വീടും സ്ഥലവും ദാനം ചെയ്യണമെന്ന് വിൽപത്രം; ഗൃഹനാഥന്റെ ആഗ്രഹം സഫലമാക്കി കുടുംബം
text_fieldsrepresentational image
ചെറുതുരുത്തി: തന്റെ മരണ ശേഷം 33 സെന്റ് സ്ഥലവും ഓടിട്ട വീടും പാവപ്പെട്ടവർക്ക് നൽകണമെന്ന് വിൽപത്രം എഴുതിവെച്ച ഗൃഹനാഥന്റെ ആഗ്രഹം യാഥാർഥ്യമാക്കി കുടുംബം.
വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ ചെറുതുരുത്തി പൈങ്കുളം റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന സാംബ്രിക്കൽ വീട്ടിൽ പത്മനാഭനാണ് (71) മരണശേഷവും കാരുണ്യം ചൊരിയുന്നത്. 20 ദിവസം മുമ്പാണ് പത്മനാഭൻ ഈ ലോകത്തോട് വിടപറഞ്ഞത്. പ്രവാസ ജീവിതത്തിനിടയിൽ വീടില്ലാതെ ബുദ്ധിമുട്ടുന്നവരെ കണ്ട പത്മനാഭൻ പാവപ്പെട്ടവർക്ക് വീട് വെക്കാൻ വേണ്ടി കുറച്ച് സ്ഥലം നൽകാൻ തീരുമാനിക്കുകയായിരുന്നു.
ലക്ഷക്കണക്കിന് രൂപ മതിപ്പുള്ള 33 സെന്റ് സ്ഥലവും ഒരു ഓടിട്ട വീടും വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിലാണ് ആധാരമാക്കിയിരിക്കുന്നത്. പഞ്ചായത്ത് അധികൃതർ നിശ്ചയിക്കുന്ന നിർധനർക്ക് സ്ഥലം നൽകണമെന്നാണ് വിൽപത്രത്തിലുള്ളത്.
ഭാര്യ വരവൂർ മുളക്കൽ വടക്കൂട്ട് വിജയലക്ഷ്മിയും മകൾ ദിവ്യയും സാക്ഷികളായാണ് കഴിഞ്ഞ ജൂണിൽ മരണപത്രം തയാറാക്കിയത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പഞ്ചായത്തിലെ നിർധന കുടുംബങ്ങൾക്ക് നൽകാനുള്ള രേഖ ബന്ധുക്കൾ വള്ളത്തോൾ നഗർ പഞ്ചായത്തിന് ഔദ്യോഗികമായി മന്ത്രി കെ. രാധാകൃഷ്ണന്റെ മുന്നിൽവെച്ച് വ്യാഴാഴ്ച കൈമാറുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽ ഖാദർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

