ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി; കൃഷി നശിപ്പിച്ചു
text_fieldsമണിമലപറമ്പിൽ ജോർജ് തോമസിന്റെ വീട്ടിലെ മാവിൽനിന്ന്
മാങ്ങ പറിക്കുന്ന കാട്ടാനയുടെ സി.സി.ടി.വി ദൃശ്യം
ചെറുതുരുത്തി: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി തെങ്ങും മാവും വാഴയും നശിപ്പിച്ചു. ജനം ഭീതിയിൽ. മുള്ളൂർക്കര വാഴക്കോട് പെട്രോൾ പമ്പിന് സമീപത്തെ മണിമലപറമ്പിൽ ജോർജ് തോമസിന്റെ വീട്ടുമുറ്റത്താണ് വ്യാഴാഴ്ച പുലർച്ചയോടെ കാട്ടാനയെത്തിയത്.
വീട്ടുമുറ്റത്തെ മാവിൻ കൊമ്പ് ഒടിഞ്ഞുതൂങ്ങിയത് കണ്ടതിനെ തുടർന്ന് വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് കാട്ടാനയെത്തിയ വിവരം അറിയുന്നത്. ജോർജിന്റെ പറമ്പിലെ നാല് തെങ്ങും വാഴയും മാവും കാട്ടാന നശിപ്പിച്ചിട്ടുണ്ട്.
ആദ്യമായാണ് കാട്ടാന ഈ പ്രദേശത്ത് എത്തുന്നതെന്നും ഭീതിയകറ്റാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു. തൃശൂർ-ഷൊർണൂർ ദേശീയ പാതയുടെ തൊട്ടടുത്താണ് കാട്ടാനയെത്തിയത് എന്നതിനാൽ യാത്രക്കാരും നാട്ടുകാരും ഭീതിയിലാണ്. അകമല പ്രദേശത്തും കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.

