തൃശൂർ സുവോളജിക്കൽ പാർക്ക് 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsതൃശൂർ: പുത്തൂരിലെ വനഭൂമിയിൽ നിർമാണം പൂർത്തിയാക്കിയ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായ ഡിസൈൻ മൃഗശാല ‘തൃശൂർ സുവോളജിക്കൽ പാർക്ക്’ 28ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വനം മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ ഡോ. ആർ. ബിന്ദു, കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, കെ.ബി. ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, മുഹമ്മദ് റിയാസ്, മേയർ എം.കെ. വർഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് തുടങ്ങിയവർ പങ്കെടുക്കും. 2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്താണ് പുത്തൂരിൽ മൃഗശാല നിർമിക്കാനുള്ള നടപടി സ്വീകരിച്ചത്. ചുറ്റുമതിൽ നിർമാണത്തിനും അന്ന് തുടക്കമിട്ടു. കിഫ്ബി സംവിധാനത്തിലൂടെയാണ് സുവോളജിക്കൽ പാർക്ക് നിർമാണത്തിന് രൂപരേഖ തയാറാക്കിയത്.
കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാൻ ഫണ്ടിലെ 40 കോടി രൂപയും ചേർത്ത് 371 കോടി രൂപ ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിനു പുറമെ 17 കോടി രൂപകൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്.
338 ഏക്കറിൽ ലോകത്തെതന്നെ ഏറ്റവും മികച്ച മൃഗശാലയായി മാറാൻ കഴിയും വിധത്തിലാണ് വിവിധ ഘട്ടങ്ങളിലായി തൃശൂർ സുവോളജിക്കൽ പാർക്ക് നിർമിച്ചിരിക്കുന്നത്. സുവോളജിക്കൽ പാർക്ക് പദ്ധതിയിൽ നേരത്തേ ഉൾപ്പെടാത്ത മാൻ സഫാരി പാർക്കുകൂടി പുത്തൂരിൽ നിർമിക്കുകയാണ്. അത് പൂർത്തിയായാൽ തൃശൂരിൽ അവശേഷിക്കുന്ന മുഴുവൻ മാനുകളെയും പുത്തൂരിലേക്ക് കൊണ്ടുവരും. വിവിധ രാജ്യങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ലഭ്യമായ പുതിയ ജീവികളെ എത്തിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
സാംസ്കാരികോത്സവം 25ന് തുടങ്ങും
തൃശൂർ: സുവോളജിക്കൽ പാർക്ക് ഉദ്ഘാടനത്തിന്റെ ഭാഗമായ സാംസ്കാരികോത്സവം ശനിയാഴ്ച ആരംഭിക്കും. ഇതിനു മുന്നോടിയായി പുത്തൂർ ഫൊറോന പള്ളി പരിസരത്തുനിന്ന് വൈകീട്ട് മൂന്നിന് പാർക്കിലേക്ക് സാംസ്കാരിക ഘോഷയാത്ര നടക്കും. സാംസ്കാരികോത്സവം റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
വിവിധങ്ങളായ പരിപാടികൾ പുത്തൂർ ഗ്രാമപഞ്ചായത്തിൽ നടന്നുവരുന്നുണ്ട്. അംഗൻവാടി ജീവനക്കാരുടെ പാചകമത്സരം ‘കിച്ചൺ ഫ്യൂഷൻ’, കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷ്യമേള എന്നിവയുണ്ടാകും. വൈകീട്ട് സാംസ്കാരികോത്സവം ഉദ്ഘാടനത്തിനു ശേഷം സംഗീതനിശ അരങ്ങേറും.
26ന് രാവിലെ 10ന് പുത്തൂർ പഞ്ചായത്തിലെ പ്രതിഭകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ആരംഭിക്കും. വൈകീട്ട് ഏഴിന് പ്രസീത ചാലക്കുടിയുടെ ബാൻഡ് അരങ്ങേറും. 27ന് വൈകീട്ട് നാലിന് കുടുംബശ്രീ, ആശ, അംഗൻവാടി, ഹരിതകർമസേന പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ നടക്കും.
തുടർന്ന് പാട്ടുകൂട്ടം ഫോക് ബാൻഡിന്റെ വയലാർ ഗാനസ്മൃതിയും അരങ്ങേറും. 28ന് ഉദ്ഘാടന ചടങ്ങിനുശേഷം ജയരാജ് വാര്യർ നയിക്കുന്ന ഗാനസന്ധ്യയോടെ പരിപാടികൾക്ക് തിരശ്ശീല വീഴും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

