ചിറക്കഴ പാലം ദുര്‍ബലം; പുനര്‍നിര്‍മാണത്തിന് നടപടിയില്ല
text_fieldsദുര്‍ബലാവസ്ഥയിലുള്ള ചിറക്കഴ പാലം
കൊടകര: ബലക്ഷയമുള്ള ചിറക്കഴ പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം എങ്ങുമെത്തിയില്ല. പാലത്തെ താങ്ങിനിര്‍ത്തുന്ന കരിങ്കൽക്കെട്ടുകള് ദുര്‍ബലമായതോടെ ചിറക്കഴപാലം അപകടാവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. ദേശീയപാതയിലെ പേരാമ്പ്രയെയും കനകമലയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് ചിറക്കഴ പാലമുള്ളത്. കനകമലയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ ദേശീയപാതയിലെ പേരാമ്പ്രയിലേക്കെത്തുന്നത് ഈ പാലത്തിലൂടെയാണ്.
ഇരിങ്ങാലക്കുട രൂപതയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ കനകമലയിലേക്ക് തെക്കന്‍ ജില്ലകളില്‍നിന്നുള്ള തീര്ഥാടകരെത്തുന്നതും ഇതുവഴിയാണ്. കനകമല പ്രദേശത്തെ മഠത്തിപ്പാടം, ചിറപ്പാടം എന്നിവയെ വേര്‍തിരിക്കുന്ന ബണ്ടാണ് ഇവിടെ പിന്നീട് റോഡായി മാറിയത്. റോഡ് നിർമാണത്തിന്റെ ഭാഗമായി 1940കളിലാണ് ചിറക്കഴയില് പാലം നിർമിച്ചത്. കൈവരി തകര്‍ന്നിട്ട് വര്‍ഷങ്ങളായ പാലത്തിന്റെ പ്രധാന കോണ്‍ക്രീറ്റ് സ്ലാബും ഇപ്പോള്‍ ദുര്‍ബലമായിട്ടുണ്ട്. സ്ലാബിന്റെ അടിഭാഗത്തുനിന്ന് കോണ്‍ക്രീറ്റ് അടര്‍ന്ന് തുരുമ്പിച്ച കമ്പികള്‍ പുറത്തായി നില്‍ക്കുകയാണ്. സ്ലാബുകൾ താങ്ങിനിര്‍ത്തുന്ന കരിങ്കൽക്കെട്ടും ദുര്‍ബലമാണ്. പാലത്തിനോടുചേര്ന്നു നിർമിച്ച ചീര്‍പ്പില്‍ മരപ്പലകകള്‍ ഇട്ട് വെള്ളം തടഞ്ഞു നിര്‍ത്തിയാണ് ആദ്യകാലത്ത് കൃഷിക്ക് ഉപയോഗിച്ചിരുന്നത്.
പാലത്തില്‍ കൈവരികളില്ലാത്തത് സൈക്കിളില്‍ പോകുന്ന വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ക്ക് അപകട ഭീഷണിയാണ്. ഭാരവാഹനങ്ങള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ ബലക്ഷയമുള്ള പതിറ്റാണ്ടുകളുടെ പഴക്കമുള്ള ചിറക്കഴ പാലം വീതി കൂട്ടി പുനര്‍നിര്‍മിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

