കോമ്പിങ് ഓപറേഷൻ: അഞ്ഞൂറോളം പ്രതികൾ പിടിയിൽ
text_fieldsതൃശൂർ: സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. മൂന്ന് ജില്ലകളിലും രാത്രി കോമ്പിങ് ഓപറേഷൻ നടത്തി.
തൃശൂർ സിറ്റി, റൂറൽ, പാലക്കാട്, മലപ്പുറം ജില്ല പൊലീസ് മേധാവികളുടെ നേതൃത്വത്തിലാണ് ഓപറേഷൻ നടത്തിയത്. 216 അബ്കാരി കേസുകളും 130 മയക്കുമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന 395 വാറന്റ് പ്രതികളെയും പിടികിട്ടാപ്പുള്ളികളെ പിടികൂടി.
വിവിധ കേസുകളിലെ 94 പ്രതികളെയും അറസ്റ്റ് ചെയ്തു. കവർച്ച തുടങ്ങി കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിന്റെയും ഭാഗമായും പൊതുജനസുരക്ഷ മുൻനിർത്തിയും ഇത്തരം കോമ്പിങ് ഓപറേഷനുകൾ തുടർന്നും നടത്തുമെന്ന് ഡി.ഐ.ജി എസ്. അജിത ബീഗം അറിയിച്ചു.

