ചിറ്റണ്ടയിൽ നാട്ടാന പരിപാലന കേന്ദ്രം തുറന്നു
text_fieldsചിറ്റണ്ട ഗണേഷ് ഫോർട്ടിൽ ഗുരുവായൂർ തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും കൊച്ചി ഇൻകം ടാക്സ് ജോയന്റ് കമീഷണർ ജ്യോതിഷ്
മോഹനും ചേർന്ന് ആനയൂട്ട് നടത്തുന്നു
എരുമപ്പെട്ടി: നാട്ടാനകളുടെ ചികിത്സക്കും പരിപാലനത്തിനുമായി എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ടയിൽ ആരംഭിച്ച 'ഗണേഷ് ഫോർട്ട്' ഗുരുവായൂർ ദേവസ്വം ഭരണസമിതി സ്ഥിരാംഗവും തന്ത്രിയുമായ ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഗണേഷ് ഫോർട്ടിൽ ഗുരുവായൂർ കേശവന്റെ പ്രതിമ സ്ഥാപിക്കുന്ന സ്ഥലത്തെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയർമാൻ ഡോ. സുന്ദർ മേനോൻ അധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് ചീഫ് കോഓഡിനേറ്റർ ഡോ. പി.ബി. ഗിരിദാസ് പദ്ധതി വിശദീകരിച്ചു. എലിഫന്റ് സ്ക്വാഡ് ആംബുലൻസ് ഉദ്ഘാടനം എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ ട്രസ്റ്റ് രക്ഷാധികാരി വി.എ. രവീന്ദ്രന് താക്കോൽ നൽകി നിർവഹിച്ചു. കെ.ആർ.സി. മേനോൻ സ്ക്വാഡിനുള്ള ഹെൽത്ത് കാർഡ് വിതരണം ചെയ്തു. ആനയൂട്ട് ഉദ്ഘാടനം ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും കൊച്ചി ആദായ നികുതി ജോയന്റ് കമീഷണർ ജ്യോതിഷ് മോഹനും ചേർന്ന് നിർവഹിച്ചു. 22 ആനകളെ ഊട്ടിന് എത്തിച്ചിരുന്നു.
ജില്ല പഞ്ചായത്തംഗം ജലീൽ ആദൂർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പ രാധാകൃഷ്ണൻ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്തംഗം എം.കെ. ജോസ്, ആന തൊഴിലാളി യൂനിയൻ സംസ്ഥാന സെക്രട്ടറി പി.എം. സുരേഷ്, ട്രസ്റ്റ് അസി. സെക്രട്ടറി കെ. മഹേഷ്, പി.എസ്. രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് ഗണപതി ഹോമം, ഗജപൂജ, പഞ്ചവാദ്യം എന്നിവയും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

