ജില്ല പ്രസിഡന്റിെൻറ പരാതി അന്വേഷണ കമീഷൻ തള്ളി; കെ.എസ്.യുവിലെ പോര് മൂക്കും
text_fieldsതൃശൂർ: കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി വി.എസ്. ഡേവിഡിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിച്ചതായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് അറിയിച്ചു. ജില്ല പ്രസിഡന്റ് മിഥുൻ മോഹൻ നൽകിയ പരാതിയിലാണ് ഡേവിഡിനെ ജില്ല സെക്രട്ടറി പദവിയിൽനിന്ന് മാറ്റി നിർത്തിയിരുന്നത്. ജില്ല നേതൃത്വവുമായി കൂടിയാലോചിക്കാതെ പരിപാടികൾ സ്വയം നടത്തുന്നുവെന്നും ജില്ല കമ്മിറ്റി തീരുമാനിച്ച പരിപാടിയിൽ പങ്കെടുക്കാതിരിക്കാൻ എം.എൽ.എ അടക്കമുള്ളവരെ വിളിച്ചുവെന്നതടക്കമായിരുന്നു പരാതി. പരാതിയിൽ അന്വേഷണം നടത്തിയ കമീഷൻ ആരോപണങ്ങൾ തള്ളിയാണ് സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയത്. ഇതിെൻറ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി പിൻവലിച്ചത്.
സംസ്ഥാന സെക്രട്ടറിമാരായ അരുൺ രാജേന്ദ്രൻ, പി.എച്ച്. അസ്ലം എന്നിവരടങ്ങുന്ന കമീഷനാണ് പരാതിയിൽ അന്വേഷണം നടത്തിയത്. പരാതിക്കാരനായ കെ.എസ്.യു ജില്ല പ്രസിഡന്റ് മിഥുൻ മോഹൻ, ജില്ല ഭാരവാഹികൾ, ടി.എൻ. പ്രതാപൻ എം.പി, ടി.ജെ. സനീഷ്കുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, കെ.എസ്.യു സംഘടന ചുമതലയുള്ള ഡി.സി.സി ജനറൽ സെക്രട്ടറി, വിൽവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നിവരിൽനിന്ന് കമീഷൻ നേരിട്ട് അഭിപ്രായശേഖരണം നടത്തി. പരാതിയിലുന്നയിച്ചത് പോലുള്ള ആക്ഷേപങ്ങൾ ഡേവിഡിനെതിരെ ആരിൽനിന്നും ലഭിച്ചില്ലെന്ന് കമീഷൻ നിരീക്ഷിച്ചു. ഡേവിഡ് അച്ചടക്കമുള്ള സംഘടന പ്രവർത്തകനാണെന്നും കോവിഡ്, പ്രളയകാലത്ത് മാതൃകാപ്രവർത്തനം നടത്തിയയാളാണെന്നും നേതൃത്വം ആവിഷ്കരിക്കുന്ന പരിപാടികൾ നടപ്പാക്കാൻ ആത്മാർഥമായി പരിശ്രമിക്കുന്ന വ്യക്തിയാണെന്നും കമീഷൻ വിലയിരുത്തി.
ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടെങ്കിൽ സംഘടനാപരമായ താക്കീത് മാത്രം നൽകിയാൽ മതിയെന്നും ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടതായി കമീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സമീപകാലത്ത് കോൺഗ്രസിലെ ഗ്രൂപ് പോരിനേക്കാൾ ഗുരുതര ആരോപണവും പോരുമാണ് ജില്ലയിലെ കെ.എസ്.യുവിൽ ഉയർന്നത്. ജില്ല പ്രസിഡന്റിനെതിരെ സാമ്പത്തികാരോപണം വരെ പരാതിയായി വന്നിരുന്നു. ഇത് സംബന്ധിച്ച് കെ.പി.സി.സിക്കും കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനും നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

