കടലാക്രമണം: അധികൃതരുടെ നിസ്സംഗതയിൽ നഷ്ടപ്പെട്ടത് അണ്ടത്തോടിന്റെ തീരസൗന്ദര്യം
text_fieldsകടലാക്രമണത്തിൽ തകർന്ന പെരിയമ്പലം ബീച്ച് പാര്‍ക്കിലെ വിശ്രമകേന്ദ്രം. 2018ലെ കാഴ്ച
അണ്ടത്തോട്: എട്ടുവർഷത്തിനിടയിൽ തുടർച്ചയായ കടലാക്രമണങ്ങളിൽ അധികൃതരുടെ നിസ്സംഗതയിൽ അണ്ടത്തോടിന് നഷ്ടപ്പെട്ടത് സൗന്ദര്യതീരം. തൃശൂർ-മലപ്പുറം ജില്ലകളുടെ അതിർത്തിയായ കാപ്പിരിക്കാടുമുതൽ പെരിയമ്പലം ബീച്ച് വരെയാണ് മേഖലയിൽ കടലാക്രമണം രൂക്ഷമാകാറുള്ളത്.
കാപ്പിരിക്കാടുവരെ മാത്രമാണ് കടൽഭിത്തി. തൃശൂർ ജില്ല അതിർത്തി മുതൽ തെക്കോട്ട് ഭിത്തിയില്ലാത്തതിനാൽ അപ്പുറത്തെ സമ്മർദമാണ് അണ്ടത്തോട് മേഖല നശിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. വൻനഷ്ടമാണ് എട്ടുവർഷത്തിനിടെ ഇവിടെ ഉണ്ടായത്. പെരിയമ്പലം ബീച്ച് സൗന്ദര്യവത്കരണ ഭാഗമായി ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച വിശ്രമകേന്ദ്രവും അനുബന്ധ ഉപകരണങ്ങളും കടലടിച്ചു തകർത്തു. നൂറുകണക്കിന് തെങ്ങുകളും കാറ്റാടി മരങ്ങളും കടലെടുത്തു. അണ്ടത്തോട് പെരിയമ്പലം, തങ്ങള്‍പ്പടി, കാപ്പിരിക്കാട് തീരങ്ങളിലാണ് ശക്തമായിട്ടുള്ളത്.
എട്ടുവർഷത്തിനിടെ പെരിയമ്പലം ബീച്ചില്‍ 500 മീറ്ററോളം കരയാണ് കടലെടുത്തത്. പുന്നയൂർക്കുളം പഞ്ചായത്ത് പരിയമ്പലം ബീച്ച് വികസനത്തിന്റെ ഭാഗമായി ജില്ല പഞ്ചായത്തുമായി സഹകരിച്ച് ചെലവിട്ട ലക്ഷങ്ങളുടെ വസ്തുക്കളാണ് കടലെടുത്തത്. ഇതിൽ പഞ്ചായത്ത് നിർമിച്ച വയോജന വിശ്രമകേന്ദ്രം, ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ സ്ഥാപിച്ച നാല് കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങൾ എന്നിവയും ബീച്ചിലെ അലങ്കാരക്കുടകളും അവ ഘടിപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് കാലുകളും ഓർമയായി. മേഖലയിൽനിന്ന് ഇതിനകം നൂറിലധികം തെങ്ങുകളാണ് കടലെടുത്തത്. ഇത്രയും ദുരിതമുണ്ടായിട്ടും ഉത്തരവാദപ്പെട്ടവരാരും തീരത്തുവന്ന് പരിഹാരം കണ്ടില്ല. അധികൃതരുടെ നിസ്സംഗതയാണ് അണ്ടത്തോട് കടപ്പുറത്ത് ഇത്രയും നാശനഷ്ടങ്ങളുണ്ടാകാൻ കാരണം.
എന്നാൽ, മേഖലയിൽ ഇടക്കിടെ പുലിമുട്ടുകൾ അടിയന്തരമായി നിർമിച്ചാലേ മേഖലയിൽ ശാശ്വത പരിഹാരമുണ്ടാകൂ. അതിനാൽ കാപ്പിരിക്കാട് മുതൽ മുനക്കക്കടവ് വരേയുള്ള ചാവക്കാട് മേഖലയിൽ ഇടക്കിടെ പുലമുട്ടുകൾ നിർമിക്കണമെന്നത് വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്. അതേസമയം, മേഖലയിൽ രൂക്ഷമായ കടലാക്രമണമുള്ള കാപ്പിരിക്കാടുമുതൽ തെക്കുള്ള തങ്ങൾപ്പടി, പെരിയമ്പലം ബീച്ചുകളെ ഒഴിവാക്കിയാണ് ഇപ്പോൾ യതീംഖാന മുതൽ തെക്ക് 500 മീറ്ററിൽ കല്ലിടാൻ തീരുമാനിച്ചിരിക്കുന്നത്.
താരതമ്യേന കടലാക്രമണം കുറവുള്ള ഭാഗമാണിത്. കഴിഞ്ഞ രണ്ട് വർഷമായി പറഞ്ഞുകേൾക്കുകുന്നതാണ് അണ്ടത്തോട് ബീച്ചിലെ കടൽഭിത്തി നിർമാണം. അതാണിപ്പോൾ 500 മീറ്ററിൽ ഒതുങ്ങുന്നത്. എന്നാൽ, കാപ്പിരിക്കാട് മുതൽ യതീംഖാന ബീച്ചുവരെയുള്ള ഭാഗത്ത് കരിങ്കല്ലിനുപകരം ടെട്രാപോഡ് വിരിക്കാനാണ് ശ്രമമെന്നും അതിനുള്ള പ്രോപ്പോസൽ ഉടൻ നൽകുമെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീറിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

