കമ്പനിക്കടവ് മിനി ഫിഷിങ് ഹാർബർ: കേന്ദ്രസംഘം സ്ഥലം സന്ദർശിച്ചു
text_fieldsകൂരിക്കുഴി കമ്പനിക്കടവിനെ മിനി ഫിഷിങ് ഹാർബറായി
ഉയർത്താനുള്ള പഠനത്തിന്റെ ഭാഗമായി കേന്ദ്രസംഘം
സന്ദർശനം നടത്തുന്നു
കയ്പമംഗലം: കൂരിക്കുഴി കമ്പനിക്കടവിനെ മിനി ഫിഷിങ് ഹാർബറായി ഉയർത്താനുള്ള പഠനത്തിന്റെ ഭാഗമായി കേന്ദ്ര സംഘം സ്ഥലം സന്ദർശിച്ചു. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞരായ ഡോ. ജെ. സിൻഹ, ഡോ. എസ്.ജി. മഞ്ജുനത, ഡോ. എ.കെ. സിങ് എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് സ്ഥലം സന്ദർശിച്ചത്. പ്രദേശത്തെക്കുറിച്ച് ഹാർബർ എൻജിനീയറിങ് വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തിയ വിവരങ്ങൾ കൈമാറുന്നതിന് മുന്നോടിയായാണ് സന്ദർശനം. ഇൻവെസ്റ്റിഗേഷൻ വിഭാഗം ശേഖരിച്ച വിവരങ്ങൾ വെച്ച് സി.ഡബ്ല്യു.പി.ആർ.എസ് മാതൃക പഠനം നടത്തും. തുടർന്നാണ് ഹാർബറും പുലിമുട്ടും അടക്കമുള്ളവയുടെ ഡിസൈൻ സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുക.
അഴീക്കോട് ഫിഷ് ലാൻഡിങ് സെന്ററിനും ചേറ്റുവ ഹാർബറിനുമിടയിൽ വരുന്ന പ്രധാന മത്സ്യബന്ധന കേന്ദ്രമാണ് കൂരിക്കുഴി കമ്പനിക്കടവ്. വലപ്പാട് മുതൽ പടിഞ്ഞാറേ വെമ്പല്ലൂർ വരെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്ന കടപ്പുറം കൂടിയാണിത്. നിലവിൽ ജില്ലയിൽ എങ്ങണ്ടിയൂർ പഞ്ചായത്തിലെ ചേറ്റുവയിൽ മാത്രമാണ് സർക്കാർ തലത്തിൽ ഫിഷിങ് ഹാർബറുള്ളത്.
കമ്പനിക്കടവിൽ മിനി ഹാർബർ എന്നത് മത്സ്യത്തൊഴിലാളികളുടെ ചിരകാല അഭിലാഷമാണ്. പദ്ധതി യാഥാർഥ്യമായാൽ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ സാധ്യതയേറും. സ്വന്തം കടപ്പുറത്തുനിന്ന് ഇൻബോർഡ് വള്ളങ്ങളും ബോട്ടുകളുമായി മത്സ്യബന്ധനത്തിനിറങ്ങുന്ന കാലം ഒട്ടും അകലെയല്ലെന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് തൊഴിലാളികൾ.
സന്ദർശനത്തിൽ മധ്യ- ഉത്തര മേഖല സൂപ്രണ്ടിങ് എൻജിനീയർമാരായ വിജി കെ. തട്ടാമ്പുറം, മുഹമ്മദ് അൻസാരി, എക്സിക്യൂട്ടിവ് എൻജിനീയർ ഗായ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർമാരായ സാലി, വിനീത്, ആൽവിൻ ഗോപാൽ, ഐശ്വര്യ മേരി, കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി.എം. അഹമ്മദ്, പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ യു.വൈ. ഷെമീർ, പഞ്ചായത്ത് അംഗങ്ങളായ സി.ജെ. പോൾസൺ, പി.എച്ച്. അബ്ദുല്ല, സിബിൻ അമ്പാടി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

