ആദിവാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് കലക്ടർ അർജുൻ പാണ്ഡ്യൻ
text_fieldsകോടശ്ശേരിയിലെ മാരാങ്കോട് വന്ന് കുടിൽ കെട്ടി താമസിക്കുന്ന ആദിവാസികൾക്കൊപ്പം കലക്ടർ അർജുൻ പാണ്ഡ്യൻ ക്രിസ്മസ് ആഘോഷിക്കുന്നു
ചാലക്കുടി: കലക്ടർ അർജുൻ പാണ്ഡ്യൻ മാരാങ്കോട് കുടിൽകെട്ടി താമസിക്കുന്ന ആദിവാസി ഉന്നതിയിലെ കുടുംബങ്ങൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു. കേക്ക് മുറിച്ചും സമ്മാനങ്ങൾ കൈമാറിയും ഒന്നിച്ച് ഭക്ഷണം കഴിച്ചും ക്രിസ്മസ് സന്തോഷം പങ്കുവെച്ചു.
ഊരു മൂപ്പന്മാരായ വീരാൻ, സാബു പെരുമാൾ, മറ്റു ഉന്നതി നിവാസികൾ എന്നിവരുമായി ഉന്നതിയിലെ പ്രശ്നങ്ങളെക്കുറിച്ചും അവരുടെ ആവശ്യങ്ങളെ കുറിച്ചും ചർച്ച ചെയ്തു. വെള്ളം, വൈദ്യുതി, ടോയ്ലറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുമെന്നും ഉടൻതന്നെ പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.
പ്രളയത്തെ തുടർന്ന് ഉരുൾപൊട്ടൽ ഭീഷണി ഉയർന്ന ആരേകാപ്പ്, വീരൻങ്കുടി എന്നീ ഉന്നതികളിലെ 37 ഓളം ആദിവാസി കുടുംബങ്ങൾ നാല് മാസം മുമ്പാണ് കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോടിലേക്ക് മാറിതാമസമാക്കിയിട്ടുള്ളത്. നേരത്തേ കൈവശമുണ്ടായിരുന്ന ഭൂമിക്ക് തുല്യമായ ഭൂമി മാരാങ്കോട് നൽകുന്നതിന് വനാവകാശ നിയമപ്രകാരമുള്ള വിവിധ കമ്മിറ്റികൾ തീരുമാനിക്കുകയും സർക്കാർ ഉത്തരവ് ലഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ കുടുംബങ്ങളെ കാലവർഷത്തിനു മുമ്പ് മാറ്റി പാർപ്പിക്കുന്നതിലേക്കായി മാരാങ്കോട് വനംവകുപ്പ് ശിപാർശ ചെയ്ത സ്ഥലം സർവേ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.
സർവേ പൂർത്തീകരിച്ച സ്ഥലത്ത് കുടുംബങ്ങൾ കുടിൽ കെട്ടി താമസം ആരംഭിച്ചു. സർക്കാർ ഉത്തരവു ലഭിച്ചെങ്കിലും വനാവകാശ രേഖ നൽകുന്നത് സംബന്ധിച്ച് തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതുവരെ ജില്ല ഭരണകൂടം ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകിയതിന് ശേഷമാണ് അദ്ദേഹം തിരിച്ചു പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

