്‍ സംഘത്തിലുണ്ടായിരുന്നു. സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതായതോടെ സംഘത്തിന്റെ നിലനില്‍പ്പ് അവതാളത്തിലായി.
അന്നത്തെ ഭരണസമിതിയിലെ അംഗങ്ങള്‍ പലരും മരണപ്പെട്ടു. ഇതിനിടെ കെട്ടിടം നശിച്ചു പോകാതിരിക്കാന്‍ ഭരണസമിതി തീരുമാനപ്രകാരം പ്രദേശത്തുള്ള കുടുംബശ്രീയില്‍ അംഗമായ അഞ്ച് വനിതകള്‍ക്ക് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാപനം നടത്തുന്നതിന് കെട്ടിടം തുച്ഛമായ തുകക്ക് വാടകക്ക് നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ പ്രകാരം വാടക നല്‍കാതായതോടെ 15 വര്‍ഷത്തെ കുടിശ്ശികയായി ഒന്നരലക്ഷം രൂപയോളം നല്‍കാനുണ്ടെന്ന് സംഘത്തിലെ അംഗങ്ങള്‍ പറയുന്നു.
രണ്ട് മാസം മുമ്പ് അധികൃതര്‍ ഇടപെട്ട് വാടകക്കാരെ ഒഴിപ്പിച്ച ശേഷം കെട്ടിടത്തിന്റെ ചുമതല സഹകരണസംഘം ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ കലാക്ഷേത്രത്തിന്‍റെ ചുമതല സംഘത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി, ജില്ല കലക്ടര്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നിലവിലുള്ള അംഗങ്ങളില്‍ നിന്ന് മൂന്നുപേരെ തെരഞ്ഞെടുത്ത് താത്ക്കാലിക ചുമതലയേല്‍പ്പിക്കുന്നതിന് നിര്‍ദേശം നല്‍കി.
പേരുകള്‍ നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ജോയിന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്നിവര്‍ പരസ്പരം പഴിചാരി നടപടികള്‍ വൈകിപ്പിക്കുകയാണെന്നും കലാക്ഷേത്രം അംഗം എന്‍.വി.അയ്യപ്പന്‍ ആരോപിച്ചു. 2018 മുതല്‍ അഡ്മിനിട്രേറ്റ് ഭരണം നടത്തുന്ന സംഘത്തിന്റെ അധികാരം മൂന്നംഗ കമ്മിറ്റിക്ക് കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് അംഗങ്ങളുടെ ആവശ്യം. പടം-കരുവാപ്പടിയിലെ ഭാരതീയ പട്ടികജാതി കലാക്ഷേത്രം കെട്ടിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

